ADVERTISEMENT

‘ഇന്ത്യൻ’ എന്ന ചിത്രത്തിനു വേണ്ടി എ.ആർ.റഹ്മാൻ ചിട്ടപ്പെടുത്തിയ പാട്ട് തനിക്ക് ഇഷ്ടമല്ലായിരുന്നു എന്നു തുറന്നു പറഞ്ഞ് കമൽ ഹാസൻ. എസ്.ശങ്കറിന്റെ സംവിധാനത്തിൽ 1996–ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമാണ് ‘ഇന്ത്യൻ’. ചിത്രത്തിലെ പാട്ട് ഇഷ്ടമായില്ല എന്ന കാര്യം സംവിധായകനെ അറിയിച്ചിരുന്നുവെന്നും കമൽ ഹാസൻ വെളിപ്പെടുത്തി. 

 

കഴിഞ്ഞ ദിവസം എ.ആർ.റഹ്മാനും കമൽ ഹാസനും  ഒരുമിച്ച് സമൂഹമാധ്യമത്തിലൂടെ ആരാധകരോടു സംവദിക്കാനെത്തിയിരുന്നു. അപ്പോഴാണ് പഴയകാല ചിത്രത്തിന്റെ ഓർമകൾ താരം പങ്കുവച്ചത്. ‘ഇന്ത്യൻ എന്ന ചിത്രത്തിലെ ‘കപ്പലേറി പോയാച്ച്’ എന്ന പാട്ട് എനിക്ക് ഇഷ്ടമായില്ല. അതിക്കുറിച്ചുള്ള അതൃപ്തി അപ്പോൾ തന്നെ ഞാൻ ശങ്കറിനോടു പറഞ്ഞു. എന്നാൽ ശങ്കർ അതു കാര്യമായി എടുത്തില്ല. അവസാന ഔട്ട് പുട്ട് പുറത്തിറങ്ങിയപ്പോൾ ഞാൻ അമ്പരന്നു. എന്റെ അഭിപ്രായം പാടേ മാറി’.– കമൽ ഹാസൻ പറഞ്ഞു.  

 

ഒരു മണിക്കൂറോളം ദൈർഘ്യമുള്ള ലൈവിനിടെ എ.ആർ.റഹ്മാനും കമൽ ഹാസനും സംഗീതത്തെയും സിനിമയെയും ജീവിതത്തെയും കുറിച്ചുള്ള കാര്യങ്ങൾ വിശദീകരിച്ചു. ഇന്ത്യൻ എന്ന ചിത്രത്തിനു പുറമേ കമൽ ഹാസന്റെ ‘തെനാലി’ക്കു വേണ്ടിയും എ.ആർ.റഹ്മാൻ സംഗീതം ഒരുക്കിയിട്ടുണ്ട്. 

 

ഇപ്പോൾ പത്തൊമ്പതു വർഷങ്ങള്‍ക്കു ശേഷം കമൽ ഹാസനും എ.ആർ.റഹ്മാനും സിനിമയ്ക്കു വേണ്ടി ഒരുമിക്കുകയാണ്. ‘തലൈവൻ ഇരുക്കിൻഡ്രാൻ’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരുടെയും കൂടിച്ചേരൽ. ചിത്രത്തിലെ രണ്ടു പാട്ടുകൾ എ.ആർ.റഹ്മാൻ ഇതിനോടകം ചിട്ടപ്പെടുത്തിക്കഴിഞ്ഞു. ലൈവിനിടെ ചിത്രത്തിനു വേണ്ടി റഹ്മാന്‍ ഒരുക്കിയ ഒരു പാട്ടിനെക്കുറിച്ച് കമൽ ഹാസൻ വാചാലനായി. 

 

റഹ്മാന്റെ പാട്ടുകളിൽ തനിക്കേറ്റവും പ്രിയം തോന്നിയ പാട്ട് ഇപ്പോൾ ‘തലൈവൻ ഇരുക്കിൻഡ്രാൻ’ എന്ന ചിത്രത്തിനു വേണ്ടി ഒരുക്കിയതാണെന്നും അത്തരത്തിലൊരു പാട്ട് ഇതിനു മുൻപൊരിക്കലും കേട്ടിട്ടില്ല എന്നും താരം തുറന്നു പറഞ്ഞു. ആ പാട്ട് തന്റെ സിനിമയ്ക്കു വേണ്ടി ചിട്ടപ്പെടുത്തിയില്ലായിരുന്നുവെങ്കിൽ തീർച്ചയായും തനിക്കത് വലിയ നഷ്ടമാകുമാകുമായിരുന്നുവെന്നും കമൽ ഹാസൻ കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com