നന്ദി ആരോടു ഞാന്‍ ചൊല്ലേണ്ടു? എഴുതിയ പാട്ടുകള്‍ ഹിറ്റ്; പക്ഷേ പാട്ടോളം ഹിറ്റായില്ല കോന്നിയൂര്‍ ഭാസ്

konniyoor-bhas
SHARE

മോഹം പൂക്കുന്നനാള്‍ മധു തേടി പോകാന്‍ കൊതിച്ച പാട്ടെഴുത്തുകാരന്‍. മനസില്‍ മുഴുവന്‍ അടങ്ങാത്ത വേദനയുമായി നന്ദി ആരോടു ഞാന്‍ ചൊല്ലേണ്ടു എന്നു പാടിയ ഒരാള്‍. നൊമ്പരത്തിന്റെ കണ്ണുനീരില്‍ അലിഞ്ഞ് നിരാശയുടെ ചിറകില്‍ മരണത്തിനൊപ്പം യാത്രയായപ്പോഴും ഓര്‍ക്കുവാന്‍ ബാക്കിയായി ഇന്നും ഇത്തിരി ഗാനങ്ങള്‍. കവിതയുടെ മാധുര്യം നിറഞ്ഞ വാക്കുകള്‍ കോര്‍ത്ത പാട്ടുകളായിരുന്നു എ. എന്‍. ചന്ദ്രഭാസ് എന്ന കോന്നിയൂര്‍ ഭാസിന്റെ ഓരോ സിനിമ ഗാനങ്ങളും. സംസ്‌കൃത പദങ്ങളെ മുഷിപ്പിക്കാത്തവിധം ചേര്‍ത്തത് ഭാസിന്റെ പാട്ടുകളുടെ മേന്‍മയായി. സിനിമ സംഗീതത്തിന്റെ സുവര്‍ണകാലത്ത് പാട്ടുകളെഴുതിയ ഭാസിന്റെ ഗാനങ്ങള്‍ മൂളിപ്പാട്ടായെങ്കിലും പാടാത്ത മലയാളിയുണ്ടാകില്ല. അക്ഷരങ്ങള്‍ മാത്രം ജീവിതമായി കണ്ട ഭാസിന് ആദ്യ ഹിറ്റുണ്ടാകാന്‍ വേണ്ടി വന്നത് വലിയ കാത്തിരിപ്പ്. പിന്നീട് തുടര്‍ച്ചയായി ഹിറ്റുകളുണ്ടായിട്ടും  സംഭവിച്ചത് നീണ്ട ഇടവേള. തുടര്‍ന്നു വന്നത് ഭാസിന്റെ സംഗീത ജീവിതത്തിലെ തന്നെ മികച്ച ഗാനങ്ങള്‍. അപ്പോഴേക്കും പലരും ഭാസിനെ മറന്നെന്ന അവസ്ഥ. പാട്ടുകള്‍ തിരിച്ചറിയുമ്പോഴും പാട്ടെഴുത്തുകാരനെ പലരും അറിയാതെ പോയി. ഭാസിലെ എഴുത്തുകാരനെ മാനസികമായി കുറച്ചൊന്നുമല്ല ഇത് തളര്‍ത്തിയത്. നിരാശയുടെയും നഷ്ടങ്ങളുടെയും അക്ഷരങ്ങളായി പിന്നീട് ഭാസിന്റെ ജീവിതം. ഒരു കലാകാരന്റെ ജീവിതത്തിലെ അപൂര്‍വമായ വിധിയിലൂടെ കടന്നുപോയതായിരുന്നു കോന്നിയൂര്‍ ഭാസിന്റെ ജീവിതം. ശേഷം കാഴ്ചയിലെ മോഹം കൊണ്ടു ഞാന്‍, കണ്ണുകളില്‍ പൂവിരിയും, കാര്യം നിസാരത്തിലെ കണ്‍മണി പൊന്‍മണിയെ, അഹത്തിലെ നന്ദി ആരോടു ഞാന്‍ ചൊല്ലേണ്ടു, കളിപ്പാട്ടത്തിലെ മൊഴിയഴകും മിഴിയഴകും എന്നിങ്ങനെ ഭാസിന്റെ പാട്ടുകളുടെ എണ്ണം നീളുന്നു.

ഹൈസ്‌കൂള്‍ പഠനത്തിനു ശേഷം സംസ്‌കൃതം പഠിച്ചു. ഇക്കാലയളവില്‍ തന്നെ കവിതകളെഴുതി തുടങ്ങി. യൗവനകാലത്ത് ആകാശവാണിയില്‍ നിരവധി പാട്ടുകളെഴുതി. അഞ്ഞൂറിലധികം നാടകഗാനങ്ങളും ഭാസിന്റേതായി വേദികളില്‍ മുഴങ്ങി. ഇതിനിടയില്‍ ജീവിതവഴി തേടി മാധ്യമ പ്രവര്‍ത്തകനായി എത്തി. കുങ്കുമം ഗ്രൂപ്പിന്റെ പ്രസിദ്ധീകരണങ്ങളില്‍ റിപ്പോര്‍ട്ടറായും പ്രൂഫ് റീഡറായുമൊക്കെ പ്രവര്‍ത്തിച്ചു. ബാലചന്ദ്രമേനോന്‍, വേണു നാഗവള്ളി, രാജീവ്‌നാഥ് എന്നിവര്‍ക്കൊപ്പം സംവിധാന സഹായിയായി ക്യാമറയ്ക്ക് പിന്നിലും കോന്നിയൂര്‍ ഭാസിന്റെ സാന്നിധ്യം എത്തി.

1975ല്‍ പുറത്തിറങ്ങിയ ചന്ദനച്ചോല എന്ന ചിത്രത്തിലെ കെ. ജെ. ജോയ്‌യുടെ സംഗീതത്തില്‍ ലവ്‌ലി ഈവനിംഗ് എന്നു തുടങ്ങുന്ന ഗാനമെഴുതിയായിരുന്നു കോന്നിയൂര്‍ ഭാസിന്റെ തുടക്കം. വാണി ജയറാമായിരുന്നു ഈ ഗാനം ആലപിച്ചത്. സിനിമാപാട്ടഴുതാന്‍ കൊതിച്ച ഭാസിന്റെ ജീവിതത്തിന് ഇത് പുതിയ പ്രതീക്ഷകളേകി. സിനിമാപാട്ടിലൂടെ തന്റെ ദുരിതപൂര്‍ണമായ ജീവിതത്തിന് പുതിയ തുടക്കം കുറിക്കുമെന്നതായിരുന്നു പ്രതീക്ഷ.

ആര്‍ക്കും ഇഷ്ടം തോന്നുന്ന ഒരാള്‍, അക്ഷരങ്ങളായിരുന്നു എന്നും ഭാസിന്റെ ലോകം, ഭാസിന്റെ ബാല്യകാല സുഹൃത്തും ഗാനരചയിതാവുമായ കോന്നിയൂര്‍ ബാലചന്ദ്രന്‍ പഴയ കൂട്ടുകാരനെ ഓര്‍ത്തെടുത്തു. കേരളശബ്ദത്തില്‍ ഞാനൊരു കവിത എഴുതി അയച്ച ശേഷം എനിക്കൊരു ദിവസം കോന്നിയൂര്‍ ഭാസിന്റെ കത്തു വന്നു. കേരളശബ്ദത്തില്‍ ജോലി ചെയ്യുന്ന ഭാസ് അവിടെ നിന്നും എന്റെ വിലാസം കണ്ടെത്തിയാണ് കത്തയച്ചിരിക്കുന്നത്. ചെറുപ്പത്തില്‍ തന്നെ കോന്നി വിട്ടു തിരുവനന്തപുരത്തേക്കു ചേക്കേറിയ ഭാസ് നാളുകള്‍ക്കു ശേഷം കത്തെഴുതിയതിനും ഒരു കാരണമുണ്ടായിരുന്നു. കത്തില്‍ നിറയെ ചന്ദനച്ചോല എന്ന സിനിമയില്‍ ഗാനങ്ങളെഴുതിയതിലുള്ള സന്തോഷമായിരുന്നു. കോന്നിയിലെ എല്ലാ കൂട്ടുകാരോടും തന്റെ പുതിയ വിശേഷം അറിയിക്കാനും കത്തിലൂടെ പറഞ്ഞു. ഭാസ് അത്രത്തോളം കാത്തിരുന്നു കിട്ടിയ അവസരമായിരുന്നു അത്. കോന്നിയൂര്‍ ബാലചന്ദ്രന്‍ പഴയ കൂട്ടുകാരെനെക്കുറിച്ച് വാചാലനായി.

തുടര്‍ന്ന് 1976ല്‍ പുറത്തിറങ്ങിയ സിന്ദൂരത്തിലെ വൈശാഖയാമിനി വിരുന്നു വന്നു, വാസന്തസന്ധ്യകള്‍ നിറം ചൊരിഞ്ഞു എന്നീ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയത് എ. ടി. ഉമ്മറായിരുന്നു.

എം. കെ. അര്‍ജുനനൊപ്പം ആള്‍മാറാട്ടം, അവളുടെ പ്രതികരണം എന്നീ ചിത്രങ്ങള്‍ക്കും ഗാനങ്ങള്‍ എഴുതി.

പ്രകൃതി പ്രഭാമയി

പ്രപഞ്ചസൗന്ദര്യമാവാഹിക്കും

പ്രണവമന്ത്രം നീ

പ്രകൃതിയേ അത്രമേല്‍ വരികളില്‍ ചേര്‍ത്ത ഗാനം. വെള്ളിമേഘങ്ങള്‍ വെഞ്ചാമരം വീശുന്ന പൊന്നിന്‍ പ്രഭാതങ്ങളും, വെണ്‍ചന്ദ്രലേഖകള്‍ മഞ്ഞില്‍ നീരാടുന്ന യാമിനീയാമങ്ങളും എന്നു ഭാസ് എഴുതിയത് പ്രകൃതിയുടെ സൗന്ദര്യധാരയില്‍ നീന്തി തുടിക്കുവാനുള്ള കൊതിയോടെയായിരുന്നു. ഇതും ഒരു ജീവിതം എന്ന ചിത്രത്തിനുവേണ്ടി ആര്‍. സോമശേഖരന്റെ സംഗീതത്തില്‍ പിറന്ന ഈ ഗാനം ആലപിച്ചത് യേശുദാസായിരുന്നു.

ദേവീ അംബികേ, മഹത് ദര്‍ശനം തരൂ ജഗദംബേ

എന്നും ആറ്റുകാല്‍ വാഴും അമ്മേ....

ആറ്റുകാലമ്മയോടുള്ള ഭക്തി നിറഞ്ഞ ഗാനമായിരുന്നു ശ്രീദേവി ദര്‍ശനത്തില്‍ ജി. ദേവരാജന്റെ സംഗീതത്തില്‍ പിറന്ന ഈ ഗാനം. ആയിരം കലത്തില്‍ പൊങ്കാല, പതിനായിരം മനസില്‍ തുടിക്കുന്നു നീ എന്നിങ്ങനെയുള്ള ഭക്തിരസപ്രദാനമായ വരികള്‍ എല്ലാകാലത്തും അമ്മയുടെ ഭക്തര്‍ക്ക് പ്രിയങ്കരമായി.

മോഹം കൊണ്ടു ഞാന്‍ ദൂരെയേതോ

ഈണം പൂത്തനാള്‍

മധു തേടിപ്പോയി

നീളേ താഴേ തളിരാര്‍ന്നു പൂവനങ്ങള്‍...

 കോന്നിയൂര്‍ ഭാസിന് സായൂജ്യം നല്‍കിയ ആദ്യ ഗാനം എന്ന് ഈ ഗാനത്തെ വിശേഷിപ്പിക്കാം. 1983ല്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ശേഷം കാഴ്ചയില്‍ എന്ന ചിത്രത്തിലെ ഗാനങ്ങളൊരുക്കിയത് ജോണ്‍സണായിരുന്നു. ഭാസിന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞ് തനിക്കിതൊരു പുതിയ തുടക്കമാകട്ടെ എന്ന് ജോണ്‍സണും ആശംസിച്ചു. ചിത്രത്തിലെ ഗാനങ്ങളെല്ലാം ഹിറ്റായതോടെ കോന്നിയൂര്‍ ഭാസും ശ്രദ്ധിക്കപ്പെട്ടു. ഇതിന് മുന്‍പ് ചില ചിത്രങ്ങളില്‍ ഗാനങ്ങള്‍ എഴുതിയെങ്കിലും ആദ്യ സൂപ്പര്‍ ഹിറ്റ് ബാലചന്ദ്രമേനോന്‍ ചിത്രത്തിലെ ഈ ഗാനം തന്നെയായിരുന്നു. ജാനകിയും പി. ജയചന്ദ്രനും ഈ ഗാനം ആലപിച്ചിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകരായി ഇരുന്ന കാലം മുതലുള്ള സൗഹൃദത്തെ തുടര്‍ന്നാണ് ബാലചന്ദ്രമേനോന്‍ ഭാസിന് ഈ അവസരം നല്‍കുന്നത്.

നാനായില്‍ മദ്രാസിലെ റിപ്പോര്‍ട്ടറായി ബാലചന്ദ്രമേനോന്‍ ജോലി ചെയ്യുന്ന കാലം. തിരുവനന്തപുരം ഓഫിസില്‍ പ്രൂഫ് റീഡറായി അന്ന് ജോലി നോക്കുകയാണ് കോന്നിയൂര്‍ ഭാസ്. വാര്‍ത്തകളുമായി ബന്ധപ്പെട്ട് പലപ്പോഴും ഇടപെടേണ്ടി വന്നതോടെ ബാലചന്ദ്രമേനോനും ഭാസും തമ്മില്‍ ഒരു സൗഹൃദാന്തരീക്ഷം ഉടലെടുത്തു. പിന്നീട് ഭാസിന്റെ രചനകള്‍ ശ്രദ്ധിയ്ക്കാന്‍ തുടങ്ങിയതോടെ ആ ഇഷ്ടം മേനോന് കൂടി വന്നു. സൗമ്യനായ മനുഷ്യന്‍. ആനുകാലികങ്ങളില്‍ വരുന്ന കോന്നിയൂര്‍ ഭാസിന്റെ കവിതകള്‍ പത്രാധിപരായിരുന്ന തോപ്പില്‍ രാമചന്ദ്രപിള്ള ഉറക്കെ വായിക്കുമായിരുന്നു. അതോടെ എന്റെ സിനിമയില്‍ ഭാസിന് ഒരവസരം നല്‍കാന്‍ ഞാന്‍ തീരുമാനിച്ചു. പാട്ടെഴുതി വന്നപ്പോഴും എന്റെ തീരുമാനം തെറ്റിയില്ലെന്ന് എനിക്കുറപ്പായി. ബാലചന്ദ്രമേനോന്‍ ഭാസിനെ ഓര്‍ത്തെടുത്തു.

കണ്ണുകളില്‍ പൂവിരിയും കവിതപോലെ നിന്നു

എന്റെ പൊന്‍കിനാവേ നീ മണിത്തംബുരു മീട്ടി

യേശുദാസും എസ്. ജാനകിയും ചേര്‍ന്നാലപിച്ച ഈ ഗാനവും സൂപ്പര്‍ ഹിറ്റായിരുന്നു. പ്രണയത്തിന്റെ ഭാവതലങ്ങളിലേക്കു സഞ്ചരിച്ച ഈ ഗാനമായിരുന്നു കോന്നിയൂര്‍ ഭാസിന് ഏറെ പ്രിയപ്പെട്ടത്. ചിത്രത്തോടൊപ്പം ഗാനവും ഹിറ്റായതോടെ തന്റെ നല്ലകാലം ഭാസ് നെയ്തു തുടങ്ങി.

കണ്‍മണി പൊന്‍മണിയേ കാര്‍ത്തികപ്പൊന്‍ കണിയേ

താരോ തളിരോ ആരാരോ.....

ഓമനത്വം നിറഞ്ഞ വരികള്‍കൊണ്ട് സമ്പൂഷ്ടമായ ഗാനം. വാല്‍സല്യത്തിന്റെ എല്ലാ ഭാവങ്ങളും ഈ ഗാനത്തില്‍ നിറഞ്ഞൊഴുകി. ഭാസിന്റെ പാട്ടുകളില്‍ വന്നു പോകുന്ന സംസ്‌കൃത പദങ്ങളുടെ സ്വാധീനം ഈ പാട്ടില്‍ ലവലേശം ഇല്ലെന്ന് തീര്‍ത്തു പറയാം.

1983ല്‍ പുറത്തിറങ്ങിയ ബാലചന്ദ്രമേനോന്‍ ചിത്രമായ കാര്യം നിസാരത്തിലെ ഗാനങ്ങളുടെ സംഗീതം കണ്ണൂര്‍ രാജനായിരുന്നു. യേശുദാസായിരുന്നു ഈ ഗാനം ആലപിച്ചത്. ബാലചന്ദ്രമേനോന്‍ പാടി അഭിനയിച്ച ഗാനങ്ങളില്‍ മലയാളിയുടെ മനസില്‍ ഇന്നും പ്രഥമസ്ഥാനത്ത് ഈ ഗാനമുണ്ട്.

ചിത്രത്തില്‍ യേശുദാസും എസ്. ജാനകിയും ചേര്‍ന്നാലപിച്ച താളം ശ്രുതിലയ താളം രാഗം അനുപമ രാഗം എന്ന ഗാനവും ശ്രദ്ധേയമായി. ഗാനങ്ങള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയതോടെ കൂടുതല്‍ പുതിയ അവസരങ്ങള്‍ തേടി വരുമെന്ന പ്രതീക്ഷയിലായി കോന്നിയൂര്‍ ഭാസ്. അപ്പോഴും പ്രതിസന്ധികള്‍ നിറഞ്ഞ ജീവിതമായിരുന്നു ഭാസിന്. വരുമാനം വലിയ പ്രശ്‌നമായതോടെ ബാലചന്ദ്രമേനോന്‍ അവിടെയും ദൈവദൂതനായി. ഭാസിന്റെ കൈയക്ഷരത്തിലെ ഭംഗി കൊണ്ട് ബാലചന്ദ്രമേനോന്‍ തന്റെ ചിത്രങ്ങളില്‍ സംവിധാന സഹായിയാക്കി. ബാലചന്ദ്രമേനോന്‍ എഴുതുന്ന തിരക്കഥകള്‍ പകര്‍ത്തി എഴുതുന്ന ജോലിയായിരുന്നു ഭാസിന് ആദ്യം.

കൂടുതല്‍ അവസരങ്ങള്‍ക്കായി കാത്തിരുന്ന ഭാസിന് എന്നാല്‍ കാലം കാത്തുവച്ച വിധി അതായിരുന്നില്ല. ശേഷം കാഴ്ചയില്‍, കാര്യം നിസാരം എന്നീ ചിത്രങ്ങളിലെ ഹിറ്റുഗാനങ്ങളുടെ വെളിച്ചത്തില്‍ പുതിയ അവസരങ്ങള്‍ തേടി എത്തുമെന്ന പ്രതീക്ഷ താളം തെറ്റി. ദര്‍ശന്‍ രാമനൊപ്പം സൂര്യനെ സ്‌നേഹിച്ച പെണ്‍കുട്ടി എന്ന ചിത്രത്തില്‍ പാട്ടുകളെഴുതി എങ്കിലും പിന്നീടങ്ങോട്ട് നേരിടേണ്ടി വന്നത് വലിയ ഇടവേള.

1991ല്‍ രവീന്ദ്രന്റെ സംഗീതത്തില്‍ പുറത്തിറങ്ങിയ കിഴക്കുണരുംപക്ഷിയില്‍ അരുണ കിരണം അണിയം ഉദയം എന്ന പാട്ടു പിറന്നത് ഭാസിലൂടെയായിരുന്നു. ഭാസിന് താല്‍ക്കാലിക ആശ്വാസം തന്നെയായിരുന്നു ഈ ഗാനം.

നന്ദി ആരോടു ഞാന്‍ ചൊല്ലേണ്ടു

ഭൂമിയില്‍ വന്ന് അവതാരം എടുക്കാന്‍ എനിക്കന്നു

പാതിമെയ് ആയ പിതാവിനോ പിന്നതില്‍

പാതിമെയ് ആയ മാതാവിനോ....

കടന്നു പോയ കാലങ്ങളുടെ നിശബ്ദതകള്‍ക്കുമേല്‍ കോന്നിയൂര്‍ ഭാസ് സ്വയം അടയാളപ്പെടുത്തിയ ഗാനമായിരുന്നു അഹത്തിലെ രവീന്ദ്ര സംഗീതത്തില്‍ പിറന്ന നന്ദി ആരോടു ഞാന്‍ ചൊല്ലേണ്ടു എന്നഗാനം. യേശുദാസിന്റെ ശബ്ദഗാംഭീര്യത്തിലും ഭാസിന്റെ വരികള്‍ ആസ്വാദക ഹൃദയങ്ങളില്‍ പതിഞ്ഞു. മലയാളി ഇന്നും കവിതപോല്‍ ഹൃദയത്തിലേറ്റിയ സിനിമ ഗാനം. നന്ദി കെട്ട ലോകത്തിനോട് നന്ദി ആരോടു ഞാന്‍ ചൊല്ലേണ്ടു എന്ന് ഭാസ് എഴുതിയതോടെ മലയാളി ഏറ്റു ചൊല്ലി.

പാട്ടു ഹിറ്റായപ്പോഴും പാട്ടോളം പേര് ഭാസിനു കിട്ടിയില്ല. പാട്ടെഴുത്തില്‍ വീണ ഇടവേളയില്‍ പലരും തന്നെ മറന്നോ എന്നു പോലും ഭാസ് ഭയന്നു. ഈ ഗാനം എഴുതിയത് ഒ.എന്‍.വിയാണെന്നും അഹത്തിലെ മറ്റു ഗാനങ്ങളെഴുതിയ കാവാലമാണെന്നും ചിലര്‍ പറഞ്ഞു. പലയിടത്തും ഗാനരചന എന്ന പേരില്‍ ഭാസിന്റെ പേര് മായ്ക്കപ്പെട്ടതോടെ അദ്ദേഹം കൂടുതല്‍ നിരാശനായി. ഏറെ പ്രതീക്ഷയോടെ എഴുതിയ ഈ പാട്ടിന് തനിക്ക് വേണ്ടത്ര അംഗീകാരം കിട്ടിയില്ലെന്ന് ഭാസ് ഇടയ്ക്കിടെ പറയുമായിരുന്നു. ഇതോടെ വലിയ നിരാശയിലായിരുന്നു ഭാസ.് ബാലചന്ദ്രമേനോന്‍ ഭാസിന്റെ അക്കാലം ഓര്‍ത്തു പറയുന്നു.

മനസിന്റെ താളം അപശ്രുതി മീട്ടിയതോടെ അത് ശരീരത്തിലേക്കും പടര്‍ന്നു. നിത്യരോഗിയായ ഭാസ് തന്റെ ദിവസങ്ങള്‍ എണ്ണി കഴിയുന്ന അവസ്ഥയിലെത്തി. നന്ദി ആരോടു ഞാന്‍ ചൊല്ലേണ്ടു എന്ന ഭാസിന്റെ കവിതാസമാഹാരത്തിന്റെ പ്രസാധകക്കുറിപ്പില്‍ രൂപ ബുക്ക് ക്ലബ് പ്രസാധകന്‍ എ. അയ്യപ്പന്‍ നായര്‍ ഇങ്ങനെ കുറിച്ചു, താനെഴുതിയ കവിതകളുടെ കുറേ കയ്യെഴുത്തുപ്രതികളും ചില ആനുകാലികങ്ങളിലെ കട്ടിംഗുകളും എന്നെ ഏല്‍പിച്ചിട്ടു പറഞ്ഞു, ഞാനിനി എത്ര കാലത്തേക്കെന്നറിയില്ല. എനിക്കവസാനമായി ഒരാഗ്രഹമുണ്ട്. എന്റെ ഈ കവിതകളെല്ലാം ഒന്നുചേര്‍ത്ത് പുസ്തകമാക്കാന്‍ സഹായിക്കണം. അത് വേണമെന്ന് അന്ന് തോന്നിയില്ലെങ്കിലും എന്തെങ്കിലും ചെയ്യാന്‍ എനിക്കു കഴിഞ്ഞില്ല. അതിനു ശേഷമാണ് അഹം എന്ന ചിത്രത്തിലെ നന്ദി ആരോടു ഞാന്‍ ചൊല്ലേണ്ടു എന്ന ഗാനം പ്രശസ്തിയിലേക്കു കോന്നിയൂരിനെ കൊണ്ടെത്തിച്ചത്.

മൊഴിയഴകും മിഴിയഴകും

എന്നിലണിഞ്ഞമ്മാ,

താരാട്ടിന്‍ രാരീരം മനസിന്നീണമായ്

രവീന്ദ്രനുമൊത്തുള്ള ഹിറ്റുകളുടെ തുടര്‍ച്ചയായിരുന്നു കളിപ്പാട്ടത്തില്‍ ചിത്ര ആലപിച്ച ഈ ഗാനം. തന്റെ പാട്ടുകള്‍ ഹിറ്റാകുന്നതിലുള്ള സന്തോഷം അപ്പോഴും അദ്ദേഹം മറച്ചുവച്ചില്ല. പാട്ടെഴുത്തില്‍ ഇനിയും സജീവമാകണമെന്ന ആഗ്രഹത്തോടെ നീങ്ങുമ്പോഴായിരുന്നു അവിചാരിതമായി മരണം കൂട്ടെത്തുന്നത്. എഴുതിതീരാത്ത കവിതപോല്‍ മഷി ബാക്കിയാക്കിയ പേനയുമായി ഭാസ് വിടവാങ്ങി. എല്ലാവരോടും നന്ദി ചൊല്ലി...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA