ADVERTISEMENT

ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷത്തെക്കുറിച്ച് മനസു തുറന്ന് യുവഗായകൻ വിധു പ്രതാപ്. മഴവിൽ മനോരമയുടെ ‘സ്നേഹത്തോടെ വീട്ടിൽ നിന്ന്’ എന്ന പ്രത്യേക പരിപാടിയിലാണ് വിധു പ്രതാപ് മറക്കാനാവാത്ത ജീവിതാനുഭവങ്ങൾ പ്രേക്ഷകരോടു പങ്കുവച്ചത്. സംഗീതകുലപതി ദേവരാജൻ മാസ്റ്ററിനൊപ്പം വിധു പ്രതാപ് ഏതാനും വർഷം ജോലി ചെയ്തിട്ടുണ്ട്. അക്കാലത്ത് ഒരു ദിവസം അർജുനൻ മാസ്റ്റർ അദ്ദേഹത്തെ കാണാൻ വന്നപ്പോഴുണ്ടായ അനുഭവമാണ് വിധു പങ്കുവച്ചത്. മഹാരഥന്മാരെ കാണാൻ സാധിച്ചതു പോലും ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമായിക്കാണുന്നു എന്ന് ഗായകൻ പറയുന്നു. ഓർമകൾ പങ്കുവച്ചതിനു ശേഷം ഇതൊരിക്കലും തള്ളല്ല സത്യമാണ് എന്നു സരസമായി വിധു പറഞ്ഞതും പ്രേക്ഷകർക്ക് ചിരിക്കാഴ്ചയായി. 

 

വിധു പ്രതാപിന്റെ വാക്കുകൾ:

 

‘ഞാൻ ദേവരാജൻ മാസ്റ്ററിന്റെ കൂടെ മൂന്നു വർഷത്തോളം ജോലി ചെയ്തിട്ടുണ്ട്. എന്റെ ജീവിതത്തിലെ സുവർണ കാലഘട്ടം എന്നാണ് ഞാൻ അതിനെ വിശേഷിപ്പിക്കുന്നത്. അത് ഒരു ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായം പോലെയായിരുന്നു. അന്നു ഞാൻ കോളജിൽ പഠിക്കുകയായിരുന്നു. ക്ലാസ് കഴിഞ്ഞു വന്ന് ആഹാരം കഴിച്ചതിനു ശേഷം നേരെ മാസ്റ്ററിന്റെ വീട്ടിലേക്കു പോകും. അതായിരുന്നു പതിവ്. കരമനയിലാണ് മാസ്റ്റർ താമസിച്ചിരുന്നത്. അത് മാസ്റ്റിന്റെ സ്വന്തം വീടല്ല വാടക വീടായിരുന്നു. അവിടെ മാസ്റ്റർ മുകളിലത്തെ നിലയിലായിരുന്നു താമസം. 

 

പതിവു പോലെ ഒരു ദിവസം ഞാൻ ക്ലാസു കഴിഞ്ഞ് മാസ്റ്റിന്റെ വീട്ടിലേയ്ക്കു കയറിച്ചെന്നപ്പോൾ അവിടെ പുറത്ത് ഒരാളുടെ ചെരുപ്പ് കണ്ടു. അന്ന് മാസ്റ്ററിന്റെ അതിഥിയായി ആരോ വന്നിട്ടുണ്ടെന്ന് എനിക്കു മനസിലായി. വീടിന്റെ ഉള്ളിലേയ്ക്കു കയറിയപ്പോൾ അർജുനൻ മാസ്റ്റർ അവിടെയിരിക്കുന്ന കാഴ്ചയാണു ഞാൻ കണ്ടത്. ആ നിമിഷം മരിക്കുവോളം എനിക്കു മറക്കാനാവില്ല. ദേവരാജൻ മാസ്റ്ററിനെ കാണാൻ പ്രമുഖരായ പല വ്യക്തികളും വരാറുണ്ടായിരുന്നു. ഞാനൊരു ഗായകൻ ആയതു കൊണ്ടായിരിക്കാം അർജുനൻ മാസ്റ്ററിനെ പോലെ പ്രശസ്തനായ സംഗീതസംവിധായകനെ നേരിൽ കണ്ടപ്പോൾ എനിക്ക് അത്യധികം സന്തോഷവും ആശ്ചര്യവുമെല്ലാം തോന്നിയത്. ആരാധ്യപുരുഷനെ നേരിൽ കണ്ട സന്തോഷമായിരുന്നു എനിക്ക്. അന്നു ഞാൻ അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങി അകത്തേയ്ക്കു കയറിപ്പോയി. അന്ന് അവർ തമ്മിൽ ഒരുപാട് നേരം സംസാരിച്ചിരുന്നു. 

 

അർജുനൻ മാസ്റ്റർ തിരിച്ചു പൊകാൻ തുടങ്ങിയപ്പോൾ ദേവരാജൻ മാസ്റ്റർ എന്നെ വിളിച്ചു. ഞാൻ അവിടേയ്ക്ക് ചെന്നപ്പോൾ അദ്ദേഹം എന്നോടു ചോദിച്ചു, നിനക്കിതാരാണെന്നു മനസിലായിക്കാണുമല്ലോ എന്ന്. പിന്നെ മാഷ് എന്നെ ചൂണ്ടി അർജുനൻ മാഷിനോടു പറഞ്ഞു. ‘ഇവന്റെ പേര് വിധു. ഇവൻ നല്ലൊരു പാട്ടുകാരനാണ്.’ അതു കേട്ടപ്പോൾ തന്നെ എന്റെ മനസു നിറഞ്ഞു. കാരണം ദേവരാജൻ മാഷാണല്ലോ പറയുന്നത്. അതിനു ശേഷം അദ്ദേഹം പറഞ്ഞു, വിചാരിച്ചാൽ വളരെ നന്നായി പാടാൻ സാധിക്കുന്ന ഒരുത്തനാണെന്ന്. ആ വാക്കുകൾ കേട്ടപ്പോൾ ഞാൻ അനുഭവിച്ച സന്തോഷത്തെക്കുറിച്ച് എനിക്കു വർണിക്കാനാവില്ല. സന്തോഷം കൊണ്ട് പറന്നു മുകളിലേയ്ക്കു പോകുന്നതു പോലെ എനിക്കു തോന്നി. ഇതിനെ ആരും തള്ളായിട്ട് കാണരുത്. ഇത് സത്യമാണ്. 

 

ആ നിമിഷങ്ങളെല്ലാം ഇന്നലെ കഴിഞ്ഞതു പോലെ എനിക്കു തോന്നുന്നു. ദേവരാജൻ മാസ്റ്ററും അർജുനൻ മാസ്റ്റും സംസാരിച്ചു നിൽക്കുന്നതും ആ വീടും എല്ലാം ഞാൻ കൃത്യമായി ഓർമിക്കുന്നു. അവർ ഇരുന്ന ആ മുറി വളരെ അനുഗ്രഹിക്കപ്പെട്ടതാണെന്നു ഞാൻ വിശ്വസിക്കുന്നു. ഞാൻ എന്നും ഓർമയിൽ സൂക്ഷിക്കുന്ന കാര്യങ്ങളാണ് അതെല്ലാം. ആ ഓർമകൾ ഇപ്പോൾ പങ്കുവയ്ക്കുമ്പോഴും ഞാൻ വളരെ സന്തോഷവാനാണ്’.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com