ADVERTISEMENT

സംഗീതരംഗത്തെ സ്വജനപക്ഷപാതവും മാഫിയകളുടെ അധികാരപ്രയോഗങ്ങളും വലിയ ചർച്ചകൾക്കു വഴിവച്ചിരിക്കുന്ന സാഹചര്യത്തിൽ പ്രതികരണവുമായി ഗായിക സോന മോഹപത്ര രംഗത്ത്. എല്ലാവർക്കും സംഗീതത്തോടു വേണ്ടത്ര സ്നേഹവും ആദരവുമുണ്ടെങ്കിലും രാജ്യത്ത് ഒരു യഥാർഥ സംഗീത മേഖലയില്ല എന്ന് ഗായിക തുറന്നടിച്ചു. മുഖ്യധാരാ ഗായകർക്കു പോലും അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്നു പറഞ്ഞ സോന, സംഗീതത്തെ വെറും വിൽപ്പനച്ചരക്കായി മാത്രമാണ് പലരും കണക്കാക്കുന്നതെന്നും വിമർശിച്ചു. 

 

സോന മോഹപത്രയുടെ വാക്കുകൾ:

 

‘രാജ്യത്ത് എല്ലാവർക്കും സംഗീതത്തോട് വേണ്ടത്ര സ്നേഹവും ആദരവുമുണ്ട്. എന്നാൽ നമുക്ക് ഒരു യഥാർഥ സംഗീതശാഖയില്ല എന്നത് അങ്ങേയറ്റം നിർഭാഗ്യകരവും സങ്കടകരവുമാണ്. പുതുമുഖ ഗായകരെ മുൻനിരയിലേയ്ക്കുയർത്തിക്കൊണ്ടു വന്നാൽ മാത്രമേ സംഗീതരംഗത്തിന് അഭിവൃദ്ധിയുണ്ടാകൂ. സംഗീതം ഇന്ന് ഒരു വിൽപ്പനച്ചരക്കു മാത്രമായി മാറിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ, കായിക മത്സരങ്ങൾ, ബിഗ് ബജറ്റ് സിനിമകൾ തുടങ്ങി നിത്യോപയോഗ സാധനങ്ങളുടെ പോലും പരസ്യങ്ങള്‍ക്കായി സംഗീതം ഉപയോഗിക്കുന്നു. അത് അങ്ങേയറ്റം സങ്കടകരവുമാണ്. 

 

ഒരു പാട്ടിന്റെ നിർമാതാവിന് ഗായകനെ തിരഞ്ഞെടുക്കാനുള്ള അവകാശം പോലുമില്ല. അത് സർഗാത്മകതയോടുള്ള അനാദരവാണ്. മുഖ്യധാരാ സംഗീതജ്ഞർ പോലും ബോളിവുഡിൽ രണ്ടാം തരത്തിലുള്ള പൗരന്മാരായാണ് കണക്കാക്കപ്പെടുന്നത്. പലർക്കും അർഹിക്കുന്ന പരിഗണന ലഭിക്കാതെ പോകുന്നു. അവർക്കു പലപ്പോഴും തിരസ്കരണങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരുന്നു. സംഗീതരംഗത്തെ അസന്തുലിതാവസ്ഥയെയും കുത്തകാവകാശങ്ങളെയും കുറിച്ച് തുറന്ന ചർച്ച നടത്തേണ്ടത് ഇന്ന് വളരെ അനിവാര്യമായി മാറിയിരിക്കുന്നു’. 

 

ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ ആത്മഹത്യയെ തുടർന്ന് സിനിമ മേഖലയിലെ സ്വജനപക്ഷപാതത്തിനെതിരെ ഗുരുതരമായ വിമർശനങ്ങളാണ് ഉയർന്നത്. അർഹിക്കുന്നവർക്ക് അവസരങ്ങൾ ലഭിക്കുന്നില്ലെന്നും അവർ അന്യായമായി തഴയപ്പെടുകയാണെന്നും തുറന്നു പറഞ്ഞ് താരങ്ങൾ ഉൾപ്പെടെ നിരവധി പേർ രംഗത്തു വന്നിരുന്നു. അതിനു പിന്നാലെയാണ് സംഗീത രംഗത്തെയും സ്ഥിതി സമാനമാണെന്നു ചൂണ്ടിക്കാണിച്ച് പ്രഗത്ഭരുൾപ്പെടെയുള്ളവർ വിമർശനങ്ങൾ ഉന്നയിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com