ADVERTISEMENT

ഒടിടി റിലീസിനൊരുങ്ങുന്ന ‘സൂഫിയും സുജാതയും’ എന്ന ജയസൂര്യ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘വാതിക്കല് വെള്ളരിപ്രാവ്’ എന്നു തുടങ്ങുന്ന വിഡിയോ ഗാനമാണ് റിലീസ് ചെയ്തത്. എം.ജയചന്ദ്രൻ സംഗീതം നൽകിയ ഗാനം ആലപിച്ചത് യുവഗായിക നിത്യ മാമ്മനും അർജുൻ കൃഷ്ണനും സിയ ഉൾ ഹഖും ചേർന്നാണ്. ബി.കെ.ഹരിനാരായണന്റേതാണു വരികൾ. 

 

മണിക്കൂറുകൾക്കകം ഏറെ ശ്രദ്ധിക്കപ്പെട്ട പാട്ടിനു മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. ആദ്യ കേൾവിയിൽ തന്നെ പാട്ട് ഖൽബിൽ കയറുന്നു എന്നാണ് ആസ്വാദകപക്ഷം. ‘എന്നു നിന്റെ മൊയ്തീൻ’ എന്ന ചിത്രത്തിലെ പാട്ടുകളുടെ ഫീൽ തോന്നുന്നു എന്നും എത്ര കേട്ടിട്ടും മതിവരുന്നില്ല എന്നുമാണ് പ്രേക്ഷകപ്രതികരണങ്ങൾ. യുവഗായകരുടെ മധുവൂറും നാദവും മനസിൽ പതിയും സംഗീതവും പ്രണയിക്കാൻ തോന്നിപ്പിക്കുന്നുവെന്നും ചിലർ അഭിപ്രായപ്പെട്ടു. 

 

നിത്യ മാമ്മന്റെ ഉള്ളു തൊടും ആലാപനത്തെ നിരവധി പേരാണ് പ്രശംസിച്ചത്. മലയാളികളുടെ സ്വന്തം ശ്രേയ ഘോഷാൽ എന്നാണ് ഗായികയെ പ്രേക്ഷകർ വിശേഷിപ്പിച്ചത്. സ്വപ്നേഷ് കെ. നായർ സംവിധാനം ചെയ്തു കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘എടക്കാട് ബെറ്റാലിയൻ 06’ എന്ന ചിത്രത്തിലെ ‘നീ ഹിമ മഴയായ് വരൂ’ എന്ന പാട്ടിലൂടെയാണ് നിത്യ മാമ്മൻ പിന്നണി ഗാനരംഗത്തേയ്ക്കെത്തിയത്. ചിത്രത്തിലൂടെ സംഗീതസംവിധായകൻ കൈലാസ് മേനോൻ ആണ് ഗായികയെ മലയാളികൾക്കു പരിചയപ്പെടുത്തിയത്. പിന്നീട് എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ‘ദ് കുങ്ഫു മാസ്റ്റർ’ എന്ന ചിത്രത്തിനും നിത്യ പിന്നണിയിൽ സ്വരമായി.  

 

സംഗീത സാന്ദ്രമായ പ്രണയ ചിത്രമാണ് സൂഫിയും സുജാതയും. സിനിമയിലെ അല്‍ഹം ദുലില്ല എന്ന ഗാനത്തിന് സംഗീതം നൽകിയതും പാടിയതും സുദീപ് പാലനാടാണ്. ജയസൂര്യയും അതിഥി റാവു ഹൈദരിയുമാണ് ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 14വർഷത്തെ ഇടവേളക്കു ശേഷമാണ് അദിഥി റാവു മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 

 

മലയാള സിനിമയിൽ പുതിയ ചരിത്രം കുറിച്ച് ഒടിടി പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാളചിത്രമാണ് സൂഫിയും സുജാതയും.  ജൂലൈ മൂന്നാം തീയതി മുതൽ ആമസോൺ പ്രൈം വിഡിയോയിൽ ചിത്രം റിലീസിനെത്തും. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച ചിത്രമാണിത്. കോവിഡ് 19 സാഹചര്യത്തിൽ പുതിയ പ്ലാറ്റ്ഫോമിലേയ്ക്കുള്ള ചുവടു വയ്പ് സിനിമാ രംഗത്ത് ചർച്ചയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com