ADVERTISEMENT

‘കേട്ടതിൽ ഒരു സത്യവുമില്ല, എന്തിനാണ് കാര്യങ്ങൾ ഇങ്ങനെ വളച്ചൊടിക്കുന്നത്’? ചോദ്യം പിന്നണി ഗായിക അമൃത സുരേഷിന്റേതാണ്. അതിനു പിന്നിൽ ഗുരുതരമായ ഒരു കാരണവുമുണ്ട്. പുതിയ സംഗീതസംരംഭത്തെക്കുറിച്ചുള്ള ആമുഖം അമൃത കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. അതിലെ പദപ്രയോഗങ്ങളെ തെറ്റായരീതിയിൽ വളച്ചൊടിച്ച് അമൃതയും ബാലയും തമ്മിൽ വീണ്ടും ഒരുമിക്കുന്നുവെന്ന് ചില ഓൺലൈൻ മാധ്യമങ്ങൾ വാർത്ത പ്രചരിപ്പിച്ചു. എന്നാൽ അതിൽ യാതൊരു സത്യവുമില്ല എന്നും ബാലയുടെ പേരു പോലും പോസ്റ്റിൽ സൂചിപ്പിച്ചിട്ടില്ല പിന്നെ എന്തിനാണ് ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾ നടത്തുന്നതെന്നും അമൃത ചോദിക്കുന്നു. 

 

‘എന്റെ ജീവിതം പരീക്ഷണങ്ങളും അനുഭവങ്ങളും ചേര്‍ന്നതാണ്. ജീവിതത്തില്‍ ഞാന്‍ വരുത്തിയ മനോഹരമായ തെറ്റുകള്‍. എനിക്ക് കടന്നുപോകേണ്ടി വന്ന മനോഹരമായ പരാജയങ്ങളും വിജയഗാഥകളും. അതിന് പിന്നാലെ ഇന്ന് മറ്റൊരു മനോഹരമായ ദിവസത്തില്‍ ഞാന്‍ എത്തിനില്‍ക്കുന്നു. ഒരു പുതിയ പരീക്ഷണത്തിലേക്കു കടക്കുന്നു. നിങ്ങളുടെ സ്‌നേഹത്തിനും കരുതലിനുമെല്ലാം നന്ദി, വിശദവിവരങ്ങള്‍ ഉടന്‍ തന്നെ തുറന്നുപറയുന്നതാണ്. എല്ലാവരോടും സ്നേഹം. ഒത്തിരി നന്ദി‌’. ഇതായിരുന്നു അമൃത സുരേഷ് കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തില്‍ കുറിച്ചത്. ഈ വിവരങ്ങളാണ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടത്. വ്യാജ പ്രചാരണങ്ങളെക്കുറിച്ചും സത്യാവസ്ഥയെക്കുറിച്ചും അമൃത മനോരമ ഓൺലൈനിനോടു മനസു തുറന്നപ്പോൾ. 

 

വാർത്ത കണ്ടപ്പോൾ ഞാനും ഞെട്ടി

 

ഈ വ്യാജ പ്രചാരണങ്ങളെക്കുറിച്ചറിഞ്ഞപ്പോൾ മുതൽ എന്റെ മനസ് ആകെ അസ്വസ്ഥമാണ്. ഞാൻ എന്റെ സംഗീതജീവിതത്തിലെ പുതിയ പ്രൊജക്ടിനെക്കുറിച്ചാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടത്. തെറ്റുകൾ പറ്റിയിട്ടുണ്ടെന്നും ഇപ്പോൾ പുതിയ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുകയാണ് എന്നുമായിരുന്നു അതിൽ എഴുതിയത്. എന്റെ കുടുംബജീവിതവുമായി ബന്ധപ്പെട്ട യാതൊന്നും അതിൽ ഇല്ല. പിന്നെ എന്തുകൊണ്ടാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിക്കപ്പെട്ടതെന്ന് എനിക്കറിയില്ല. പോസ്റ്റു ചെയ്ത് പിറ്റേ ദിവസം ഈ വ്യാജ വാർത്തകൾ പ്രചരിക്കുന്നതു കണ്ടപ്പോൾ അക്ഷരാർഥത്തിൽ ഞാൻ അദ്ഭുതപ്പെട്ടു. സത്യാവസ്ഥ അറിഞ്ഞതിനു ശേഷം മാത്രം വാർത്ത എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്യുക.   

 

ഇത് ആദ്യ അനുഭവമല്ല

 

ഇതിനു മുൻപും പല തവണ ഇത്തരം വ്യാജ പ്രചാരണങ്ങളുണ്ടായിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ എന്തെങ്കിലും എഴുതിയാൽ നമ്മൾ വിചാരിക്കുക പോലും ചെയ്യാത്ത തരത്തിലേയ്ക്ക് അവ വളച്ചൊടിക്കപ്പെടും. ഇത്തരം പ്രചാരണങ്ങളോടു പ്രതികരിച്ചു മടുത്തു. ഇപ്പോൾ ഞാൻ അത് ശ്രദ്ധിക്കാറില്ല. ആളുകൾ ഈ കാര്യങ്ങൾ കേട്ട് ആഘോഷിക്കുകയാണെങ്കിൽ അത് അങ്ങനെ തന്നെ നടക്കട്ടെ. ഒരുപാട് പേർ ഇതിനെക്കുറിച്ചു ചോദിച്ചു വിളിച്ചു. അവരോടു മറുപടി പറഞ്ഞു മടുത്തു. എന്തിനുവേണ്ടിയാണ് ഇത്തരം കാര്യങ്ങൾ തെറ്റായരീതിയിൽ വ്യാഖ്യാനിക്കപ്പെടുന്നതെന്ന് അറിയില്ല. 

 

പരിധി കടന്നാൽ നിയമവഴി

 

വ്യാജവാർത്തകളെ പരമാവധി ഞാൻ അവഗണിക്കുകയാണ് ചെയ്യുന്നത്. എങ്കിലും എല്ലാത്തിനും ഒരു പരിധിയുണ്ടല്ലോ. ആ പരിധി കടന്നാല്‍ ഞാൻ ഇതിനെ നിയമപരമായി നേരിടും. ഇപ്പോൾ ഇതിനോടു പ്രതികരിക്കണ്ട എന്നാണ് അച്ഛനും അമ്മയും പറഞ്ഞത്. എഴുതുന്നവർ എഴുതട്ടെ. അതിന്റെ പിന്നാലെ പോയി മനസ് അസ്വസ്ഥമാക്കണ്ട. ജോലിയിൽ ശ്രദ്ധിക്കുക എന്ന ഉപദേശമാണ് അവർ നൽകിയത്. 

 

ഈ പ്രവണത ‌അസഹ്യമാണ്

 

നമ്മൾ ചിന്തിക്കുക പോലും ചെയ്യാത്ത കാര്യങ്ങളെക്കുറിച്ചു കേൾക്കുമ്പോൾ മനസ് അസ്വസ്ഥമാകും. അതു നമ്മുടെ എല്ലാ പ്രവർത്തനങ്ങളെയും ബാധിക്കും. ഓരോ ദിവസവും കഴമ്പില്ലാത്ത കാര്യത്തെക്കുറിച്ചുള്ള ഫോൺകോളുകൾക്കു മറുപടി പറയുക എന്നത് വളരെ ബുദ്ധിമുട്ടാണ്. കഴിഞ്ഞ ദിവസം ഞാൻ കുറച്ചു തുണിത്തരങ്ങൾ വാങ്ങാൻ പോയിരുന്നു. അന്നത്തെ ചിത്രങ്ങളോ വിഡിയോകളോ പോസ്റ്റു ചെയ്താൽ ഞാൻ കല്യാണസാരിയെടുക്കാനാണു പോയതെന്നു പോലും പലരും പറയുകയും പ്രചരിപ്പിക്കുകയും ചെയ്തേക്കാം. എന്തിനാണ് വാസ്തവ വിരുദ്ധമായ ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് മനസിലാകുന്നില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com