ADVERTISEMENT

ഗായിക എസ്.ജാനകി അന്തരിച്ചു എന്ന തരത്തിൽ പ്രചരിച്ച വ്യാജ വാർത്തകളോടു പ്രതികരിച്ച് കുടുംബം. ജാനകിയ്ക്കു ശാരീരിക ബുദ്ധിമുട്ടുകളോ അസുഖങ്ങളോ ഇല്ല. മൈസൂരിലുള്ള വീട്ടിൽ മകൻ മുരളി കൃഷ്ണയ്ക്കൊപ്പം ആരോഗ്യത്തോടെയും സുരക്ഷിതത്വത്തോടെയുമിരിക്കുകയാണ് ജാനകി. വാസ്തവവിരുദ്ധമായ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കരുത് എന്ന് കുടുംബാംഗങ്ങൾ അപേക്ഷിച്ചു. വസ്തുതാ വിരുദ്ധമായ ഇത്തരം വാർത്ത പ്രചരിപ്പിക്കപ്പെട്ടതിൽ ദു:ഖമുണ്ടെന്ന് ജാനകിയുടെ മകൻ മുരളി കൃഷ്ണ പറഞ്ഞു. 

 

ഞായറാഴ്ച വൈകുന്നേരമാണ് എസ്.ജാനകി മരിച്ചു എന്ന തരത്തിൽ സമൂഹമാധ്യമത്തിൽ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. കേട്ടതു ശരിയെന്നു വിശ്വസിച്ച് നിരവധി പേർ ആ പോസ്റ്റ് പങ്കുവയ്ക്കുകയും ചെയ്തു. പലരും ഗായികയ്ക്കു പ്രണാമം അർപ്പിച്ച് ചിത്രങ്ങളും വി‍ഡിയോകളും പോസ്റ്റു ചെയ്യുക പോലുമുണ്ടായി. 

 

സമൂഹമാധ്യമങ്ങൾ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതിനെ രൂക്ഷമായി വിമർശിച്ച് പ്രമുഖരുൾപ്പെടെ നിരവധി പേർ രംഗത്തു വന്നു. ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യവും സംഗീതസംവിധായകൻ ശരത്തും ഗായിക കെ.എസ്.ചിത്രയുമുള്‍പ്പെടെയുള്ളവർ ഇക്കാര്യങ്ങളിൽ പ്രതികരണങ്ങൾ രേഖപ്പെടുത്തി. 

 

എസ്.ജാനകിയ്ക്ക് എന്തു സംഭവിച്ചു എന്നു ചോദിച്ച് ഇരുപതിലേറെ ഫോണ്‍ കോളുകൾ തനിക്കു വന്നു എന്നും ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത് വളരെ അസംബന്ധമാണെന്നും എസ്.പി.ബാലസുബ്രഹ്മണ്യം തുറന്നടിച്ചു. താൻ എസ്.ജാനകിയെ വിളിച്ചു സംസാരിച്ചുവെന്നും ഗായിക വളരെ ആരോഗ്യവതിയായിരിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.  

 

ജീവിച്ചിരിക്കുന്ന ആളുകളെ വ്യാജവാർത്തകളിലൂടെ കൊല്ലുമ്പോൾ എന്തു സന്തോഷമാണ് ലഭിക്കുക എന്നു ചോദിച്ച് ശരത് പൊട്ടിത്തെറിച്ചു. ഇതിനു മുൻപ് ജഗതി ശ്രീകുമാർ, സലിം കുമാർ തുടങ്ങി നിരവധി പ്രമുഖരെക്കുറിച്ച് പലരും പടച്ചുവിട്ട വ്യാജ വാർത്തകളെക്കുറിച്ചും അദ്ദേഹം വിമർശിച്ചു. ഇതിനു മുൻപും എസ്.ജാനകി മരിച്ചു എന്ന തരത്തിൽ വ്യാജ പ്രചാരണങ്ങൾ ഉണ്ടായിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com