ADVERTISEMENT

മാജിക്കൽ വോയ്സ് കൊണ്ട് സിദ്ദ് ശ്രീറാം കയ്യൊപ്പു ചാർത്തിയ സൂപ്പർഹിറ്റ് ഗാനത്തിനു കവർ ഒരുക്കി യുവഗായകൻ സൂര്യ ദേവ്. നീരജ് മാധവ് നായകനായെത്തിയ ‘ഗൗതമന്റെ രഥം’ എന്ന ചിത്രത്തിലെ ‘ഉയിരേ...’ എന്നു തുടങ്ങുന്ന പാട്ടിനാണ് ഗായകന്റെ കവർ പതിപ്പ്. സൂര്യ ദേവിന്റെ ആദ്യ സംഗീതസംരംഭമാണിത്. പാട്ടിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവരെല്ലാം സൂര്യദേവിന്റെ സഹപാഠികൾ തന്നെ. 

 

ഇതിനോടകം ഏറെ ശ്രദ്ധിക്കപ്പെട്ട പാട്ടിനു മികച്ച പ്രേക്ഷകസ്വീകാര്യതയാണു ലഭിക്കുന്നത്. യഥാർഥ ഗാനത്തിന്റെ തനിമ ചോരാതെയാണ് സൂര്യ ദേവിന്റെ ആലാപനം. ഗായകന്റെ ശബ്ദത്തിനു സിദ്ദ് ശ്രീറാമിന്റെ ശബ്ദത്തോട് ഏറെ സാമ്യമുണ്ട് എന്നാണ് ആസ്വാദകപക്ഷം. ‘മലയാളത്തിലെ സിദ്ദ് ശ്രീറാം’, ‘ജൂനിയർ സിദ്ദ്’ എന്നിങ്ങനെയാണ് പ്രേക്ഷകർ ഗായകനെ വിശേഷിപ്പിച്ചത്. പാട്ടിന്റെ ചിത്രീകരണവും ആവിഷ്കാരവും ഏറെ മികവു പുലർത്തുന്നു എന്നും ആവർത്തിച്ചു കേൾക്കാൻ തോന്നിപ്പിക്കുന്ന മാന്ത്രികത പാട്ടിനുണ്ടെന്നും ആസ്വാദകർ വിലയിരുത്തി. 

 

ലക്ഷ്മൺ എസ്.ത്രിവേണി ആണ് ഗാനരംഗങ്ങളുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. കവർ പതിപ്പിനു വേണ്ടി ക്യാമറ കൈകാര്യം ചെയ്തതും എഡിറ്റിങ് നിർവഹിച്ചതും അഖിൽ അജയ്‌യും വിനായക് സി. രവീന്ദ്രന്നും ചേർന്നാണ്. വിനു രാജ് വി മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ച ഗാനത്തിന്റെ പ്രോഗ്രാമിങ്ങ് അമൽ ബാബു ആണ്. 

 

ഗൗതമന്റെ രഥത്തിലെ ഈ സിദ്ദ് ശ്രീറാം മാജിക്കിന് ആരാധകർ ഏറെയാണ്. സംഗീതപ്രേമികളെ കോൾമയിർ കൊള്ളിച്ച് മഴ പോലെ പെയ്തിറങ്ങിയ ഗാനം മലയാളികളുടെ ഇഷ്ടങ്ങളുടെ പട്ടികയിൽ മുൻനിരയിൽ ഇടം നേടിയിരുന്നു. യുവ പാട്ടെഴുത്തുകാരൻ വിനായക് ശശികുമാറിന്റെ വരികൾക്കു സംഗീതം നൽകിയത് നവാഗതനായ അങ്കിത് മേനോൻ ആണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com