ADVERTISEMENT

കമൽ ഹാസൻ അഭിനയിച്ച ‘അണ്ണാത്തെ ആടുരാർ’ എന്ന ഗാനത്തിന് ചലിക്കുന്ന ട്രെഡ്മില്ലിൽ ചുവടുവച്ച് വൈറലായ യുവതാരം അശ്വിൻ കുമാറിന് സാക്ഷാൽ കമൽഹാസന്റെ അഭിനന്ദനം. ദുബായിലെ ഫ്ലാറ്റിനോടു ചേർന്നുള്ള ജിംനേഷ്യത്തിൽ ചിത്രീകരിച്ച വിഡിയോ ഇതിനോടകം നിരവധി പേർ കാണ്ടുകഴിഞ്ഞു.

 

പതിവു പോലെ തന്നെ ഡാൻസ് വിഡിയോ മൊബൈലിൽ ചിത്രീകരിച്ചാണ് അശ്വിൻ സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്തത്. വൈറലാകുമെന്ന് താരം പ്രതീക്ഷിച്ചതേയില്ല. കമൽ ഹാസന്റെ നൃത്തരീതികളും ഭാവങ്ങളുമെല്ലാം അതേ പടി പുനരാവിഷ്കരിച്ചതോടെ ‘അണ്ണാത്തെ ആടുരാർ’ ജനഹൃദയങ്ങളിലെത്തി. നടൻ അജു വർഗീസ് ആണ് വിഡിയോ ആദ്യം ഷെയർ ചെയ്തത്. പിന്നീട് മ‍ഞ്ജു വാരിയർ, ഗിന്നസ് പക്രു, കുഞ്ചാക്കോ ബോബൻ തുടങ്ങിയ താരങ്ങൾ അഭിനന്ദനങ്ങളുമായി രംഗത്തെത്തി. 

കമൽ ഹാസന്റെ കടുത്ത ആരാധകനായതു കൊണ്ടാണ് വിഡിയോയ്ക്കു വേണ്ടി അദ്ദേഹത്തിന്റെ പാട്ട് തിരഞ്ഞെടുത്തതെന്ന് അശ്വിൻ പറയുന്നു. വിഡിയോ പോസ്റ്റു ചെയ്തതിനു പിന്നാലെ ഉലകനായകൻ ട്വിറ്ററിലൂടെയാണ് അഭിനന്ദനം അറിയിച്ചത്. അതിൽപരം ആനന്ദവും അംഗീകാരവും മറ്റൊന്നുമില്ല എന്ന് അശ്വിൻ പറയുന്നു.

 

വ്യത്യസ്തമായ രീതിയിലാണ് അശ്വിൻ ഡാൻസ് വിഡിയോ ചിത്രീകരിക്കുന്നത്. മനസിൽ പാടിയാണ് ചുവടുകൾ വയ്ക്കുന്നത്. വിഡിയോ റെക്കോർഡ് ചെയ്തതിനു ശേഷം പാട്ട് എഡിറ്റ് ചെയ്തു ചേർക്കുകയാണു പതിവ്. മനോരമ ന്യൂസ് പ്രേക്ഷകർക്കായി സൂര്യയുടെ ‘സൊടക്ക് മേലെ’ എന്ന ഗാനത്തിനും അശ്വിൻ ട്രെഡ്മില്ലിൽ ചുവടുവച്ചു. 

 

ദുബായിലെ കലാവേദികളില്‍ സജീവമാണ് അശ്വിന്‍. അഭിനയത്തിലും ഡാന്‍സിലും മാത്രമല്ല മിമിക്രി രംഗത്തും ശ്രദ്ധേയ സാന്നിധ്യമാണ് താരം. ദുബായില്‍ വച്ചു നടന്ന ഒരു സ്റ്റേജ് ഷോയില്‍ കമലഹാസന്റെ ശബ്ദം അനുകരിച്ച് അശ്വിന്‍ ഇതിനു മുന്‍പും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്.

 

ചെന്നൈ സ്വദേശിയായ അശ്വിൻ കുമാർ പഠിച്ചതും വളർന്നതും ദുബായിൽ ആണ്. സുഹൃത്തുക്കളിൽ നിന്ന് മലയാളം നന്നായി പഠിച്ചു. ദുബായിൽ കുടുംബത്തോടൊപ്പം കഴിയുകയാണ് താരം ഇപ്പോൾ. മലയാളം സിനിമ ഏറെ ഇഷ്ടപ്പെടുന്ന അശ്വിൻ ഇതിനോടകം അഞ്ചോളം സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com