ADVERTISEMENT

കൊറിയോഗ്രഫർ സരോജ് ഖാൻ വിടവാങ്ങുമ്പോൾ ചരിത്രമാകുന്നത് ബോളിവുഡിൽ തരംഗം സൃഷ്ടിച്ച ഒട്ടനവധി നൃത്തച്ചുവടുകൾ കൂടിയാണ്. പാട്ടിന്റെ വേഗവും ചടുലതയും അതുപോലെ ചുവടുകളിലും ആവേശിപ്പിച്ച സരോജ് ഖാൻ നാലു പതിറ്റാണ്ടു കാലം ബോളിവുഡിലെ നിറസാന്നിധ്യമായി. ആവർത്തന വിരസതയില്ലാതെ ഓരോ പാട്ടിനും വൈവിധ്യമാർന്ന ചുവടുകൾ ഒരുക്കിയ സരോജ് ഖാൻ അപ്രതീക്ഷിതമായി വിട പറഞ്ഞപ്പോൾ സിനിമാ രംഗത്തിനു നഷ്ടമായത് പകരക്കാരില്ലാത്ത പ്രതിഭയെ ആണ്.

 

രണ്ടായിരത്തിലേറെ ഗാനങ്ങൾക്കു നൃത്തസംവിധാനം നിർവഹിച്ച സരോജ് മൂന്നു തവണ മികച്ച കൊറിയോഗ്രഫർക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി. ബോളിവുഡിലെ ഡാൻസിങ് ക്വീൻ മാധുരി ദീക്ഷിതിന്റെ കരിയറിലെ നാഴികക്കല്ലായി മാറിയ ‘ഏക് ദോ തീൻ’ എന്ന ഒരൊറ്റ ഗാനം മതി സരോജ് ഖാൻ എന്ന കൊറിയോഗ്രഫറെ എക്കാലവും ഓർമിക്കാൻ. ഏറെ പ്രയാസപ്പെട്ടതും എന്നാൽ ഏറ്റവും ആസ്വദിച്ചു ചുവടു വച്ചതും തേസാബിലെ ഈ ഗാനത്തിനാണെന്ന് മാധുരി ദീക്ഷിത് തന്നെ പല ആവർത്തി പറഞ്ഞിട്ടുണ്ട്. 

 

സരോജ് ഖാനെ ബോളിവുഡിൽ അടയാളപ്പെടുത്തുന്ന മറ്റൊരു ഗാനമാണ് ‘ഡോലാ രേ ഡോലാ രേ’. സഞ്ജയ് ലീലാ ബൻസാലി സംവിധാനം ചെയ്ത ‘ദേവദാസ്’ എന്ന ചിത്രത്തിലെ എന്ന ഗാനം ഇന്ത്യൻ സിനിമയുടെ ചരിത്രത്തിന്റെ തന്നെ ഭാഗമായി. ഐശ്വര്യ റായ് ബച്ചനും മാധുരി ദീക്ഷിതും സ്വയം മറന്നാടിയ ഗാനം ഇന്നും സംഗീത പ്രേമികളെ ഹരം കൊള്ളിക്കുന്നു. ശ്രേയ ഘോഷാലും കവിത കൃഷ്ണമൂർത്തിയും ചേർന്നാണ് ഗാനം ആലപിച്ചത്. കോടിക്കണക്കിന് ആസ്വാദകരുടെ ഹൃദയങ്ങളിലാണ് ഈ മാജിക്കൽ ഗാനം കയറിക്കൂടിയത്. മാധുരി ദീക്ഷിതിന്റെ കരിയറിൽ നിർണായക സ്വാധീനം ചെലുത്തിയ വ്യക്തിയാണ് സരോജ്. ഇരുവരും തമ്മിൽ ആഴമേറിയ ആത്മബന്ധവും ഉണ്ടായിരുന്നു. 

 

മൂന്നാം വയസിൽ ബാലതാരമായി സിനിമയിലേക്കെത്തിയ സരോജ് ഖാൻ, ‘ഗീതാ മേരാ നാം’ എന്ന ചിത്രത്തിലൂടെയാണ് കൊറിയാഗ്രാഫർ ആയി ഹരിശ്രീ കുറിച്ചത്. 1987–ൽ ശ്രീദേവിയ്ക്കായി ‘മിസ്റ്റർ ഇന്ത്യ’ എന്ന ചിത്രത്തിലെ 'ഹവാ ഹവായി' എന്ന ഗാനത്തിനു നൃത്ത സംവിധാനം നിർവഹിച്ചതിലൂടെയാണ് ശ്രദ്ധേയായത്. പിന്നീടിങ്ങോട്ട് മുൻനിരാ നായികമാരുടെയെല്ലാം ചുവടുകൾക്കു താളം പകർന്നു. സരോജ് ഖാന്റെ അപ്രതീക്ഷിത വിയോഗം ബോളിവുഡിൽ നികത്താനാകാത്ത നഷ്ടം സൃഷ്ടിച്ചിരിക്കുകയാണ്.

 

സരോജ് ഖാന്റെ അപ്രതീക്ഷിത വിയോഗ വാർത്ത കേട്ട് നടുക്കത്തോടെയാണ് ഇന്ന് ബോളിവുഡ് ഉണർന്നത്. ഒരാഴ്ചയിലധികമായി ആശുപത്രിയിലായിരുന്ന സരോജയുടെ ആരോഗ്യനില തൃപ്തികരമാണെന്നും രണ്ടു ദിവസത്തിനകം ആശുപത്രി വിടുമെന്നും സംവിധായകൻ അനുഭവ് സിൻഹ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ പ്രതീക്ഷകൾക്കു മങ്ങലേൽപ്പിച്ച് സരോജ് ഖാൻ ഇന്നു ലോകത്തോടു വിട പറയുമ്പോൾ ബോളിവുഡ് കണ്ണീരണിയുകയാണ്. സരോജ് ഖാന്റെ വേർപാടിൽ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും അനുശോചന പ്രവാഹമാണ്.

 

ശ്വസന സംബന്ധമായ അസുഖത്തെത്തുടർന്ന് മുംബൈ ബാന്ദ്രയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു സരോജ് ഖാൻ. ഇന്നലെ രാത്രിയോടെ രോഗം മൂർഛിക്കുകയും പുലർച്ചെ 2:30ന് മരണം സംഭവിക്കുകയുമായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. സരോജിന്റെ മകൾ ആണ് മരണവിവരം പുറത്തുവിട്ടത്. മലാഡിലെ പൊതു ശ്മശാനത്തിൽ സംസ്കാരം നടത്തും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com