ADVERTISEMENT

ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിക്ക് ജന്മനാളനുസരിച്ച് ഇന്ന് 84 വയസ്സു തികയുന്നു; ജനനത്തീയതി അനുസരിച്ച് നാളെയും. പത്രപ്രവർത്തനം, സാഹിത്യം, കല, സിനിമ, ഗാനരചന, അഭിനയം, രാഷ്ട്രീയം തുടങ്ങിയ എല്ലാ മേഖലകളിലും സ്വന്തം മുദ്രയുള്ള മാല ചാർത്തിയ ജീവിതം. സൗഹൃദ ങ്ങളുടെ സ്വർണഖനി മുതലാളി. 

 

കെ. കരുണാകൻ, ചെമ്പൈ വൈദ്യനാഥ ഭാഗവതർ, തൃത്താല കേശവ പൊതുവാൾ, ജോസഫ് മുണ്ടശ്ശേരി, രാമു കാര്യാട്ട്, സി.അച്യുത മേനോൻ, അക്കിത്തം, കലാമണ്ഡലം ഗോപി, കോട്ടയ്ക്കൽ ശിവരാമൻ, പി.കുഞ്ഞിരാമൻ നായർ, വികെഎൻ, ആഞ്ഞം മാധവൻ നമ്പൂതിരിപ്പാട്, പ്രേംനസീർ, മാധവിക്കുട്ടി, പി.ഭാസ്കരൻ, ജോൺ ഏബ്രഹാം, നവാബ് രാജേന്ദ്രൻ, എം.ടി.വാസുദേവൻ നായർ... അങ്ങനെ നീണ്ടു പോകുന്ന പട്ടിക. എവിടെച്ചെന്നുപെട്ടാലും കിടക്കാൻ മുറി വാടകയ്ക്കെടുക്കേണ്ട എന്നു പറയാം. 

 

മധു നിർമിച്ച് പി.ചന്ദ്രകുമാർ സംവിധാനം ചെയ്ത് വൻവിജയമായ ‘പ്രഭാതസന്ധ്യ’യുടെ തിരക്കഥ എഴുതിയത് ചൊവ്വല്ലൂരാണ്. ഹരിഹരന്റെ സൂപ്പർ ഹിറ്റ് ചിത്രമായ സർഗത്തിനു സംഭാഷണമെഴുതിയതും ചൊവ്വല്ലൂരാണ്. ‘ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിൻ ദിവ്യ രൂപം’ എന്ന ഗാനം ചൊവ്വല്ലൂർ എഴുതിയതാണ്.  ‘ഉദിച്ചുയർന്നു മാമല മേലെ ഉത്രം നക്ഷത്രം’ എന്ന ശബരീശ സ്തുതിയും ഇദ്ദേഹത്തിന്റേതാണ്. നാലു പതിറ്റാണ്ടോളം മലയാള മനോരമ പത്രാധിപ സമിതി അംഗമായിരുന്ന ചൊവ്വല്ലൂർ അസിസ്റ്റന്റ് എഡിറ്ററായാണു വിരമിച്ചത്. ഗുരുവായൂരിൽ വിശ്രമജീവിതം. 

 

സിനിമക്കാർക്കു പലപ്പോഴും മറ്റുള്ളവരുടെ സമയത്തിന്റെ വിലയറിയില്ല. അവർക്കു തോന്നുമ്പോൾ വിളിക്കും. നാം അവിടെ പോയി കാത്തിരിക്കണം. നാലും അഞ്ചും ദിവസം കാത്തിരുന്നിട്ടുണ്ട്. അവസാനം തീരുമാനിച്ചു, ഇതു പറ്റിയ പണിയല്ലെന്ന്. വിജയിച്ച എഴുത്തുകാരനായിട്ടും സിനിമയിൽ നിന്ന് അകന്നുപോയതിനെപ്പറ്റി ചൊവല്ലൂർ ഇങ്ങിനെ പറഞ്ഞു നിർത്തി.

 

‘‘കമ്യൂണിസ്റ്റുകാരനായി അവിഭക്ത പാർട്ടിയുടെ പത്രമായ നവജീവനിൽ പത്രാധിപരായാണു ജീവിതം തുടങ്ങുന്നത്. പക്ഷേ ഇപ്പോഴെത്തിനിൽക്കുന്നതു പരമ ഭക്തനിലും. ശരിക്കു നോക്കിയാൽ ഇതൊന്നും വലിയ അകലത്തിൽ നിൽക്കുന്ന കാര്യങ്ങളല്ലല്ലോ. എല്ലാം സമർപ്പണമാണ്. 

എത്രയോ പേർ പുത്ര വാത്സല്യത്തോടെയും സഹോദര സ്നേഹത്തോടെയും എന്നെ കൂടെ നിർത്തി. ഇതുതന്നെയാണു മോക്ഷം’’.

സഫലമായ ജീവിതത്തെപ്പറ്റി ഇങ്ങിനെയും പറഞ്ഞു നിർത്തുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com