ADVERTISEMENT

അകാലത്തിൽ പൊലിഞ്ഞ ബാലഭാസ്കർ കലാ കേരളത്തിന് എന്നും നീറുന്ന ഒരോർമ്മയാണ്. ഒരു യാത്രയ്ക്കിടയിലെ അപ്രതീക്ഷിത അപകടത്തിൽ സംഗീതലോകത്തോടും പ്രിയപ്പെട്ടവരോടും യാത്ര പോലും പറയാതെ അനന്തതയിലേക്കു പറന്നകന്ന പകരക്കാരനില്ലാത്ത പ്രതിഭ. പ്രിയപ്പെട്ട വയലിൻ മാറോടടക്കിപ്പിടിച്ച് അഗ്നിയിൽ എരിഞ്ഞപ്പോഴും ആ കലാഹൃദയം ഏൽപ്പിച്ചു പോയ മരണമില്ലാത്ത മാന്ത്രിക സംഗീതം ആരാധകർക്കു കണ്ണീരനുഭവം പകരുകയായിരുന്നു. കലാലോകത്തിന്റെ പ്രിയപ്പെട്ട ബാലു അവസാനമായി ഈണം നല്‍കിയ ‘വേളിക്ക്‌ വെളുപ്പാൻകാലം’ എന്ന ചിത്രത്തിലെ ഗാനം ഇപ്പോൾ അദ്ദേഹത്തിന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ സ്നേഹിതർ പുറത്തിറക്കിയിരിക്കുകയാണ്. നവാഗതനായ അക്ഷയ് വർമ ആണ് ചിത്രത്തിന്റെ സംവിധായകൻ. അക്ഷയ്‌യും ബാലഭാസ്കറും തമ്മിൽ വർഷങ്ങൾ നീണ്ട സൗഹൃദമാണ്. അതിനാൽ തന്നെ തന്റെ ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കാൻ മറ്റൊരാളുടെ പേര് ഈ യുവസംവിധായകനു ആലോചിക്കേണ്ടി വന്നില്ല. ചിത്രത്തിൽ ബാലഭാസ്കർ അഭിനയിച്ചിട്ടുമുണ്ട്. പ്രിയപ്പെട്ട ബാലു ഏട്ടനെക്കുറിച്ചും സംവിധാനസംരംഭത്തെക്കുറിച്ചു് അക്ഷയ് വർമ മനോരമ ഓൺലൈനിനോടു മനസ്സ് തുറക്കുന്നു. 

 

ഞാനും എന്റെ ബാലു ഏട്ടനും

 

ഞാനും ബാലു ഏട്ടനും തമ്മിൽ വർഷങ്ങൾ നീണ്ട സൗഹൃദമാണ്. അദ്ദേഹം സിനിമാ സംഗീതം നിർത്തിയിട്ട് ഒരുപാട് കാലം ആയിരുന്നു. പക്ഷേ ഈ ചിത്രത്തിനു വേണ്ടി കൈകോർത്തവരെല്ലാം ഒരേ കുടംബത്തിലെ അംഗങ്ങളെ പോലെയുള്ളവരായിരുന്നു. അതിനാൽ തന്നെ എന്റെ സിനിമയ്ക്കു വേണ്ടി സംഗീതം ചെയ്യാന്‍ മറ്റൊരാളെക്കുറിച്ച് ആലോചിക്കേണ്ട ആവശ്യം എനിക്കില്ലായിരുന്നു. വിഖ്യാതസംഗീതജ്ഞരെപ്പോലെ തന്നെ കഴിവും പ്രതിഭയുമുള്ള ഒരു സംഗീതജ്ഞൻ എനിക്കു സ്വന്തമായുണ്ട്, എന്റെ വീട്ടിലെ ഒരു അംഗമായുണ്ട് എന്ന ആത്മവിശ്വാസവും അഹങ്കാരവും ആയിരുന്നു എനിക്ക്. ഞാൻ ചെറിയ കുട്ടിയായിരുന്നപ്പോൾ മുതൽ ബാലു ചേട്ടന് എന്നെ അറിയാം. വർഷങ്ങള്‍ നീണ്ട പരിചയം ഉള്ളതുകൊണ്ടു തന്നെ എന്റെ വളർച്ചയുടെ ഓരോ ഘട്ടവും അദ്ദേഹം കണ്ടിട്ടുണ്ട്. ജീവിതത്തിൽ ഒരുപാട് പ്രചോദനം നൽകിയ ആളാണ് അദ്ദേഹം. സിനിമാ രംഗത്തേയ്ക്കു കടന്നു വരണമെന്നു പറഞ്ഞ് ബാലു ഏട്ടൻ എന്നെ പ്രോത്സാഹിപ്പിച്ചിരുന്നു. 

 

ഞങ്ങൾ ഒരുമിച്ച ആദ്യ ചിത്രം, അവസാനത്തേതും

 

‘വേളിക്ക് വെളുപ്പാൻകാലം’ എന്ന ചിത്രത്തിൽ ഈണമൊരുക്കിയതിനോടൊപ്പം അദ്ദേഹം അഭിനയിച്ചിട്ടും ഉണ്ട്. ബാലഭാസ്കർ ആയി തന്നെയാണ് അദ്ദേഹം എത്തുന്നത്. അപകടത്തിൽപ്പെടുന്നതിന് രണ്ടു ദിവസം മുൻപ് ചിത്രത്തിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. സിനിമയിലെ സ്വന്തം ക്യാരക്ടറിനു വേണ്ടിയുള്ള ഡബ്ബിങ് പൂർത്തിയാക്കിയതിനു ശേഷമായിരുന്നു ബാലു ഏട്ടൻ കുടുംബവുമൊത്ത് യാത്ര പോയത്. ബാലു ഏട്ടൻ ഇതിനു മുന്‍പ് ഒന്നു രണ്ടു സിനിമകളിൽ ചെറിയ സീനുകളിൽ അഭിനയിച്ചിട്ടുണ്ട്. പക്ഷേ ഡയലോഗുകൾ ഉള്ള കഥാപാത്രത്തെ അവതരിപ്പിച്ചിട്ടില്ല എന്ന് അദ്ദേഹം എന്നോടു പറഞ്ഞിരുന്നു. വേളിക്കു വെളുപ്പാൻകാലത്തിലെ റോളിനെക്കുറിച്ചു പറഞ്ഞപ്പോൾ അദ്ദേഹം വളരെ സന്തോഷത്തോടെയും താത്പര്യത്തോടെയുമാണ് അതു സ്വീകരിച്ചത്. ചിത്രത്തിന്റെ വർക്ക് എത്രയും പെട്ടെന്നു പൂർത്തിയാക്കാൻ വേണ്ടിയാണ് ബാലു ഏട്ടൻ അന്നു രാത്രിയിൽ തന്നെ അവിടുന്നു യാത്ര തിരിച്ചത്. പിറ്റേ ദിസം പുലർച്ചെ എത്തിയിട്ട് വർക്ക് തുടങ്ങാം എന്ന് അദ്ദേഹം എന്നോടു പറഞ്ഞിരുന്നു. അതൊക്കെ ഓർക്കുമ്പോൾ വീണ്ടും സങ്കടം തോന്നുകയാണ്. സിനിമയുടെ സെറ്റിൽ ഞങ്ങൾ എല്ലാവരും ഒരുമിച്ചിരിക്കുന്നതിന്റെ ചിത്രമാണ് ബാലു ഏട്ടൻ അവസാനമായി സമൂഹമാധ്യമത്തിൽ പോസ്റ്റു ചെയ്തത്. സിനിമയിൽ ഒരുമിച്ചൊരു തുടക്കം വേണം എന്നായിരുന്നു ആഗ്രഹം. പക്ഷേ അത് അവസാനത്തേതു കൂടിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.

 

പൂർത്തിയാക്കാതെ പോയ അവസാന ഗാനം 

 

അപ്രതീക്ഷിതമായി ബാലു ചേട്ടൻ പോയതോടെ ചിത്രത്തിന്റെ വർക്കുകള്‍ നിലച്ചു. ആരെക്കൊണ്ടാണ് പാട്ട് പൂർത്തീകരിക്കുക എന്നു ഞങ്ങൾ ആലോചിച്ചു. അങ്ങനെയാണ് ബിജിബാൽ സറിനെ സമീപിച്ചത്. ബെംഗലുരുവിലുള്ള ഷിബി മനിയേരിയാണ് ട്രാക്ക് പാടിയത്. ഷിബി ബാലു ഏട്ടന്റെ അടുത്ത സുഹൃത്താണ്. ബാലു ഏട്ടന്റെ മരണശേഷവും ഷിബി ഞങ്ങളെ വിളിച്ചു സംസാരിച്ചിരുന്നു. അങ്ങനെ ഷിബിയെക്കൊണ്ടു തന്നെ ഒറിജിനൽ പാട്ടും പാടിപ്പിക്കാമെന്നു തീരുമാനിച്ചു. പാട്ടിനെക്കുറിച്ച് ബാലു ഏട്ടൻ അദ്ദേഹത്തിനു നൽകിയ നിർദ്ദേശങ്ങളുടെ അടിസ്ഥാനമാക്കിയാണ് ബിജിബാൽ സർ പാട്ട് പൂർത്തിയാക്കിയത്. ജോയ് തമലത്തിന്റേതാണു വരികൾ. ഞങ്ങൾ ഇത് ടൈറ്റിൽ ട്രാക്ക് ആയിട്ടാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. യഥാർഥത്തിൽ അത് എങ്ങനെ ഉപയോഗിക്കാനാണ് ബാലു ഏട്ടൻ ആഗ്രഹിച്ചിരുന്നതെന്ന് അറിയില്ല. ബാലു ഏട്ടൻ പാടിയ ഒരു പതിപ്പു കൂടിയുണ്ട് പാട്ടിന്. അത് പിന്നീടൊരിക്കൽ റിലീസ് ചെയ്യാനായി ഞങ്ങൾ മാറ്റി വച്ചിരിക്കുകയാണ്. 

 

ആ സ്ഥാനത്ത് മറ്റൊരാളെ എങ്ങനെ കാണും

 

ബാലു ഏട്ടന്റെ വേർപാട് ഏൽപ്പിച്ച ദു:ഖം ഞങ്ങളെ എല്ലാവരെയും മാനസികമായി ആകെ തളർത്തി. പിന്നെ കുറേ കാലത്തേയ്ക്ക് എല്ലാവരും കടുത്ത സങ്കടത്തിലും നിരാശയിലും ആയിരുന്നു. അതുകൊണ്ടു തന്നെ ചിത്രത്തിന്റെ ബാക്കി വർക്കുകൾ‌ നടത്താൻ സാധിച്ചിരുന്നില്ല. പാട്ട് പൂർത്തിയാക്കാൻ മറ്റൊരു സംഗീതജ്ഞ​നെ സമീപിക്കുക എന്നത് വളരെ പ്രയാസമായിരുന്നു. കാരണം ഒരുമിച്ചൊരു സിനിമ സ്വപ്നം കണ്ടിട്ട് അപ്രതീക്ഷിതമായി ബാലു ഏട്ടൻ പോയപ്പോൾ ആ സ്ഥാനത്ത് മറ്റൊരാളെ ചിന്തിക്കാൻ മാനസികമായി ഞങ്ങൾക്കു കഴിയുമായിരുന്നില്ല. പിന്നെ ഒരുപാട് നാളുകൾക്കു ശേഷമാണ് സിനിമയുടെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചത്. ഏട്ടന്റെ ഈ ജന്മദിനത്തിൽ ചിത്രം തിയറ്ററിൽ റിലീസ് ചെയ്യാനായിരുന്നു ആഗ്രഹം. നിലവിലെ സാഹചര‌്യത്തിൽ അതു സാധ്യമല്ലാത്തതിനാൽ ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യാൻ തീരുമാനിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com