ADVERTISEMENT

ബാലഭാസ്കറിന്റെ ജന്മദിനം അദ്ദേഹത്തിന്റെ ആരാധകർക്കും സുഹൃത്തുക്കൾക്കും ഓർമകളുടെ കണ്ണീർദിനമാണ്. തന്ത്രികളെ നിശ്ചലമാക്കി യാത്ര പോലും പറയാതെ പറന്നകന്ന ആ പ്രതിഭ എന്നും സ്നേഹിതരിൽ ജീവിക്കുന്നു. ഗായിക രാജലക്ഷ്മിക്ക് ഏറെ അടുപ്പമുണ്ടായിരുന്നു ബാലഭാസ്കറുമായി. ഇരുവരുടെയും കുടുംബങ്ങൾ തമ്മിലും ആത്മബന്ധം പുലർത്തിയിരുന്നു. രാജലക്ഷ്മിയുടെ ഭർത്താവും ബാലഭാസ്കറും സ്കൂൾ കാലം മുതൽ അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നും ഒരു അനുജത്തിയോടുള്ള സ്നേഹവും വാത്സല്യവുമായിരുന്നു ബാലഭാസ്കറിന് തന്നോട് എന്ന് രാജലക്ഷ്മി പറയുമ്പോൾ‌ ആ വാക്കുകളിൽ നോവ് പടരുന്നു. പ്രിയപ്പെട്ട ‘ബാലു ചേട്ടനെ’ക്കുറിച്ചുള്ള ഓർമകളുമായി രാജലക്ഷ്മി മനോരമ ഓൺലൈനിനൊപ്പം. 

 

അന്ന് ഞാൻ ബാലു ചേട്ടന്റെ ആരാധിക

 

ബാലു ചേട്ടനുമായി വലിയ ആത്മബന്ധം ഉണ്ടായിരുന്നു എനിക്ക്. എന്റെ ഭർത്താവും ബാലു ചേട്ടനും ഒരേ സ്കൂളിൽ ആയിരുന്നു പഠിച്ചത്. അതുകൊണ്ടു തന്നെ അവർ തമ്മിൽ വർഷങ്ങൾ നീണ്ട സൗഹൃദം ആയിരുന്നു. സ്കൂളിൽ പഠിക്കുന്ന കാലത്ത് ഞാൻ ബാലു ചേട്ടന്റെ വലിയ ആരാധികയായിരുന്നു. വർഷങ്ങൾക്കിപ്പുറം വിവാഹം കഴിച്ച് ഞാൻ തിരുവനന്തപുരത്തേയ്ക്കെത്തി. ബാലു ചേട്ടന്റെ നാട്ടിലേയ്ക്ക് എത്തിയ കാര്യം ഓർത്തപ്പോൾ തന്നെ എനിക്ക് വലിയ സന്തോഷമായിരുന്നു. ഞങ്ങൾ ഒരുമിച്ച് ഒരുപാട് സംഗീതപരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. ബാലു ചേട്ടനെ പരിചയപ്പെടാനാകുമെന്നോ ഇത്രയും ആഴമേറിയ ആത്മബന്ധം ഉണ്ടാകുമെന്നോ ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. 

 

മറക്കാനാകാത്ത കെനിയൻ യാത്ര

 

ഒരിക്കൽ ഞങ്ങൾ എല്ലാവരും ചേർന്ന് കെനിയയിലേയ്ക്ക് ഒരു യാത്ര പോയി. ബാലു ചേട്ടനൊപ്പമുള്ള അനുഭവങ്ങളിൽ ഒരിക്കലും മറക്കാനാകാത്തതാണ് ആ യാത്ര. ഒരുമിച്ച് യാത്രകൾ പോവുകയും കുറച്ചു ദിവസം ഒരുമിച്ചു ചിലവഴിക്കുകയും ചെയ്യുമ്പോഴാണ് ഞങ്ങൾ സുഹൃത്തുക്കളും കലാകാരന്മാരുമൊക്കെയായി വലിയ അടുപ്പവും സ്നേഹവുമൊക്കെ തോന്നുക. ബാലു ചേട്ടൻ എപ്പോഴും സംഗീതചർച്ചകളാണ് നടത്തുക. അല്ലാതെയുള്ള സംസാരങ്ങൾ കുറവാണ്. ആ യാത്ര കഴിഞ്ഞെത്തിയപ്പോഴേക്കും ബാലു ചേട്ടനെ കൂടുതൽ മനസ്സിലാക്കി. അദ്ദേഹവുമായി വലിയ ആത്മബന്ധം തോന്നി. 

 

അദ്ദേഹത്തിനു ഞാൻ അനുജത്തി

 

എനിക്ക് എപ്പോഴും സംഗീതത്തിൽ ഉപദേശങ്ങളും നിർദ്ദേശങ്ങളുമൊക്കെ തരുമായിരുന്നു. ഒരു അനുജത്തിയോടുള്ള സ്നേഹമായിരുന്നു ബാലു ചേട്ടന് എന്നോട്. അദ്ദേഹത്തിനുള്ളതു പോലെ സംഗീജ്ഞാനം ഇല്ലാത്തതുകൊണ്ട് എനിക്ക് അദ്ദേഹത്തിനൊപ്പം വേദികളിൽ പാടാൻ എനിക്കു പേടിയായിരുന്നു. എന്നാൽ, നീ എന്തിനാണു പേടിക്കുന്നത്. തെറ്റിക്കോട്ടെ. തെറ്റിയാലേ നമ്മൾ ശരി പഠിക്കുകയുള്ളു എന്നു പറഞ്ഞ് ബാലു ചേട്ടൻ എനിക്ക് ധൈര്യം നൽകുമായിരുന്നു. പല കലാകാരന്മാരും ബാലു ചേട്ടനൊപ്പം വേദി പങ്കിടുന്ന കാര്യമോർത്ത് ടെൻഷൻ ആകുന്നത് ഞാൻ കണ്ടിട്ടുമുണ്ട്. ബാലു ചേട്ടൻ എപ്പോഴും ആരോഗ്യ കാര്യങ്ങളും ശ്രദ്ധിക്കുമായിരുന്നു. എന്നോട് വണ്ണം കുറയ്ക്കണമെന്നും മുടങ്ങാതെ വ്യായാമം ചെയ്യണമെന്നുമൊക്കെ സ്നേഹോപദേശം നൽകിയിരുന്നു. ഒരു അനുജത്തിയോട് വാത്സല്യ പൂർവം പെരുമാറുന്ന ചേട്ടനായിരുന്നു എനിക്ക് അദ്ദേഹം. 

 

മകന്റെ സൂപ്പർ ഹീറോ

 

എന്റെ മകൻ ആര്യനുമായി ബാലു ചേട്ടന് വളരെ അടുപ്പമുണ്ടായിരുന്നു. മോന് ബാലു മാമൻ എന്നു പറഞ്ഞാൽ പ്രാണൻ ആയിരുന്നു. അവൻ അവന്റെ മുറിയുടെ വാതിലിൽ സ്പൈഡർമാന്റെയും സൂപ്പർമാന്റെയും സ്റ്റിക്കറുകൾക്കൊപ്പം ബാലു ചേട്ടന്റെ പടവും ഒട്ടിച്ചു വച്ചിട്ടുണ്ട്. ആര്യൻ ബാലു ചേട്ടന് ഒരു സൂപ്പര്‍ ഹീറോ സ്ഥാനമാണ‌് കൊടുക്കുന്നത്. 

 

തിരികെ വന്നിരുന്നെങ്കിൽ

 

തിരുവനന്തപുരത്തുള്ളപ്പോൾ ഇടയ്ക്ക് ഞങ്ങൾ പരസ്പരം കാണാറുണ്ടായിരുന്നു. പിന്നെ എന്നും കണ്ടില്ലെങ്കിലും വിളിച്ചില്ലെങ്കിലും എന്താവശ്യത്തിനും ബാലു ചേട്ടൻ അടുത്ത് തന്നെ ഉണ്ട് എന്ന ഒരു ഫീലായിരുന്നു. സംഗീതത്തിൽ എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കില്‍ ബാലു ചേട്ടനെ വിളിച്ചാൽ മതിയായിരുന്നു. ബാലു ചേട്ടന്റെ ഈ ജന്മദിനത്തിലും അദ്ദേഹത്തെ ഓർക്കുകയാണ്. അദ്ദേഹത്തെ പോലെ ഒരു കലാകാരനെ ഇനി മലയാളികൾക്ക് കിട്ടുമോ? അത്രയും സ്നേഹവും കഴിവുമുള്ള പ്രതിഭയായിരുന്നു അദ്ദേഹം. ആ കലാകാരനെ എന്നും ഹൃദയത്തിൽ സൂക്ഷിക്കുകയാണ്. ബാലു ചേട്ടൻ തിരിച്ചു വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com