ADVERTISEMENT

അഭിനേത്രിയും ഗായികയും മോഡലുമായ നയാ റിവേരയെ തടാകത്തിൽ കാണാതായതിനു പിന്നാലെ സമൂഹമാധ്യമ ലോകത്ത് പല സിദ്ധാന്തങ്ങളും ചർച്ചകളും ഉടലെടുക്കുകയാണ്. 2009 മുതൽ 2015 വരെ ഫോക്‌സിൽ സംപ്രേക്ഷണം ചെയ്ത മ്യൂസിക്കൽ-കോമഡി സീരിസായ ഗ്ലീയിലൂടെയാണ് റിവേര പ്രശസ്തയായത്. ഗ്ലീയിൽ അഭിനയിച്ച താരങ്ങളിൽ പലരും ദുരൂഹസാഹചര്യങ്ങളിൽ മരിച്ചതും ചിലർക്കു നേരിടേണ്ടിവന്ന അപ്രതീക്ഷിത ദുരിതങ്ങളുമാണ് പുതിയ പല അനുമാനങ്ങൾക്കും ആധാരം. ഗ്ലീയിലെ താരങ്ങളായ കോറി മൊണ്ടേയിത്ത്, മാർക്ക് സെയ്‌ലിങ് എന്നിവരുടെ മരണവും ബെക്കാ ടോബിൻ, മെലീസ ബെനോയിസ്റ്റ് എന്നിവരുടെ സ്വകാര്യ ജീവിതത്തിലെ ദുരിതങ്ങളുമാണ് ഇപ്പോൾ നയാ റിവേരയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ചർച്ചയായിരിക്കുന്നത്.

 

കനേഡിയൻ പൗരനും നടനും ഗായകനുമായ കോറി മൊണ്ടേയിത്തിനെ 2013 ജൂലൈയില്‍ കാനഡയിലെ ഒരു ആഡംബര ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൊണ്ടേയിത്തിന്റെ ശരീരത്തിൽ നിന്ന് മദ്യത്തിന്റെയും മയക്കു മരുന്നിന്റെയും സാന്നിധ്യം കണ്ടെത്തിയിരുന്നു. ലഹരി വസ്തുക്കളുടെ അമിത ഉപയോഗമാണ് മരണകാരണമായെന്നായിരുന്നു പൊലീസ് നിഗമനം. 

 

ഗ്ലീയിലെ മറ്റൊരു അഭിനേതാവായിരുന്ന മാർക്ക് സെയിലിങ് 2018 ജനുവരിയിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വിഡിയോകളും കൈവശം വച്ചതിന് നടനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതി ഏഴ് വർഷം തടവിനു വിധിച്ചതിനു തൊട്ടുപിന്നാലെയാണ് സെയിലിങ് തൂങ്ങി മരിച്ചത്.

 

നടി ബെക്കാ ടോബിന്റെ കാമുകൻ മാറ്റ് ബെൻടിക് 2014ൽ മരിച്ചതാണ് മറ്റൊരു സംഭവം. പബ് ഉടമയായ മാറ്റ് ബെൻടിക് ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. ഗ്ലീയിലെ താരങ്ങളായ മെലീസ ബെനോയിസ്റ്റും ബ്ലേക്ക് ജെന്നറും രഹസ്യമായി വിവാഹിതരായിരുന്നു. 2017 ൽ മെലീസ ബേക്ക് ജെന്നറിൽ നിന്ന് വിവാഹമോചനം നേടിയത് വലിയ ചർച്ചയായി. ബ്ലേക്ക് ജെന്നർ തന്നെ ശാരീരികമായി ഉപദ്രവിച്ചിരുന്നുവെന്നും പീഡനം സഹിക്കാതെയാണ് വിവാഹമോചനം നേടുന്നതെന്നും മെലീസ വെളിപ്പെടുത്തി. ഗ്ലീയിലെ വനിതാ താരങ്ങളുടെ നഗ്ന ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതും വലിയ കോളിളക്കം സൃഷ്ടിച്ച സംഭവമാണ്. 

 

ഇപ്പോൾ റിവേരയെ കാണാതായതോടെ ഗ്ലീയിലെ താരങ്ങളെ  ശാപം വേട്ടയാടുന്നുവെന്നും ദുരിതങ്ങൾ‌ വിടാതെ പിന്തുടരുന്നുവെന്നുമാണ് സമൂഹമാധ്യമ ലോകം അഭിപ്രായപ്പെടുന്നത്. എന്നാൽ പുതിയ അനുമാനങ്ങൾക്കും സിദ്ധാന്തങ്ങൾക്കെതിരേ റിവേരയുടെ സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധി പേർ രംഗത്തെത്തി. അന്ധവിശ്വാസങ്ങൾക്കും ബാലിശമായ ചർച്ചകൾക്കും പിന്നാലെ പോകാതെ റിവേരയുടെ മടങ്ങി വരവിനായി എല്ലാവരും കൈ കോർക്കണമെന്നും പ്രാർഥിക്കണമെന്നും അവർ പറഞ്ഞു. 

 

കഴിഞ്ഞ ബുധനാഴ്ചയാണ് നയാ റിവേരയെ സതേൺ കാലിഫോർണിയയിലെ പിരു തടാകത്തില്‍ കാണാതായത്. 33കാരിയായ റിവേര നാലു വയസ്സുകാരൻ മകനൊപ്പം ബോട്ടിൽ യാത്ര ചെയ്യവെയാണ് അപകടം. സംഭവത്തിനു തൊട്ടുമുൻപ് മകനൊപ്പമുള്ള ചിത്രം റിവേര സമൂഹമാധ്യമത്തിൽ പോസ്റ്റു ചെയ്തിരുന്നു. ബുധനാഴ്ച ആരംഭിച്ച തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. മരിച്ചുവെന്ന നിഗമനത്തിലാണ് പോലീസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com