ADVERTISEMENT

സമൂഹമാധ്യമങ്ങളിൽ തരംഗമായി ഗായിക ഇന്ദുലേഖ വാര്യരുടെ പെൺ റാപ്പ്. സ്ത്രീകളോടു പൊതുസമൂഹം വച്ചുപുലർത്തുന്ന തെറ്റായ മനോഭാവങ്ങളെ ശക്തമായ ഭാഷയിൽ പൊളിച്ചടക്കുന്നതാണ് ഇന്ദുലേഖയുടെ വരികളും അവതരണവും. സ്വന്തമായി വരികളെഴുതി യുവഗായിക പാടി അവതരിപ്പിച്ച ഗാനം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇതാദ്യമായാണ് ഇന്ദുലേഖ ഒരു റാപ്പ് ഗാനം ഒരുക്കുന്നത്. 

 

"ആരു പെണ്ണിനെ അടുക്കളയ്ക്ക് കാവലാക്കി

ആരു പെൺനാക്കിൽ ഞാണുകൾ വരിഞ്ഞുകെട്ടി

പെണ്ണു പൊള്ളയെന്ന് നാടുറക്കെ ഏറ്റുപാടി

പെണ്ണു പൊന്നെന്ന് പെണ്ണു മാത്രം ഓർത്തുപാടി"

 

പ്രാസമൊപ്പിച്ച് നല്ല മലയാളത്തിൽ ഇന്ദുലേഖ പാടുമ്പോൾ ഇതെല്ലാം ഉറച്ച ശബ്ദത്തിൽ പറയേണ്ടതു തന്നെയാണ് ആസ്വാദകരും പക്ഷം ചേരുന്നു. കുറച്ചു വർഷങ്ങളായി മനസിലുണ്ടായിരുന്ന വരികളാണ് ഇവയെന്നും റാപ്പ് ശൈലിയിൽ അവതരിപ്പിക്കാൻ തോന്നിയത് ഇപ്പോഴാണെന്നും ആമുഖമായി കുറിച്ചു കൊണ്ടാണ് ഇന്ദുലേഖ പെൺ റാപ്പ് പങ്കുവച്ചത്. 'പെണ്ണു നിന്റെ അടിമയല്ല, പെണ്ണിനാരും താങ്ങ് വേണ്ട, പെണ്ണിൻ നാവ് നീളെ വാഴും' എന്നിങ്ങനെ ശക്തമായ സ്ത്രീപക്ഷ നിലപാടുകളാണ് ഇന്ദുലേഖ പാട്ടിലൂടെ മുന്നോട്ടു വയ്ക്കുന്നത്. 

 

നടനും അവതാരകനുമായ ജയരാജ് വാര്യരുടെ മകളാണ് ഇന്ദുലേഖ. ഭർത്താവ് ആനന്ദ് അച്ചുതൻകുട്ടിയ്ക്കൊപ്പം ചെന്നൈയിലാണ് ഇന്ദുലേഖ ഇപ്പോഴുള്ളത്. റാപ്പ് വിഡിയോ ചിത്രീകരിച്ചതും ആനന്ദ് ആണ്. വോയ്സ് എഫക്ട്സ് ചെയ്തത് മ്യൂസിക് പ്രോഗ്രാമറായ എഡ്‍വിൻ ജോൺസൺ ആണ്. യുവതാരം നീരജ് മാധവ് ഒരുക്കിയ 'പണി പാളി' എന്ന റാപ്പ് ഗാനം ഇന്ദുലേഖ അവതരിപ്പിച്ചതും ശ്രദ്ധ നേടിയിരുന്നു. അപ്പോത്തിക്കിരി, ഓട്ടർഷ തുടങ്ങിയ ചിത്രങ്ങളിൽ ഇന്ദുലേഖ ആലപിച്ച ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

English Summary: Malayalam rap by  Indulekha Warrier

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com