ADVERTISEMENT

‘പൂമരം പൂത്തുലഞ്ഞേ

പൂവാകയിൽ പൂത്തുമ്പി പാറി വന്നേ..

ഇന്നെന്റെ നെഞ്ചകത്തിൽ

തേനൂറും പൂവായ് നീ വിരിഞ്ഞേ.....’

 

ഓൺലൈൻ ക്ലാസ്സിന്റെ ഇടവേളയിൽ താളം പിടിച്ച് വരികൾ തെറ്റാതെയും ഈണം മുറിയാതെയും ഈ പാട്ട് പാടുന്ന കൗമാരക്കാരനാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. വയനാട് ചുണ്ടേൽ ആർ.സി.എച്.എസ്‌.എസ്‌ സ്കൂളിലെ എട്ടാം ക്ലാസ്‌ വിദ്യാർഥി സനൂജ്‌ ആണ് സ്വതസിദ്ധമായ ആലാപനത്തിലൂടെ ജില്ലാ കലക്ടറുടെയുൾപ്പെടെ പ്രശംസ പിടിച്ചു പറ്റിയത്. കലക്ടർ അദീല അബ്ദുല്ലയാണ് കൊച്ചു കലാകാരന്റെ പാട്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ‘ഒരു പാട്ട് കേട്ട്‌ നോക്കിയാലോ’ എന്ന ആമുഖത്തോടെയാണ് കലക്ടറുടെ കുറിപ്പ്.

 

‘ഒരു പാട്ട് കേട്ട്‌ നോക്കിയാലോ. ചുണ്ടേൽ ആർ.സി.എച്.എസ്‌.എസ്‌ സ്കൂളിലെ എട്ടാം ക്ലാസ്‌ വിദ്യാർത്ഥിയായ സനൂജ്‌ മനോഹരമായി പാടുന്നത്‌, ഓൺലൈൻ ക്ലാസിന്റെ ഇടവേളയിലാണ്‌. മേപ്പാടി പഞ്ചായത്തിലെ ആനപ്പാറയിൽ പട്ടികവർഗ്ഗ വികസന വകുപ്പൊരുക്കിയ ഓൺലൈൻ പഠനവീട്ടിൽ സനൂജും കൂട്ടുകാരും പഠനവും ഒപ്പം കലാപരിപാടികളുമായി മുന്നേറുകയാണ്‌. ആനപ്പാറ കോളനിയിലെ ഇന്ദിര - കൃഷ്ണൻ ദമ്പതികളുടെ മകനാണ്. അഭിനന്ദനങ്ങൾ.പ്രതിസന്ധികളിൽ കേരളം ഇങ്ങനെയും കൂടിയാണ് കരുത്ത് കാട്ടുന്നത്. നമ്മൾ അതിജീവിക്കും’– സനൂജിന്റെ പാട്ട് പങ്കുവച്ച് അദീല അബ്ദുല്ല കുറിച്ചു.

 

ഏറെ ആസ്വദിച്ചാണ് സനൂജിന്റെ പാട്ട്. പാട്ടിനൊപ്പം താളം പിടിച്ച് കൂട്ടുകാരും സമീപത്തുണ്ട്. പാട്ട് വൈറലായതോടെ സമൂഹമാധ്യമങ്ങളിലൂടെ സനൂജിനെ നിരവധി പേരാണു അഭിനന്ദിച്ചത്. തിരക്കുകൾക്കിടയിലും കുഞ്ഞു കലാകാരനെ കണ്ടെത്തി പ്രോത്സാഹനം നൽകിയതിന് അദീല അബ്ദുല്ലയെയും നിരവധി പേർ പ്രശംസിച്ചു. വിഡിയോയിൽ ദൃശ്യമായ സനൂജിന്റെ വീട്ടിലെ പരിമിതമായ സൗകര്യങ്ങളും സമൂഹമാധ്യമ ലോകത്ത് ചർച്ചയായി. ഇത്തരം കലാകാരന്മാർ വളർന്നു വരാനായി പിന്തുണ നൽകണമെന്നും സൗകര്യപ്രദമായ ജീവിത സാഹചര്യം ഒരുക്കാൻ അധികാരികൾ ഉൾപ്പെടെ മുന്നിട്ടിറങ്ങണമെന്നും പാട്ടാസ്വാദകർ പ്രതികരിച്ചു. 

 

English Summary: Wayanad district collector Adeela Abdulla shares teenager Sanuj singing video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com