ADVERTISEMENT

ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങളും രഹസ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിന് ഭാര്യ കിം കർദാഷിയാനോടു പരസ്യമായി മാപ്പ് ചോദിച്ച് അമേരിക്കൻ റാപ്പർ കന്യേ വെസ്റ്റ്. ദാമ്പത്യ ജീവിതം അവസാനിപ്പിക്കുകയാണെന്നും കിമ്മുമായി വേർപിരിയുകയാണെന്നും കഴി‍ഞ്ഞ ദിവസം ഗായകൻ സമൂഹമാധ്യമത്തിൽ കുറിച്ചിരുന്നു. തൊട്ടു പിന്നാലെ കിമ്മിന്റെ മറുപടിയുമെത്തിയിരുന്നു. വെസ്റ്റ് ബൈപോളാർ ഡിസോർഡറിലൂടെ കടന്നുപോകുകയാണെന്നും അതിനാൽ എല്ലാവരും അദ്ദേഹത്തോട് സഹതാപപൂർവം പെരുമാറണമെന്നുമായിരുന്നു കിമ്മിന്റെ മറുപടി. 

 

‘കന്യേ വെസ്റ്റ് അതി ബുദ്ധിമാനും അത്ര തന്നെ സങ്കീർണതയുമുള്ള വ്യക്തിയാണ്. ഗായകൻ, കറുത്ത വർഗക്കാരൻ, വേദനാജനകമാം വിധം അമ്മയെ നഷ്ടപ്പെട്ട ആൾ എന്നീ നിലകളിൽ അദ്ദേഹം ജീവിതത്തിൽ ഒരുപാട് മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്നുണ്ട്. ഈ സാഹചര്യങ്ങൾ അദ്ദേഹത്തെ ബൈപോളാർ ഡിസോർഡറിലേക്ക് എത്തിച്ചിരിക്കുന്നു. അദ്ദേഹവുമായി അടുത്തു പരിചയമുള്ളവർക്കെല്ലാം ഇക്കാര്യത്തെക്കുറിച്ചു നന്നായി അറിയാം. കന്യേ പറയുന്ന കാര്യങ്ങൾ നിങ്ങൾ ഗൗരവത്തിലെടുക്കേണ്ട’.– കിം കർദാഷിയാൻ കുറിച്ചു.

 

ഇരുവരുടെയും പോസ്റ്റുകൾ സമൂഹമാധ്യമ ലോകത്ത് വലിയ ചർച്ചയായതോടെ ഭാര്യയോട് കന്യേ വെസ്റ്റ് പരസ്യമായി മാപ്പ് പറഞ്ഞു. ‘ദാമ്പത്യ ജീവിതത്തിലെ രഹസ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പരസ്യമാക്കിയതിന് ഞാൻ എന്റെ ഭാര്യ കിമ്മിനോട് മാപ്പു ചോദിക്കുകയാണ്. അവൾ എനിക്കു നൽകിയ സ്നേഹവും കരുതലും ഞാൻ ഇതുവരെ തിരിച്ചു കൊടുത്തിട്ടില്ല. കിം, നിന്നെ ഞാൻ വേദനിപ്പിച്ചുവെന്നറിയാം. എന്നോടു ക്ഷമിക്കണം. എപ്പോഴും എനിക്കൊപ്പം നിൽക്കുന്നതിന് നിനക്കു നന്ദി’, എന്നാണ് കന്യേ സമൂഹമാധ്യമത്തിൽ കുറിച്ചത്.

 

അടുത്ത സുഹൃത്തുക്കളായിരുന്ന കിമ്മും കന്യേ വെസ്റ്റും 2014–ൽ ആണ് വിവാഹിതരായത്. ഇരുവർക്കും നാല് മക്കൾ ഉണ്ട്. 2002 മുതൽ 2006 വരെ അലക്സിസ് എന്ന പെൺസുഹൃത്തിനൊപ്പം ലിവിങ് റിലേഷൻഷിപ്പിൽ ആയിരുന്നു വെസ്റ്റ്. വിവാഹിതരാകാൻ തീരുമാനിച്ചിരുന്നുവെങ്കിലും ഇവർ പിന്നീട് വേർപിരിഞ്ഞു. അതിനു ശേഷം 2008–ൽ മോഡൽ ആംബർ റോസുമായി ജീവിതം ആരംഭിച്ചുവെങ്കിലും 2010–ൽ ആ ബന്ധവും അവസാനിച്ചു. പിന്നീടാണ് വെസ്റ്റ് കിമ്മിനെ വിവാഹം ചെയ്തത്. ഒരു വർഷത്തെ ലിവിങ് റിലേഷനു ശേഷമായിരുന്നു വിവാഹം. കിമ്മിന്റെ മൂന്നാം വിവാഹമായിരുന്നു ഇത്. അമേരിക്കൻ ബാസ്കറ്റ് ബോൾ താരം ക്രിസ്, ഗാനരചയിതാവ് ഡാമൺ തോമസ് എന്നിവരാണ് കിമ്മിന്റെ മുൻ ഭർത്താക്കന്മാർ. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com