sections
MORE

'കോവിഡ് വാക്സിൻ പുറത്തിറക്കാത്തത് സമ്പന്നരെ സഹായിക്കാൻ'; മഡോണയുടെ വിവാദ പോസ്റ്റ് നീക്കം ചെയ്തു

madonna-new
SHARE

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തെറ്റായ സന്ദേശം പ്രചരിപ്പിച്ച പോപ് താരം മഡോണയുടെ വിവാദ പോസ്റ്റ് നീക്കം ചെയ്തു. കോവിഡ് വാക്സിൻ മാസങ്ങൾക്കു മുൻപുതന്നെ കണ്ടുപിടിച്ചുവെന്നും അത് രഹസ്യമായി സൂക്ഷിക്കുകയാണെന്നുമായിരുന്നു കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിലൂടെ മഡോണ പറഞ്ഞത്. വസ്തുതാവിരുദ്ധമെന്നു ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയ ആപ്പ് തന്നെ പോസ്റ്റ് നീക്കം ചെയ്യുകയായിരുന്നു. 

അമേരിക്കയില്‍ കോവിഡ് ബാധിച്ച 350 പേർ ഹൈഡ്രോക്സി ക്ലോറോക്വിന്‍ ഉപയോഗത്തിലൂടെ സുഖം പ്രാപിച്ചുവെന്ന് കഴിഞ്ഞ ദിവസം ഹൂസ്റ്റണിലെ ഡോ.സ്റ്റെല്ല ഇമ്മാനുവല്‍ പറഞ്ഞിരുന്നു. കോവിഡിനുള്ള അദ്ഭുത മരുന്നാണിതെന്ന് അറിയിച്ച് സ്റ്റെല്ല പോസ്റ്റു ചെയ്ത വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു. ആ വിഡിയോ ക്ലിപ്പുകൾ പങ്കുവച്ചുകൊണ്ടായിരുന്നു മഡോണയുടെ പോസ്റ്റ്. 

വാക്സിൻ കോവിഡിനെ തുരത്തുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ് എന്നായിരുന്നു മഡോണയുടെ വാദം. ജനങ്ങളെ കൂടുതൽ ഭയപ്പെടുത്താനും സമ്പത്തുള്ളവരെ അതിസമ്പന്നരും ദരിദ്രരെ കൂടുതൽ ദരിദ്രരും രോഗികളുമാക്കി നിലനിർത്താനും വേണ്ടിയാണ് വാക്സിൻ പുറത്തിറക്കാത്തത് എന്ന് മഡോണ വിമർശിച്ചു.  എന്നാൽ മഡോണയുടേത് അർഥശൂന്യമായ വാദം ആണെന്ന് വ്യക്തമാക്കി നിരവധി പേർ രംഗത്തെത്തി. തുടർന്നാണ്, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെന്ന പേരിൽ പോസ്റ്റ് നീക്കം ചെയ്തത്.

കോവിഡ് പ്രതിരോധ ‌പ്രവർത്തനങ്ങളിൽ തുടക്കം മുതൽ ഹൈഡ്രോക്സി ക്ലോറോക്വിന്റെ ഉപയോഗത്തെച്ചൊല്ലിയുള്ള വിവാദങ്ങൾ ഉയർന്നിരുന്നു. ഈ മരുന്ന് കോവിഡ് ചികിത്സയിൽ നിർണായകമാകുമെന്ന് ആദ്യം പറഞ്ഞതു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആയിരുന്നു. മലേറിയയ്ക്കുള്ള മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിൻ നേരിയ തോതിൽ കോവിഡ് രോഗബാധയുള്ളവരില്‍ ഉപയോഗിക്കാമെന്ന് ചികിത്സാമാർഗ രേഖയില്‍ വ്യക്തമാക്കിയിരുന്നുവെങ്കിലും അതു ഫലപ്രദമല്ലെന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) പിന്നീട് അറിയിച്ചു.

കോവിഡ് കാലത്ത് മുൻപും വിവാദങ്ങളിൽപ്പെട്ടിട്ടുണ്ട് മഡോണ. നഗ്നയായി ബാത്ത് ടബ്ബിൽ ഇരുന്ന് കോവിഡിനെതിരെ ജാഗ്രതാ നിർദ്ദേശം നൽകിയതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കോവിഡ് എല്ലാവരെയും തുല്യരാക്കുകയും ഒന്നിപ്പിക്കുകയും ചെയ്യുമെന്നും വൈറസിന് മുഖം നോട്ടമില്ലെന്നുമാണ് റോസാപ്പൂവിതളുകൾ വിതറിയ ബാത്ത് ടബ്ബിലിരുന്ന് ഗായിക പറഞ്ഞത്. 

English Summary: Social Media blocks pop star Madonna's post for spreading misinformation about covid 19

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA