ADVERTISEMENT

ഷെയ്ൻ നിഗം നായകനായെത്തുന്ന ഖൽബിലെ ടൈറ്റിൽ ഗാനം ബലിപ്പെരുന്നാൾ ദിനത്തിൽ മമ്മൂട്ടി ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിലൂടെ പുറത്തിറക്കി. കഴിഞ്ഞ വർഷത്തെ മെഗാഹിറ്റ് ഗാനങ്ങളിൽ ഒന്നായ ജാതിക്കാത്തോട്ടത്തിന്റെ രചയിതാവ് സുഹൈൽ കോയ ആണ് പാട്ടിനു വരികളൊരുക്കിയത്. വിമല്‍ നാസറും റെനീഷ് ബഷീറും ചേർന്ന് സംഗീതം നൽകിയ ഗാനം വിനീത് ശ്രീനിവാസൻ ആലപിച്ചിരിക്കുന്നു.

 

‘പടച്ചവന്‍ നിന്നെ പടച്ചപ്പോള്‍ 

മിഴികള്‍ കരികൊണ്ട് വരച്ചപ്പോള്‍ 

എന്നെയോർത്തു കാണും

എന്റെ ഇഷ്ടമോർത്തു കാണും’

 

ഷെയ്ൻ നിഗത്തിന്റെ പ്രണയാർദ്രമായ ആമുഖത്തോടെയാണ് ഗാനം ആരംഭിക്കുന്നത്. തികച്ചും വ്യത്യസ്തമായ രീതിയിൽ അവതരിപ്പിക്കപ്പെട്ട പാട്ടിന് മികച്ച പ്രേക്ഷകസ്വീകാര്യതയാണു ലഭിക്കുന്നത്. പ്രാസം ഒപ്പിച്ച വരികൾ തന്നെയാണ് പാട്ടിന്റെ മുഖ്യ ആകർഷണം എന്ന് ആസ്വാദകർ വിലയിരുത്തി. പ്രണയത്തിന്റെ ഏഴു തലങ്ങള്‍ അനാവരണം ചെയ്യുന്ന പ്രണയകഥയായ ഖല്‍ബിന്റെ ആത്മാവ് ഒപ്പിയെടുക്കുന്നതാണ് ഗാനമെന്ന് ചിത്രത്തിന്റെ സംവിധായകൻ സാജിദ് യഹിയ പറഞ്ഞു. 

 

സംഗീതാത്മകമായി ഒരുക്കുന്ന ചിത്രത്തില്‍ പന്ത്രണ്ട് ഗാനങ്ങളാണുള്ളത്. സുഹൈല്‍ കോയ തന്നെയാണ് എല്ലാ ഗാനത്തിനും വരികളൊരുക്കിയത്. വിമലിനെയും റെനീഷിനെയും കൂടാതെ പ്രകാശ് അലക്‌സ്, നിഹാല്‍ സാദിഖ്, ക്രിസ് അൻഡ് മാക്‌സ് എന്നിവരും ചേർന്നാണ് സംഗീതസംവിധാനം നിർവഹിക്കുന്നത്.

 

സിനിമയുടെ തിരക്കഥ ഒരുക്കുന്നത് സാജിദ് യഹിയയും സുഹൈൽ കോയയും ചേർന്നാണ്. സിദ്ധിഖ്, സൈജു കുറുപ്പ്, മുത്തുമണി, ബിനീഷ് കോടിയേരി തുടങ്ങിയവരാണ് ഖൽബിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൂർണമായും  ആലപ്പുഴയിൽ ചിത്രീകരിക്കുന്ന സിനിമ പ്രണയത്തിനൊപ്പം ആക്‌ഷനും പ്രാധാന്യം നൽകിയാണ് ഒരുക്കുന്നത്. 

 

English Summary: QALB movie title song

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com