‘ഞാൻ മനസ്സ് കൊണ്ടു വിവാഹിതൻ, അവൾ ഇന്നെവിടെയോ ജീവിക്കുന്നു’; ‘നെഞ്ചിനുള്ളിൽ നീയാണ് ഫാത്തിമ’ ഗായകൻ പറയുന്നു

tajudheen-song
SHARE

‘നെഞ്ചിനുള്ളിൽ നീയാണ് 

‌കണ്ണിൻ മുന്നിൽ നീയാണ്

കണ്ണടച്ചാൽ നീയാണ് ഫാത്തിമ

ഫാത്തിമാ.....’

ഒരുകാലത്ത് യുവത്വത്തിന്റെ ഹരമായിരുന്നു ഈ ഗാനം. പ്രണയവും വിരഹവും നൊമ്പരവും നിറച്ച് ഒരു പതിറ്റാണ്ടിലെ കമിതാക്കളെയാകെ പാട്ടിലാക്കിയ ഗാനം ‘ഖൽബാണ് ഫാത്തിമ’ എന്ന ആൽബത്തിലേതാണ്. പതിനാറ് വർഷങ്ങൾക്കു മുൻപ് പുറത്തിറങ്ങിയ ഈ ഗാനം ആസ്വാദക ഹൃദയങ്ങളെ ഒന്നാകെ തൊട്ടു. അക്കാലത്ത് എല്ലായിടത്തും ഒരുപോലെ മുഴങ്ങിക്കേട്ടത് ഫാത്തിമയും അവളുടെ പ്രണയവും മാത്രമായിരുന്നു. ആ കല്യാണ വീടും ദു:ഖം മറച്ച് പുഞ്ചിരി തൂകി പാടുന്ന കാമുകഹൃദയവും എത്രയോ കമിതാക്കളുടെ ജീവിതചിത്രമായിരിക്കും. ഈ ഒറ്റ ഗാനം മതി താജുദ്ദീൻ വടകര എന്ന ഗായകനെ ഓർക്കാൻ. ജീവിക്കാൻ വേണ്ടി എഴുതിയ പാട്ടുകളെ ജനങ്ങൾ നെഞ്ചോട് ചേർത്തതിന്റെ ഓർമകളും സന്തോഷവും ജീവിതചിത്രവും ഇപ്പോൾ പങ്കുവച്ചിരിക്കുകയാണ് താജുദ്ദീൻ. ബലിപ്പെരുന്നാളിനോടനുബന്ധിച്ച് മനോരമ ന്യൂസ് ഒരുക്കിയ പ്രത്യേക പരിപാടിയിലാണ് ഗായകൻ മനസ്സ് തുറന്നത്. 

‘ഖൽബാണ് ഫാത്തിമ എന്ന സംഗീത ആൽബത്തിലെ ഓരോ പാട്ടിലും എന്റെ ജീവിതവും പ്രണയവും വിരഹവുമൊക്കെയുണ്ട്. ആത്മാംശം ഉള്ളതുകൊണ്ടാകാം ജനങ്ങൾക്ക് അവയെല്ലാം ഇത്രയേറെ ഇഷ്ടമായത്. അന്നത്തെ ജീവിതത്തിന്റെ പല ഭാഗങ്ങളാണ് ആ പാട്ടുകളിലുള്ളത്. ഖൽബാണ് ഫാത്തിമ പുറത്തിറങ്ങുന്ന സമയത്ത് എന്റെ ജീവിതത്തിലും ഒരു 'ഫാത്തിമ'യുണ്ടായിരുന്നു. ഞങ്ങൾ രണ്ടു പേരും രണ്ടു മതത്തിൽപ്പെട്ട ആളുകളായിരുന്നു. വർഷങ്ങൾക്കു മുൻപു തന്നെ ഞങ്ങൾ പിരിഞ്ഞു. ഇപ്പോൾ അവൾ എവിടെയോ സുഖമായി ജീവിക്കുന്നു. 

അവളോടുള്ള പ്രണയം പൂർണമായും ഞാൻ മനസ്സിൽ നിന്നും ഒഴിവാക്കി. മറ്റൊരു സ്ത്രീയോട് നീതിപുലർത്താനാകുമോ സ്നേഹിക്കാനാകുമോയെന്ന സംശയമുള്ളതുകൊണ്ടാണ് ഇപ്പോഴും വിവാഹം കഴിക്കാത്തത്. ഒരുമിച്ചു താമസിക്കാനും ഭക്ഷണം പാകം ചെയ്തു തരാനും വീട്ടുകാർക്കൊപ്പം നിൽക്കാനുമായി മാത്രം ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ പാടില്ല. അവളെ എനിക്കു സ്നേഹിക്കാൻ സാധിക്കണം. അല്ലാത്തപക്ഷം ഞാൻ അത് അവളോടു ചെയ്യുന്ന നീതികേടായിരിക്കും. ജീവിതം ഒരിക്കലും അഡ്ജസ്റ്റ്മെന്റ് ആകരുത്. അത് ഒരു സമർപ്പണമായിരിക്കണം. 

ഇപ്പോൾ ദൈവാനുഗ്രഹത്താൽ എന്നെ സ്നേഹിക്കുന്ന ഒരാൾ ജീവിതത്തിൽ ഉണ്ട്. അവരിൽ നിന്ന് എനിക്കൊരുപാട് സ്നേഹം ലഭിക്കുന്നു. വിവാഹം ഒരു ചടങ്ങായി നടത്തിയിട്ടില്ല എന്നു മാത്രമേയുള്ളു. മനസ്സ് കൊണ്ട് ഞാൻ വിവാഹിതൻ തന്നെ. എന്നും ജീവിതത്തിൽ അതു മാത്രം മതി എനിക്ക്. മതപരമായ ചടങ്ങിലൂടെ വിവാഹിതരായിട്ടില്ലെങ്കിലും മനസ്സ് കൊണ്ട് അവരാണ് എന്റെ പങ്കാളി. ജീവിതകാലം മുഴുവൻ ആ സ്നേഹം മതി’.– താജുദ്ദീൻ പറഞ്ഞു.  

English Summary: Singer Tajudheen Vadakara open up about his life and music

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA