ADVERTISEMENT

ദുൽഖർ സൽമാൻ നിർമിക്കുന്ന ‘മണിയറയിലെ അശോകൻ’ എന്ന ചിത്രത്തിൽ ദുൽഖർ തന്നെ പാടിയ ‘മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമായേ’ എന്ന ഗാനം മികച്ച പ്രേക്ഷകസ്വീകാര്യതയോടെ ട്രെൻഡിങ്ങിൽ ഇടം പിടിച്ചിരിക്കുകയാണ്. എന്നാൽ‌ ആ പാട്ടിനു പിന്നിൽ ആർക്കും അറിയാത്ത ഒരു കഥയുണ്ട്. കൗതുകവും തമാശയും കുസൃതിയും നിറഞ്ഞ ഒരു കഥ. ഷിഹാസ് എന്ന യുവാവാണ് കഥാനായകൻ. ഹൈദരബാദ് യൂണിവേഴ്സിറ്റിയിലെ പഠനത്തിന്റെ അവസാനവർഷം സഹപാഠിയായ ഉണ്ണിമായക്ക് സമൂഹമാധ്യമത്തിലൂടെ തമാശയ്ക്കു വേണ്ടി അയച്ച വരികളാണ് ‘മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമായേ തഞ്ചത്തിൽ ഒപ്പന പാടിവായോ..തേനൂറുമെന്റെ പ്രേമം നീയേ..പാലിട്ട പഞ്ചസാര ചായ..നീയേ.....’. പിന്നീടുണ്ടായ സംഭവങ്ങളെക്കുറിച്ച് ഷിഹാസ് മനോരമയ്ക്കു നൽകിയ അഭിമുഖത്തിൽ മനസ്സ് തുറന്നപ്പോൾ.

 

‘2017 കാലത്താണ് സാറാഹ എന്ന ആപ്പ് തരംഗമാവുന്നത്. സമൂഹമാധ്യമത്തിലൂടെ പരിചയമുള്ള ആളുകൾക്ക് സാറാഹ ആപ്പിലൂടെ സന്ദേശമയക്കാം. ഇത് അയക്കുന്നത് ആരാണെന്ന് സന്ദേശം ലഭിക്കുന്നവർക്ക് അറിയാനും പറ്റില്ല. അങ്ങനെ സുഹൃത്തുകളെ പറ്റിക്കുക എന്നത് അക്കാലത്തെ പ്രധാന വിനോദമായിരുന്നു. അക്കൂട്ടത്തിൽ ഞങ്ങളുടെ സഹപാഠിയായ ഉണ്ണിമായക്ക് അയച്ച സന്ദേശമാണ് ഈ വരികൾ. വരികളിലെ കൗതുകം അവളെ ‘കവി’ ആരെന്ന് അന്വേഷിക്കാൻ പ്രേരിപ്പിച്ചു. ഫെയ്സ്ബുക്കിൽ ഈ വരികൾ പോസ്റ്റ് ചെയ്ത് അവൾ ഉടമയെ തേടി. ‍‍ഞാൻ അതു കണ്ടെങ്കിലും വെളിച്ചത്ത് വരണം എന്നു തോന്നിയില്ല.അതോടെ ആ കഥ അവസാനിച്ചു എന്നാണ് കരുതിയത്. ക്ലാസ് കഴിഞ്ഞു ഹൈദരാബാദ് വിട്ടു. ജോലിയൊക്കെ ചെയ്തു മുന്നോട്ടുപോകുമ്പോഴാണ് കഴിഞ്ഞ വർഷം ഉണ്ണിമായ ഇൻബോക്സിൽ അവതരിക്കുന്നത്.

 

‘എടാ, നീയാണോ ഈ വരികളെഴുതിയത്’ എന്ന് സംശയത്തോടെ ചോദിച്ചു. വർഷങ്ങൾ കഴിഞ്ഞിട്ടും ഇതെന്തിനാ കുത്തിപ്പൊക്കുന്നേ എന്ന സംശയത്തിൽ  ഞാൻ ‘കുറ്റം’ ഏറ്റു. എന്നാൽ അവളുടെ മറുപടി എന്നെ അമ്പരപ്പിച്ചു. ‘എടാ, ഈ പാട്ട് സിനിമയിൽ എടുത്തു. ദുൽഖർ നിർമിക്കുന്ന പടത്തിൽ അദ്ദേഹം ഈ പാട്ട് പാടുന്നു.’ അവളുടെ ഈ വാക്കുകൾ ആദ്യം വിശ്വസിച്ചില്ലെങ്കിലും പിന്നെ ചിത്രം വ്യക്തമായി. സിനിമയുടെ സംവിധായകൻ ഷംസു എന്നെ നേരിട്ട് വിളിച്ചു.

 

സംഗീത സംവിധായകൻ ശ്രീഹരി ഉണ്ണിമായ പാട്ടിന് അസാധ്യമായി സംഗീതമൊരുക്കിയിരിക്കുന്നു. ഈ വരികളെഴുതിയ ആളെ തേടി അണിയറക്കാർ ഒരുപാട് അലഞ്ഞിരുന്നു. ദുൽഖറും അന്വേഷിച്ചതായി അറിഞ്ഞു. ഒടുവിൽ ഈ പോസ്റ്റ് ആദ്യം പങ്കുവച്ച ഉണ്ണിമായയിലേക്ക് അവർ എത്തി. പക്ഷേ അപ്പോഴും ഉണ്ണിമായയ്ക്ക് ആളാരാണെന്ന് അറിയില്ലായിരുന്നു. പിന്നെ ഒപ്പം പഠിച്ചവരുടെ മുഖവും വരികളിലെ ഒരു കോഴിക്കോടൻ ടച്ചും കൊണ്ടാവണം അവൾ എന്നെ സംശയിച്ചതും ചോദിച്ചതും. എന്തായാലും പാട്ട് ഹിറ്റായി. കുഞ്ഞിക്ക അസാധ്യമായി പാടി. ആ ചിത്രത്തിലും ഒരു ഉണ്ണിമായ ഉണ്ടെന്ന് അറിഞ്ഞു. എന്തായാലും സന്തോഷം.. പെരുത്ത് സന്തോഷം..’– മൊഞ്ചത്തി പെണ്ണായ ഉണ്ണിമായയുടെ കഥ ഷിഹാസ് പറഞ്ഞവസാനിപ്പിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com