ADVERTISEMENT

പരിമിതികൾ മറന്ന് പാടി ജയസൂര്യയുടെ മനം കവർന്ന് ആദിത്യ സുരേഷ്. അസ്ഥികൾ ഒടിയുന്ന ബ്രിട്ടിൽ ബോൺ എന്ന അസുഖം ബാധിച്ച ആദിത്യ സമൂഹമാധ്യമലോകത്തിന് ഏറെ സുപരിചിതനാണ്. ശരീരഭാഗങ്ങൾ എവിടെയെങ്കിലും ചെറുതായി തട്ടിയാൽ അസ്ഥികൾ ഒടിയുന്ന അസുഖമാണിത്.  പല ഗായകരും പാടാൻ അൽപം പ്രയാസപ്പെടുന്ന പാട്ടുകൾ അനായാസമായി പാടിയാണ് കൊല്ലം സ്വദേശിയായ ഈ കൊച്ചു മിടുക്കൻ പ്രേക്ഷകർക്കു പ്രിയങ്കരനായി മാറിയത്. സ്വകാര്യ ചാനലുകളിലെ റിയാലിറ്റി ഷോകളിലും ആദിത്യ അതിഥിയായി എത്തിയിട്ടുണ്ട്. 

 

എന്നാൽ ഈ കുട്ടിയെ ജയസൂര്യയ്ക്ക് അത്ര പരിചയമില്ലായിരുന്നു. ‘ആരാണ് ഈ ചക്കര’ എന്നു ചോദിച്ചുകൊണ്ട് ജയസൂര്യ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ ആദിത്യ പാടുന്നതിന്റെ വിഡിയോ പോസ്റ്റു ചെയ്തു. പിന്നാലെ കൊച്ചു കലാകാരനെ പരിചയപ്പെടുത്തി നിരവധി ആരാധകർ പ്രതികരണങ്ങളുമായെത്തി. ഇത്രയധികം ശ്രദ്ധിക്കപ്പെട്ട കുട്ടിപ്പാട്ടുകാരനെ ജയസൂര്യയ്ക്ക് അറിയില്ല എന്നു കേട്ടപ്പോള്‍ ആരാധകരിൽ ചിലർ അദ്ഭുതപ്പെട്ടു. 

 

ഇതിഹാസ ഗായകൻ എസ്.പി.ബാലസുബ്രഹമ്ണ്യവും തെന്നിന്ത്യൻ പൂങ്കുയിൽ എസ്.ജാനകിയും അസാമാന്യമാം വിധം പാടിപ്പതിപ്പിച്ച ‘മലരേ’ എന്ന ഗാനമാണ് ആദിത്യ പാടിയത്. നിലത്തിരുന്ന് കയ്യിൽ മൈക്ക് പിടിച്ച് കാല്‍പാദങ്ങൾക്കിടയിൽ ഫോൺ വച്ച് അതിൽ നോക്കിയാണ് ആദിത്യ പാടുന്നത്. സ്വതസിദ്ധമായ ശൈലിയിൽ അസാധാരണമായാണ് ആദിത്യയുടെ ആലാപനം. 

 

പരിമിതികളെ പാട്ടിലൂടെ മറന്ന് എപ്പോഴും പു‍ഞ്ചിരിക്കുന്ന മുഖത്തോടെ പ്രത്യക്ഷപ്പെടുന്ന ആദിത്യക്ക് സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറെയാണ്. പതിമൂന്ന് വയസ്സ് മാത്രമുള്ള ആദിത്യയ്ക്ക് ഇരുപതിലധികം തവണ അസ്ഥികൾ ഒടിയുന്ന വേദന അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. വളരെ ചെറുപ്പത്തിൽ തന്നെ പാട്ടിനോടു താത്പര്യം പ്രകടിപ്പിച്ച ഈ കലാകാരൻ നാലു വയസ്സ് മുതൽ പാടിത്തുടങ്ങി. ടിക്ടോക് വിഡിയോകളിലൂടെയും ആദിത്യ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com