ADVERTISEMENT

കയ്യിൽ മൈക്ക് പിടിച്ച് കാൽ പാദങ്ങൾക്കിടയിൽ ഫോൺ വച്ച് നിലത്തിരുന്നു ആസ്വദിച്ചും താളംപിടിപ്പിച്ചും പാട്ടുപാടുന്ന ആദിത്യ സുരേഷ് എന്ന കൗമാരക്കാരൻ സമൂഹമാധ്യമലോകത്തിന് ഏറെ സുപരിചിതനാണ്. ബ്രിട്ടിൽ ബോൺ എന്ന അസുഖം ബാധിച്ച് വർഷങ്ങളായി ചികിത്സയിൽ കഴിയുകയാണ് ഈ പതിമൂന്നുകാരൻ. ശരീരം ചെറുതായി എവിടെയെങ്കിലും തട്ടിയാൽ അസ്ഥികൾ ഒടിയുന്ന അവസ്ഥയാണിത്. ഈ കുഞ്ഞു പ്രായത്തിനകം ഇരുപതിലേറെ തവണ ആ വേദന അനുഭവിച്ചിട്ടുണ്ട് ആദിത്യ. പരിമിതികളെയെല്ലാം പാട്ടിലൂടെ മറക്കുന്ന ആദിത്യയ്ക്ക് സമൂഹമാധ്യമലോകത്ത് നിരവധി ആരാധകരുമുണ്ട്. ഈ അടുത്ത കാലത്ത് ആദിത്യ ‘മലരേ മൗനമാ’ എന്ന സൂപ്പർഹിറ്റ് പാട്ട് അനായാസമായി പാടിയതിന്റെ വിഡിയോ വൈറലായിരുന്നു. പാട്ട് അപ്രതീക്ഷിതമായി നടൻ ജയസൂര്യയും കാണാനിടയായി. വിഡിയോ പങ്കുവച്ച് ‘ആരാണ് ഈ ചക്കര’ എന്ന് അന്വേഷിച്ച ജയസൂര്യയ്ക്ക് കൊച്ചുകലാകാരനെ പരിചയപ്പെടുത്തിയുള്ള നൂറുകണക്കിന് മറുപടികളും വന്നു. കോണ്ടാക്റ്റ് നമ്പറും കിട്ടിയതോടെ രണ്ടാമതൊന്നാലോചിക്കാതെ താരം ആദിത്യയെ നേരിട്ട് വിളിച്ചു സംസാരിച്ചു. അപ്രതീക്ഷിതമായി ലഭിച്ച ആ ഫോൺകോളിനെക്കുറിച്ചുള്ള സന്തോഷം ആദിത്യ മനോരമ ഓൺലൈനിനോടു പങ്കുവയ്ക്കുന്നു

 

‘വളരെ അപ്രതീക്ഷിതമായാണ് ജയസൂര്യ അങ്കിളിന്റെ കോൾ വന്നത്. ഓഗസ്റ്റ് മൂന്നാം തിയതി എന്റെ പിറന്നാൾ ആയിരുന്നു. ‘ഹാപ്പി ബെർത്ത്ഡേ മോനു’ എന്നു പറഞ്ഞുകൊണ്ടായിരുന്നു അങ്കിൾ സ്നേഹാന്വേഷണങ്ങൾ ആരംഭിച്ചത്. ‘മലരേ മൗനമാ’ എന്ന പാട്ട് ഞാൻ പാടുന്നതിന്റെ വിഡിയോ ജൂൺ മാസത്തിൽ പോസ്റ്റ് ചെയ്തതാണ്. ജയസൂര്യ അങ്കിൾ അത് ഈ അടുത്ത കാലത്താണ് കണ്ടത്. ലോക്ഡൗൺ സമയത്ത് വീട്ടിലിരുന്ന് വെറുതേ ഫോൺ നോക്കിയപ്പോഴാണ് സമൂഹമാധ്യമത്തിൽ എന്റെ വിഡിയോ കണ്ടതെന്നും പാട്ട് ഒരുപാട് ഇഷ്ടമായി എന്നും അങ്കിൾ പറഞ്ഞു. 

 

അങ്കിൾ വിളിച്ചപ്പോൾ എനിക്ക് ഒരുപാട് സന്തോഷം തോന്നി. കാരണം, നമ്മൾ സിനിമയിൽ മാത്രം കണ്ടിട്ടുള്ള അദ്ദേഹത്തെ പോലൊരു വലിയ താരം എന്നെ വിളിച്ചു സംസാരിക്കുക എന്നത് വലിയ ഭാഗ്യമാണ്. ആ ശബ്ദം നേരിൽ കേട്ടപ്പോൾ തന്നെ ഞാൻ ഒരുപാട് സന്തോഷിച്ചു. അങ്കിൾ എന്നോട് കുറേ നേരം സംസാരിച്ചു. ആദ്യം എനിക്ക് കുറച്ച് പേടിയൊക്കെ തോന്നിയിരുന്നു. പിന്നെ സംസാരിച്ചു തുടങ്ങിയപ്പോൾ എല്ലാം ശരിയായി. ഫോണിൽകൂടെ തന്നെ ഞാൻ അങ്കിളിനു പാട്ട് പാടിക്കൊടുത്തു. ഒരു ദിവസം എന്നെ കാണാനാ‍യി വീട്ടിലേക്കു വരുമെന്നും നേരിൽ വന്നു കണ്ട് പാട്ട് കേൾക്കണമെന്നും ജയസൂര്യ അങ്കിൾ ആഗ്രഹം പ്രകടിപ്പിച്ചു. അതും കൂടെ കേട്ടപ്പോൾ ഇരട്ടി സന്തോഷം’.– ആദിത്യ പറഞ്ഞു.

 

‘മലരേ മൗനമാ’ ഈ കൊച്ചുകലാകാരന്റെ പ്രിയഗാനമാണ്. ചെറുപ്രായത്തിൽ തന്നെ ആദിത്യയ്ക്ക് സംഗീതത്തോട് ഏറെ ഇഷ്ടമായിരുന്നു. നാലാം വയസ്സ് മുതൽ പാടിത്തുടങ്ങി. കഴിഞ്ഞ ഒരു വർഷമായി വീടിനടുത്തുള്ള സംഗീതവിദ്യാലയത്തിൽ പാട്ട് പഠിക്കുന്നുമുണ്ട്. പാട്ട് മാത്രമല്ല ടിക്ടോക് വിഡിയോകളിലും മികവ് തെളിയിച്ചിട്ടുണ്ട് ആദിത്യ. ഇപ്പോൾ ടിക്ടോക് നിരോധിച്ചതിന്റെ ചെറിയൊരു സങ്കടവുമുണ്ട് ഈ കൊച്ചുമിടുക്കന്. സാധാരണയായി അമ്മയോ ജ്യേഷ്ഠൻ അശ്വിനോ ആണ് വിഡിയോകൾ ഷൂട്ട് ചെയ്യാറുള്ളത്. അശ്വിൻ പ്ലസ്ടു വിദ്യാർഥിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com