ADVERTISEMENT

സുശാന്ത് സിങ് രാജ്പുത്തിന്റെ അവസാന ചിത്രം ‘ദിൽ ബേചാര’യിലെ പുതിയ ഗാനം റിലീസ് ചെയ്തു. ‘മസ്ക്കരി’ എന്നു തുടങ്ങുന്ന വിഡിയോ ഗാനമാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്തിറക്കിയത്. എ.ആർ.റഹ്മാൻ ആണ് പാട്ട് ചിട്ടപ്പെടുത്തിയിരിക്കുന്നത്. സുനിധി ചൗഹാനും ഹൃദയ് ഗട്ടാനിയും ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിന് വരികളൊരുക്കിയത് അമിതാഭ് ഭട്ടാചാര്യയാണ്. 

 

സുശാന്ത് സിങ്ങും ചിത്രത്തിലെ നായിക സ‍ഞ്ജനയുമാണ് ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഇരുവരും ഒരുമിച്ചുള്ള പ്രണയഗാനത്തിന്റെ ഷൂട്ടിങ് ആണ് ദൃശ്യങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ട് വ്യത്യസ്ത ലുക്കിലാണ് സുശാന്ത് പ്രത്യക്ഷപ്പെട്ടത്. വെപ്പു മീശയും വിഗ്ഗും  വച്ച സുശാന്തിനെ പാട്ടിൽ കാണാനാകും. വളരെ രസകരമായ രീതിയിലാണ് ‘മസ്ക്കരി’ അവതരിപ്പിച്ചിരിക്കുന്നത്. 

 

പാട്ട് ഇതിനോടകം നിരവധി ആസ്വാദകരെ സ്വന്തമാക്കി. സുശാന്ത് സിങ്ങിന്റെ അവസാന ചിത്രത്തിലെ പാട്ടുകൾക്കായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. താരത്തിന്റെ അകാല വിയോഗം ഏൽപ്പിച്ച ദു:ഖത്തിൽ നിന്നും ആരാധകർ ഇനിയും മുക്തി നേടിയിട്ടില്ല. വിഡിയോയ്ക്കു താഴെ പ്രത്യക്ഷപ്പെടുന്ന കമന്റുകൾ അത് തെളിയിക്കുന്നു. സുശാന്ത് മരിച്ചുവെന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്നും ആ പുഞ്ചിരി ഒരിക്കലും മായില്ല എന്നും ആസ്വാദകർ പ്രതികരിച്ചു. 

 

മുകേഷ് ഛബ്രയാണ് ‘ദിൽ ബേചാര’യുടെ സംവിധായകൻ. ജൂലൈ 24നു ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ ചിത്രം റിലീസ് ചെയ്തു. കോവിഡിനെ തുടർന്ന് മാറ്റി വച്ച സിനിമ സുശാന്തിന്റെ വിയോഗത്തെ തുടർന്നാണ് ഓൺലൈനിൽ റിലീസ് ചെയ്യാൻ നിർമാതാക്കൾ തീരുമാനിച്ചത്. ചിത്രത്തിന്റെ ട്രെയിലർ അന്തർദേശീയ തലത്തിലും വൈറലായിരുന്നു.

 

സുശാന്ത് സിങ്ങിന്റെ ഓർമകളുണർത്തി എ.ആർ.റഹ്മാൻ ഒരുക്കിയ സംഗീത വിഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സുനിധി ചൗഹാൻ, ഹൃദയ് ഗട്ടാനി, മോഹിത് ചൗഹാൻ, ശ്രേയ ഘോഷാൽ, അർജിത് സിങ്, ഷാഷാ തിരുപ്പതി, ജോനിത ഗാന്ധി എന്നിവരും റഹ്മാന്റെ മക്കളും വിഡിയോയുടെ ഭാഗമായിരുന്നു.

 

English Summary: Dil Bechara movie song 'Maskhari'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com