'ഒന്നിനി ശ്രുതി താഴ്ത്തി ആരെയാ ഉറക്കേണ്ടത്? ഭാര്യയെയോ, കാമുകിയെയോ?' ദേവരാജൻ മാസ്റ്ററെ ചിരിപ്പിച്ച ഭാവഗായകന്റെ ചോദ്യം

devarajan-master-jayachandran
SHARE

‘ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ.....’ ഭാവഗായകൻ പി. ജയചന്ദ്രൻ പാടുകയാണ്. ഓർമകളുടെ കൈവഴി താണ്ടി ഒരു മൂന്നു പതിറ്റാണ്ട് പുറകിലേക്ക് ഞാനും സ്വയമറിയാതെ ഓടി. കിതച്ചെത്തിനിന്നത് ഒരു പഴയ റേഡിയോയുടെ ചിലമ്പിച്ച ശബ്ദത്തിനു മുന്നിലാണ്. വരികളുടെ അർഥമോ ഭാവമോ അറിയാത്ത ബാല്യത്തിൽ ആ ഈണം ഹൃദയ തന്ത്രിയിലെങ്ങോ ശ്രുതിയിട്ടിരുന്നു. ഒരു തലമുറയുടെ സ്പന്ദനം പേറിയിരുന്ന ആകാശവാണി, ചലച്ചിത്രഗാനങ്ങളും ലളിതഗാനങ്ങളുമായി എന്റെയും മനം കുളിർപ്പിച്ചിരുന്നത് ഇന്നലെയായിരുന്നുവോ?

‘ഒരു ഓണക്കാലത്താണ് മാസ്റ്റർ (ദേവരാജൻ) വിളിക്കുന്നത്. കൈമനത്തെത്തണം, റെക്കോർഡിങ്ങുണ്ട്.’ എല്ലാം ഇന്നലത്തെപ്പോലെ ഗായകൻ ഓർക്കുന്നു. വായിച്ചു പഠിക്കാൻ കയ്യിൽ കിട്ടിയ വരികൾ കണ്ട് ഒന്നമ്പരന്നു. ‘ഇതെന്താ മാഷേ ഉറക്കുപാട്ടോ? അതും.. കുട്ടിയെയാണോ ഭാര്യയെയാണോ കാമുകിയെയാണോ.. ആരെയാ ഉറക്കേണ്ടത്? ഒന്നും പിടി കിട്ടുന്നില്ലല്ലോ...’ ചിരിയായിരുന്നു എണ്ണമറ്റ ദേവരാഗങ്ങളെ സൃഷ്ടിച്ച ശില്പിയുടെ ആദ്യ മറുപടി. ശേഷം പറഞ്ഞു ‘ഏതു ഭാവം നീയെടുത്താലും കുഴപ്പമില്ല, ദാ ഇങ്ങനെ വേണം....’ മാസ്റ്റർ ഈണം മൂളി. അതുകേട്ട് പല്ലവി പാടി നോക്കിയ ഗായകനോട് - ‘എടാ നീയിങ്ങനെ പാടിയാൽ ഉറങ്ങാൻ കിടന്നയാളെണീറ്റ് ഓടുമല്ലോ..’  എന്നുപറഞ്ഞ് രാഗങ്ങളെ കൈവെള്ളയിലമ്മാനമാടുന്ന മാസ്റ്റർ ആലാപനം തുടങ്ങി. ചരണം വരെയെത്തിച്ചാണ് മാസ്റ്റർ നിർത്തിയത്. ഒരു കുട്ടിയെപ്പോലെ തികഞ്ഞ ശ്രദ്ധയിൽ, അദ്ഭുതത്തോടെ അന്ന് ഈണങ്ങളുടെ തമ്പുരാനെ ഭാവഗായകൻ നോക്കിയിരുന്നുവത്രേ!

ഒഎൻവിയുടെ തൂലികയിൽ പിറന്ന മനോഹരമായ ഒരു ലളിതഗാനമായിരുന്നു ഇത്. ചലച്ചിത്രഗാനമല്ലാതിരുന്നിട്ടും മാസ്റ്റർ ഈ ഗാനത്തിന് ഈണമേകിയപ്പോൾ ഒരു തലമുറ എത്ര ആവേശത്തിലായിരുന്നു അത് നെഞ്ചേറ്റിയത്. കലാലയങ്ങളിലെ ലളിതഗാന മത്സരവേദികളിൽ എത്രയോ വർഷം സ്ഥിരം സാന്നിധ്യമായിരുന്നു ഗാനം.

ദാമ്പത്യത്തിലെ പ്രണയത്തെ പ്രാണനായി കണ്ടിരുന്ന കവി എത്ര പതിറ്റാണ്ടുകൾ മലയാളത്തിനായി പ്രണയം പകർന്നു. അല്ലെങ്കിലും ആ തൂലികയാൽ ഒരുങ്ങിയിറങ്ങുമ്പോൾ പ്രണയത്തിനെന്തു ഭംഗിയാണ്! ഇവിടെ വരികളിലൂറിയ പ്രണയം സ്വപത്നിയോടുള്ള കരുതലിൽ ഉറവ കൊണ്ടതുതന്നെ, സംശയമില്ല. പ്രിയതമയെ നിദ്ര ആശ്ലേഷിക്കുമ്പോൾ അതിന് ഭംഗം വരാതിരിക്കാൻ ഇത്രത്തോളം കരുതലോ എന്ന് ആർക്കാണ് തോന്നിപ്പോവാത്തത്! സന്ധ്യയുടെ ചിറകേറി ഇണയോട് സല്ലപിക്കാൻ ശ്രുതിയിടുന്ന പൂങ്കുയിലിനോടാണ് കവിയുടെ അപേക്ഷ. ശ്രുതി താഴ്ത്താൻ. ‘എന്നോമലുറക്കമായ് ഉണർത്തരുതേ....’  ശാരദനിലാവിനോടും കവിയുടെ ആവശ്യം മറ്റൊന്നല്ല. പരന്നൊഴുകുന്ന പാൽ നിലാവും ചിലപ്പോൾ തന്റെ പ്രിയസഖിയുടെ കണ്ണിൽ തെളിയുന്ന കിനാവുകൾ കെടുത്തിയാലോ. തന്റെ ഹൃദയതാളം പോലും ഓമൽ സഖിയുടെ സ്വച്ഛ ശാന്തനിദ്രയ്ക്ക് ഭംഗമായിക്കൂടായെന്ന കവികൽപനയിൽ പ്രണയവും വാത്സല്യവും എത്ര മനോഹരമായി ഇഴചേരുന്നു. 

‘എത്രയോ കാതമെന്നോടൊപ്പം നടന്ന പദപത്മങ്ങൾ തരളമായ്..... ’ സുഖ ദുഃഖങ്ങളുടെ ജീവിതയാത്രയിൽ ഏറെ കാതം ഒപ്പം കൂടിയ സഖിയോടുള്ള ആർദ്രത നിഴലിക്കുന്നു വരികളിൽ. ഉണർന്നാൽ ഉറങ്ങുവോളം നാട്ടുനടപ്പിന്റെ ഭാരം പേറി എത്രതന്നെ ഏന്തി വലിഞ്ഞാലും പ്രിയപ്പെട്ടവളോടു മുഖം കോട്ടുന്ന കാലത്തിന്റെ കുസൃതിക്ക് ഇവിടെയിടമില്ല. ക്ഷീണിത പദപത്മങ്ങൾ വിശ്രമം കൊള്ളുമ്പോൾ, താമര മലർമിഴി നിദ്രയെ പുൽകുമ്പോൾ സ്നേഹാർപ്പണത്തിന്റെ താരാട്ടുമായി കവിയുണ്ട് ഒപ്പം. കാലഗതിയിൽ പ്രണയത്തിന് തീവ്രത കൂടുകയാണെന്ന എത്ര ഉദാത്തമായ ദർശനം. 

‘കാലത്തിൻ കണികയാമീ ഒരു ജന്മത്തിൻ.......’ ആദ്യന്തമില്ലാത്ത കാലത്തിന്റെ വെറുമൊരു കണിക മാത്രമത്രേ ഈ ജന്മം! വരികളിൽ തെളിയുന്ന തത്വശാസ്ത്രം ജീവിതത്തിന്റെ ക്ഷണികത്വമല്ലേ ഓർമപ്പെടുത്തുന്നത്. ബന്ധങ്ങളുടെ കൈ പിടിച്ച് ജീവിത ജാലകത്തിലൂടെ പുറത്തെ അപാരതയിലേക്ക് കണ്ണോടിക്കുമ്പോൾ കവിഹൃദയം തൃപ്തമാണ്. പ്രിയയോടുള്ള പ്രേമ വാത്സല്യങ്ങൾ ഒരു സമുദ്രം കണക്കെ പ്രാണനിൽ അലതല്ലിയാർക്കുന്നത് ഞാനും കാണുകയാണ്. മഞ്ഞലയിൽ മുങ്ങിത്തോർത്തിയ മലയാളത്തിന്റെ ധനുമാസചന്ദ്രിക പാടി നിർത്തുമ്പോൾ ഈ അനുയാത്രയും ഒന്നുനിന്നു പോകും. 

1982ലാണ് ആത്മാവിൽ ഇഴചേരുന്ന വരികളുമായി ഒഎൻവിയും ഈണം കൊണ്ട് ഓണക്കാഴ്ചയൊരുക്കി ദേവരാജൻ മാസ്റ്ററും ഭാവാർദ്ര ശ്രുതിയുമായി മധുരം വിളമ്പി ജയചന്ദ്രനും മലയാളിയുടെ ഓണം കൊഴുപ്പിക്കുന്നത്. ശേഷമെത്രയോ ഓണങ്ങൾ വന്നു പോയി, ഇനിയെത്ര ഓണങ്ങൾ വന്നുപോകും... ഒഎൻവി - ദേവരാജൻ - ജയചന്ദ്രൻ ത്രയം വച്ചുനീട്ടിയ പാട്ടിന്റെ ഈ ശ്രുതി താഴ്ന്നുപോകുമോ...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA