ADVERTISEMENT

മലയാളികളുടെ മനസ്സിൻ താഴ്‌വരയിൽ ദേവദാരു പൂത്തത് ചുനക്കര രാമൻകുട്ടിയുടെ തൂലികത്തുമ്പിലൂടെയായിരുന്നു. 1983–ൽ പുറത്തിറങ്ങിയ ‘എങ്ങനെ നീ മറക്കും’ എന്ന ചിത്രത്തിലെ ഈ ഒരൊറ്റ ഗാനം മതി ആ എഴുത്തുകാരനെ എന്നും ഓർമിക്കാൻ. 75 സിനിമകളില്‍ ഇരൂന്നൂറിലേറെ പാട്ടുകള്‍ക്ക് വരികളെഴുതിയാണ് ചുനക്കര രാമന്‍കുട്ടി മലയാളി ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നത്. മണ്ണിനു മറക്കാൻ കഴിയാത്ത പാട്ടുകളെഴുതിത്തന്ന് എൺപത്തി നാലാം വയസ്സിൽ ചുനക്കര രാമൻകുട്ടി വിട വാങ്ങുമ്പോൾ ബാക്കിയാകുന്നത് കവിയുടെ നിത്യഹരിതമായ വരികളാണ്. 

 

1936 ജനുവരി 19നാണ് ചുനക്കര രാമന്‍കുട്ടിയുടെ ജനനം. നാടക ഗാനങ്ങളിലൂടെയായിരുന്നു പാട്ടെഴുത്തിന്റെ തുടക്കം. നൂറുകണക്കിന് നാടകഗാനങ്ങൾ എഴുതി ജനപ്രീതി നേടി. മലയാള നാടകവേദി എന്ന പേരില്‍ സ്വന്തം നാടക സമിതി രൂപീകരിച്ചു. ആകാശവാണിയിലെ ലളിതഗാനങ്ങളിലൂടെയാണ് ചുനക്കര രാമന്‍കുട്ടി പ്രശസ്തനാവുന്നത്. 

 

1978ൽ ആശ്രമം എന്ന ചിത്രത്തിലെ 'അപ്സരകന്യക' എന്ന ഗാനം എഴുതിയാണ് ചുനക്കര സിനിമയിലേക്കു പ്രവേശിച്ചത്. പിന്നീട് നിരവധി ഹിറ്റുകളുടെ ഭാഗമായി. സംഗീതസംവിധായകൻ ശ്യാമിനൊപ്പമാണ് കൂടുതൽ പാട്ടുകളൊരുക്കിയത്. എല്ലാം മലയാളി മനസ്സില്‍ എന്നും പൂത്തുലഞ്ഞ് നില്‍ക്കുന്ന വരികള്‍. ദേവീ നിൻ രൂപം, സിന്ദൂരത്തിലകവുമായ്, ദേവദാരു പൂത്തു, ഹൃദയവനിയിലെ ഗായികയോ തുടങ്ങിയവ അവയിൽ ചിലതുമാത്രം. 

 

ഗാനരചയിതാവായി പേരെടുത്തെങ്കിലും ഗായകനായി അറിയാനായിരുന്നു ചുനക്കരയുടെ ആഗ്രഹം. ഭാര്യയുടെ മരണവും ബൈപ്പാസ് സർജറിയും കഴിഞ്ഞതോടെ ചലച്ചിത്ര ഗാനരചനയിൽനിന്നു വിട്ടുനിന്ന ചുനക്കരയെ കവിതാരചനയിലേക്കു വഴിതിരിച്ചുവിട്ടതും ദേവരാജൻമാഷായിരുന്നു. 2004ൽ അഗ്നിസന്ധ്യ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചു. 2015ൽ സംഗീത നാടക അക്കാദമി ഗുരുശ്രേഷ്ഠ പുരസ്കാരം ലഭിച്ചു.

 

English Summary: Chunakkara Ramankutty passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com