ADVERTISEMENT

ജോൺസൺ മാഷിന്റെ ചരമവാർഷികത്തിൽ അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് ഗായിക കെ.എസ്.ചിത്ര. വർഷങ്ങൾക്കു മുൻപുള്ള ആദ്യ കൂടിക്കാഴ്ചയും റെക്കോർഡിങ് അനുഭവങ്ങളും ഇന്നും മങ്ങാതെ മനസിലുണ്ടെന്ന് ചിത്ര പറയുന്നു. ജീവിതത്തിൽ ഏറെ ദു:ഖങ്ങളും വേദനകളും അനുഭവിച്ച സമയത്തു പോലും ആശ്വാസവാക്കുകളുമായി പ്രിയപ്പെട്ട ജോൺസൺ മാഷ് വീട്ടിലെത്തിയിരുന്ന അനുഭവവും ചിത്ര പങ്കുവച്ചു. 

 

"ബാലചന്ദ്ര മേനോൻ സാറിന്റെ ചിത്രത്തിലെ ‘മാണിക്യപുന്നാര പെണ്ണ് വന്നു’ എന്ന പാട്ടിന്റെ റെക്കോർഡിങ് വേളയിലാണ് ഞാൻ ആദ്യമായി ജോൺസൺ മാഷിനെ പരിചയപ്പെട്ടത്. അന്ന് പേടികൊണ്ടായിരിക്കാം ഞാൻ പാട്ട് ഒരുപാട് തവണ തെറ്റിച്ചു പാടി. അപ്പോഴൊക്കെ ജോൺസൺ മാഷിന്റെ ദേഷ്യമുള്ള മുഖമാണ് ഞാൻ കണ്ടത്. പിന്നെ ദാസേട്ടൻ (യേശുദാസ്) പ്രോത്സാഹിപ്പിച്ചതോടെയാണ് ഞാൻ ആ പാട്ട് പാടി പൂർത്തീകരിച്ചത്. അതിനു ശേഷം 'മകൻ എന്റെ മകൻ' എന്ന ചിത്രത്തിലെ ‘ആരോമലേ’ എന്ന ഗാനമാണ് ഞാൻ മാഷിനു വേണ്ടി പാടിയത്. പിന്നീടിങ്ങോട്ട് അദ്ദേഹത്തിനു വേണ്ടി ഒരുപാട് നല്ല ഗാനങ്ങൾ പാടാൻ എനിക്ക് അവസരം ലഭിച്ചു," ചിത്ര പറയുന്നു. 

 

പാട്ട് കേട്ട് ഇഷ്ടപ്പെട്ടാലും റെക്കോർഡിങ് കഴിയുമ്പോൾ ആ സന്തോഷം വലിയ രീതിയിൽ പ്രകടിപ്പിക്കില്ലാറില്ലെന്ന് ചിത്ര. പക്ഷേ ഒരുതവണ അത് സംഭവിച്ചു. 'മധുരം ജീവാമൃത ബിന്ദു' എന്ന പാട്ടിനു ശേഷമാണത്. അതിനെക്കുറിച്ച് ചിത്ര പറയുന്നതിങ്ങനെ– "ആ പാട്ട് ഒരു പെൺസ്വരത്തിൽ മാഷ് ഒരിക്കലും സങ്കൽപ്പിച്ചിരുന്നില്ല. എങ്കിലും നന്നായി വരുന്നെങ്കിൽ വരട്ടെ എന്നു പറഞ്ഞ് റിസ്ക് എടുത്താണ് എന്നെക്കൊണ്ട് പാടിപ്പിച്ചത്. പാടിക്കഴിഞ്ഞപ്പോൾ മാഷ് എഴുന്നേറ്റു വന്ന് ആദ്യമായി ഷെയ്ക്ക് ഹാൻഡ് തന്നു പ്രശംസിച്ചു. അതൊക്കെ ഞാനിപ്പോഴും ഓർമിക്കുന്നു."

 

"പിന്നെ എന്റെ ജീവിതത്തിലെ ചില മോശപ്പെട്ട സമയങ്ങളിൽ, ഞാൻ വളരെ ദു:ഖിച്ചിരുന്ന സമയങ്ങളിൽ മാഷ് വീട്ടിൽ വരികയും ഒരുപാട് കഥകളും കാര്യങ്ങളും പറഞ്ഞ് എന്നെ ആശ്വസിപ്പിക്കുകയുമൊക്കെ ചെയ്തിരുന്നു. അതൊന്നും ഒരിക്കലും മറക്കാനാകില്ല. ജോൺസൺ മാഷ് നമ്മെ വിട്ടു പോയിട്ട് ഒൻപത് വർഷം ആയി എന്ന് എനിക്കിപ്പോഴും വിശ്വസിക്കാനാകുന്നില്ല’– കെ.എസ്.ചിത്ര പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com