ജോൺസൺ മാസ്റ്ററിന്റെ ഒൻപതാം ചരമവാർഷികത്തിൽ അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് സംവിധായകൻ സത്യൻ അന്തിക്കാട്. ഇരുവരും തമ്മിൽ ഏറെക്കാലത്തെ അടുപ്പവും സ്നേഹവും ആയിരുന്നു. സത്യന്റെ ഇരുപത്തിയെട്ടു ചിത്രങ്ങൾക്കു വേണ്ടി സംഗീതമൊരുക്കിയത് ജോൺസൺ മാസ്റ്റർ ആണ്. പലപ്പോഴും ഇരുവരും തമ്മിൽ ചെറിയ ചില പിണക്കങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ അതൊന്നും അധികം നീണ്ടു പോയിട്ടേയില്ല. തമാശകൾ പറഞ്ഞും വിശേഷങ്ങൾ പങ്കുവച്ചുമൊക്കെ മലയാളത്തിന്റെ ഈ പ്രിയകലാകാരന്മാർ എന്നും ആ സൗഹൃദം കാത്തു സൂക്ഷിച്ചു. ജോൺസൺ മാസ്റ്ററിനെക്കുറിച്ചുള്ള ഓർമകളിൽ സത്യൻ അന്തിക്കാട്.
‘വളരെ അടുപ്പവും സ്നേഹവും ഉണ്ടായിരുന്ന കൂട്ടുകാർ ഭൂമിയിൽ നിന്നു പോയതിനു ശേഷം അവരെക്കുറിച്ചോർത്തു സംസാരിക്കുക എന്നത് വളരെ വേദനിപ്പിക്കുന്ന കാര്യമാണ്. അതുകൊണ്ടു തന്നെ ജോൺസന്റെയും ലോഹിതദാസിന്റെയുമൊക്കെ അനുസ്മരണ ചടങ്ങുകളിൽ നിന്നു ഞാൻ പലപ്പോഴും മാറി നിൽക്കാറുണ്ട്. അവരൊക്കെ ജീവിച്ചിരുന്ന കാലത്തേക്കാൾ കൂടുതൽ ഇപ്പോഴാണ് നമ്മുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നത്.
എന്റെ ഇരുപത്തിയെട്ടോളം സിനിമകളിൽ ജോൺസൺ സംഗീതം നൽകിയിട്ടുണ്ട്. ഗാനങ്ങളുടെ കമ്പോസിങ് തുടങ്ങുമ്പോൾ മുതൽ റെക്കോർഡിങ് പൂർത്തിയാകുന്നതുവരെ എത്രയോ ദിവസങ്ങൾ ഞങ്ങൾ ഒരുമിച്ചു ചിലവഴിച്ചു. ഞങ്ങൾ തമ്മിൽ തമാശകൾ പറഞ്ഞു, വഴക്കിട്ടു, പിണങ്ങിയിരുന്നു. പക്ഷേ ജോൺസന്റെ ‘മാഷേ’ എന്ന ഒറ്റ വിളിയിൽ എല്ലാ പിണക്കങ്ങളും മാഞ്ഞുപോവുകയും ഞങ്ങളുടെ മനസ്സുകൾ ഒന്നാവുകയും ചെയ്യുമായിരുന്നു.
ജോൺസന് കുടുബത്തോടുള്ള കരുതൽ എന്നെ പലപ്പോഴും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. ഒറ്റപ്പാലത്തും ഷൊർണൂരുമൊക്കെ കമ്പോസിങ് കഴിഞ്ഞ് തിരിച്ചു പോകുന്നതിനു മുൻപ് അദ്ദേഹം ഒരു ഷോപ്പിങ്ങിന് ഇറങ്ങും. അപ്പോൾ ഞാൻ ജോൺസനോടു ചോദിക്കും ചെന്നൈയിൽ കിട്ടാത്ത എന്തു സാധനമാണ് ഈ ഒറ്റപ്പാലത്തും ഷോർണൂരിലും കിട്ടുന്നതെന്ന്. അപ്പോൾ എന്തെങ്കിലും കിട്ടുമോ എന്ന് നോക്കട്ടെയെന്ന് ചിരിച്ചുകൊണ്ട് ജോൺസൺ എന്നോടു പറയും. തിരിച്ചു ചെല്ലുമ്പോൾ അവർക്ക് എന്തെങ്കിലും കൊടുക്കണ്ടേ എന്ന് എന്നോടു ചോദിക്കും. ഷോപ്പിങ് കഴിഞ്ഞ് തിരിച്ചു വരുമ്പോൾ തുണിത്തരങ്ങളും പലഹാരങ്ങളുമൊക്കെ ആ കയ്യിൽ ഉണ്ടാകും. നാട്ടിന്‍പുറത്തുകാരന്റെ മനസ്സായിരുന്നു ജോൺസന്.
ജോണ്‍സന്റെ പാട്ടുകൾ കാലത്തിനപ്പുറം നിൽക്കുന്നതാണ്. ഇപ്പോഴത്തെ തലമുറയും അദ്ദേഹത്തിന്റെ പാട്ടുകൾ ആഘോഷമാക്കുന്നത് അതിന്റെ തെളിവാണ്. കോവിഡ് കാലവും പ്രതിസന്ധികളുമൊക്കെ മാറിക്കഴിയുമ്പോൾ ഇനിയും ഒരുപാട് സിനിമകളും പാട്ടുകളും പുറത്തിറങ്ങും. പക്ഷേ, അപ്പോഴൊക്കെയും ജോൺസൺ എന്ന നക്ഷത്രം അവിടെ ഉദിച്ചുയർന്നു നിൽക്കും. എന്നും ശോഭയോടെ തിളങ്ങി നിൽക്കും. കാരണം ഗന്ധർവ്വൻമാർക്ക് മരണമില്ലല്ലോ’.– സത്യൻ അന്തിക്കാട് പറഞ്ഞു.