ADVERTISEMENT

കണ്ണൂർ സ്വദേശി സുനിലിന്റെ ഫോണിലേക്ക് കഴിഞ്ഞ ദിവസം ഒരു സന്ദേശമെത്തി. മലയാളികളുടെ പ്രിയ ഗായിക സയനോരയുടെ പുതിയ പാട്ടിനെത്തേടിയുള്ള അഭിനന്ദനമായിരുന്നു അത്. അയച്ചത് സാക്ഷാൽ കമല്‍ ഹാസൻ. അഭിനയ ജീവിതത്തിൽ 61 വർഷം പൂർത്തിയാക്കുന്ന പ്രിയതാരത്തിനു വേണ്ടി സയനോര ഒരുക്കിയ സ്നേഹഗാനം കണ്ട് സന്തോഷവും ആശംസയും അറിയിക്കുകയായിരുന്നു ഉലകനായകൻ. 

 

‘നിങ്ങളും കണ്ണൂർകാരനല്ലേ ആ വിഡിയോ ഇഷ്ടപ്പെട്ടുവെന്ന് സയനോരയെ അറിയിക്കാമോ’ എന്നായിരുന്നു കമൽ ഹാസന്റെ സന്ദേശം. അപ്രതീക്ഷിതമായി കിട്ടിയ അഭിനന്ദനത്തിൽ സയനോര ഒരു നിമിഷം അമ്പരന്നു. പിന്നെ പ്രിയ താരത്തിന്റെ മറുപടിയെക്കുറിച്ചുള്ള സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചു. മെസേജിന്റെ സ്ക്രീൻഷോട്ട് ഗായിക പോസ്റ്റ് ചെയ്തിട്ടുമുണ്ട്. 

 

ഓഗസ്റ്റ് പതിനഞ്ചിനാണ് സയനോര സംഗീത വിഡിയോ റിലീസ് ചെയ്തത്. കമൽ ഹാസന്റെ തന്നെ ചിത്രങ്ങളിൽ അദ്ദേഹത്തിനിഷ്ടപ്പെട്ട പാട്ടുകൾ കോർത്തിണക്കിയാണ് വിഡിയോ ഒരുക്കിയത്. പ്രിയതാരത്തിനു വേണ്ടി ഇത്തരമൊരു വിഡിയോ ചെയ്യണമെന്ന് കുറച്ചു നാളുകളായി ആഗ്രഹിച്ചിരുന്നുവെന്നും  കോവിഡ് കാലമായതിനാൽ തന്നെ ചിത്രീകരണത്തിന് ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നുവെന്നും സയനോര മനോരമ ഓൺലൈനിനോടു പറഞ്ഞു. 

 

‘മദനോത്സവം എന്ന ചിത്രം മുതൽ എനിക്ക് കമൽഹാസൻ സാറിനെ ഒരുപാട് ഇഷ്ടമാണ്. അദ്ദേഹം മികച്ച ഡാൻസർ കൂടിയാണല്ലോ. കുറേ നന്മകളും ഗുണങ്ങളുമുള്ള വ്യക്തിയാണ് സർ. അദ്ദേഹം വളരെ സ്വീറ്റ് ആണ്. ഇത്തരമൊരു വിഡിയോ ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ പ്രിയ പാട്ടുകൾ തന്നെ തിരഞ്ഞെടുക്കണമെന്നായിരുന്നു ആഗ്രഹം. ശ്രമഫലമായി സാറിന് ഇഷ്ടപ്പെട്ട പാട്ടുകളുടെ ലിസ്റ്റ് എനിക്കു കിട്ടി. അതെല്ലാം കൂട്ടിച്ചേർത്താണ് വിഡിയോ ഒരുക്കിയത്. 

 

പാട്ടിന് സമൂഹമാധ്യമങ്ങളിൽ നിന്നും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. അതിൽ ഒരുപാട് സന്തോഷം. വിഡിയോ കണ്ട് ഇഷ്ടപ്പെട്ട കമൽ സർ കണ്ണൂർ സ്വദേശി സുനിലുമായി ബന്ധപ്പെട്ടു. ഞാൻ കണ്ണൂരുകാരിയായതിനാലാണത്രേ അദ്ദേഹം സുനിലിനെ കോണ്ടാക്റ്റ് ചെയ്തത്. പാട്ട് ഒരുപാട് ഇഷ്ടമായി എന്നും അക്കാര്യം എന്നെ അറിയിക്കണം എന്നും സർ സുനിലിനു മെസേജ് അയച്ചു. അത്തരമൊരു മറുപടി കിട്ടിയപ്പോൾ ഞാൻ വളരെ ഹാപ്പിയായി. അങ്ങനെയാണ് അതിന്റെ സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തത്. 

 

തലശ്ശേരിയിലെ ധർമ്മടം തുരുത്തിൽ വച്ചാണ് പാട്ട് ചിത്രീകരിച്ചത്. കോവിഡ് കാലമായതിനാൽ തന്നെ ഷൂട്ടിനും മറ്റുമായി കുറച്ച് പ്രയാസങ്ങൾ നേരിടേണ്ടി വന്നു. മഴയുടെ ഇടയിലാണ് പല ഷോട്ടുകളും എടുത്തത്. എന്തൊക്കെയായാലും പാട്ട് പ്രേക്ഷകർ ഏറ്റെടുത്തത് കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി’– സയനോര പറഞ്ഞു. 

 

പാട്ട് ഇതിനോടകം നിരവധി ആസ്വാദകരെ സ്വന്തമാക്കി. മ്യൂസിക് പ്രൊഡക്‌ഷൻ നിർവഹിച്ചത് വർക്കിയാണ്. ആങ്ക്‌ലിൻ ചിത്രീകരിച്ച പാട്ടിന്റെ എഡിറ്റിങ് നിർവഹിച്ചത് അഖിലേഷ് മോഹൻ. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com