‘നല്ല ഗാനം, ഇതാരുടെയാണ്?’; സ്വന്തം പാട്ടു കേട്ട് തിരിച്ചറിയാനാകാതെ ഭാസ്കരൻ മാഷ് അന്ന് ചോദിച്ചത്

p-bhaskaran-new
SHARE

‘ജീവിത നാണയത്തിന്റെ രണ്ടു വശങ്ങളല്ലേ സ്വപ്നങ്ങളും ദുഃഖങ്ങളും’ - മഞ്ഞണിപ്പൂനിലാവിന്റെ മഹാകവി പി. ഭാസ്കരനു സംശയമില്ല. സുഖ- ദുഃഖ സമ്മിശ്ര ജീവിതയാത്രയിൽ സ്വപ്നങ്ങളുടെ സ്ഥാനം എവിടെയെന്നത് ആ വാക്കുകളിൽ വ്യക്തം. 

‘സ്വപ്നങ്ങളൊക്കെയും പങ്കുവയ്ക്കാം. 

ദുഃഖ ഭാരങ്ങളും പങ്കുവെയ്ക്കാം...’

ദാമ്പത്യത്തിന്റെ ക്ലാസിക്കൽ ഫിലോസഫിയെ ഇത്ര ഹൃദയഹാരിയായി വരച്ചുകാട്ടിയതും സ്വപ്നങ്ങൾ സുഖം പകരുമെന്ന യുക്തി കൊണ്ടാവണം.

ഒരു പ്രണയകഥ... കലുഷിതമായ സംഭവ വികാസങ്ങൾക്കൊടുവിൽ അതു വിവാഹത്തിൽ കലാശിക്കുന്നു. അപ്പോൾ പശ്ചാത്തലത്തിൽ ദാമ്പത്യത്തിന്റെ മാധുര്യത്തെയും പങ്കുവയ്ക്കലിന്റെ ഊഷ്മളതയെയും പ്രതിഫലിപ്പിക്കുന്ന ഒരു ഗാനം വേണമെന്ന് സംവിധായകൻ സുകു മേനോൻ ഉറപ്പിക്കുന്നു. സിനിമയിൽ ഒരേയൊരു ഗാനമേ അദ്ദേഹം ഉദ്ദേശിച്ചിരുന്നുള്ളു. ആ ഗാനം സിനിമയുടെ ആത്മാവാകണമെന്നതിലും മേനോനു നിർബന്ധമുണ്ടായിരുന്നു.

ദാർശനികത തുളുമ്പുന്ന നിരവധി ഗാനങ്ങൾ മലയാളത്തിനു സമ്മാനിച്ച പി. ഭാസ്കരൻ മാഷിനോട് കാര്യങ്ങളവതരിപ്പിക്കുമ്പോൾ തികഞ്ഞ പ്രതീക്ഷയിലായിരുന്നു മേനോൻ. പാട്ടെഴുത്തിനു സമ്മതം മൂളിയ മാഷ് പക്ഷേ, പല്ലവിയുണ്ടാക്കാൻ ഏറെ ശ്രമപ്പെട്ടു. ഒടുവിൽ കുളിമുറിയിൽ വച്ച് ആയിരുന്നത്രേ കാലം എന്നെന്നും കേൾക്കാൻ കൊതിക്കുന്ന കാല്പനിക ഭംഗിയാർന്ന ആ വരികളുടെ ജന്മം! കുളിച്ചു തീരാതെ പുറത്തിറങ്ങി, കാത്തിരുന്നവർക്കു മുമ്പിൽ പല്ലവി കേൾപ്പിക്കുമ്പോൾ അന്തരീക്ഷത്തിൽ ആഹ്ലാദം നിറഞ്ഞു. 

സുഖദുഃഖങ്ങളുടെ ഇഴയടുപ്പവും ഐക്യപ്പെടലിന്റെ വിധേയത്വവും ഇണചേരുന്ന  ദാമ്പത്യ കളിത്തോപ്പിൽ എത്രയോ സ്വപ്നങ്ങളാണ് മൊട്ടിട്ടു വിരിയുന്നത്. ആഗ്രഹങ്ങളുടെ ഹർഷ മരന്ദവും നൈരാശ്യത്തിന്റെ അശ്രുബിന്ദുക്കളും പങ്കുവയ്ക്കേണ്ടതുണ്ട് എന്ന ദാമ്പത്യശാസ്ത്രം പുതു തലമുറയ്ക്കത്ര പരിചയമില്ലാത്തതാവാം കുടുംബക്കോടതികളിലെ ഇന്നത്തെ തിരക്കുകൾക്കു കാരണം. ആത്മദാഹങ്ങളുടെ പങ്കുവയ്ക്കൽ പൂർണമാവുമെങ്കിൽ ദാമ്പത്യത്തിൽ ഈഗോയ്ക്ക് ഇടമുണ്ടാകുമോ? കല്പനകളുടെ കളിത്തോപ്പിൽ ഋതുസംഗമം വിതാനിച്ച ഇഷ്ടപുഷ്പങ്ങളും ഹൃദയശ്രീകോവിലിൽ നേദിച്ച സ്നേഹാമൃതവും പങ്കുവയ്ക്കാമെന്ന ആശയും പ്രതീക്ഷയുമല്ലേ ഓരോ മനസ്സിനെയും കതിർമണ്ഡപത്തിലേക്ക് ഇടറാതെ കാലെടുത്തു വയ്പിക്കുന്നത്.

‘കർമ പ്രപഞ്ചത്തിൻ ജീവിതയാത്രയിൽ

നമ്മളെ നമ്മൾക്കായ് പങ്കുവെയ്ക്കാം’

ജീവിതയാത്ര മിഥ്യയല്ലെന്നതും അതിന്റെ ചാരുത പങ്കുവയ്ക്കലിലാണ് തളിർക്കുകയെന്നും ഭാസ്കരൻ മാഷ് എത്ര മധുരമായാണ് ഇവിടെ ആവർത്തിക്കുന്നത്. ദാമ്പത്യം നിറപ്പകിട്ടാർന്ന സ്വപ്നങ്ങളുടെ കേദാരഭൂവാണെന്നത് അതു രുചിച്ചിട്ടുള്ളവർക്ക് സംശയം കാണില്ല. ആ സ്വപ്നഭൂവിൽ ഇഷ്ടാനിഷ്ടങ്ങളുടെ വളക്കൂറേറ്റ് അഭിലാഷങ്ങളാൽ നനച്ചു വളർത്തിയ പ്രതീക്ഷകളുടെ ലാളനയേറ്റുവിളയുന്ന പൊൻകതിരുകൾ പങ്കുവയ്ക്കാൻ കൊതിക്കാത്ത യുവമിഥുനങ്ങളുണ്ടാവുമോ? കർമങ്ങൾ വഴിതെളിക്കുന്ന ജീവിത യാത്രയിൽ ജീവിതംതന്നെ പകുത്തു നൽകാൻ ദാമ്പത്യമെന്ന സത്യത്തിന്റെ ഇഴയടുപ്പം ഇടയൊരുക്കും. 

‘നമ്മളെ നമ്മൾക്കായി പങ്കുവയ്ക്കാം....’ ഹൊ! ആണായാലും പെണ്ണായാലും വൈവാഹിക ജീവിതത്തിന്റെ പടവുകളിലേക്ക് പദമൂന്നുന്നവർക്ക് ഇതിനപ്പുറത്തേക്ക് മറ്റെന്തു വാഗ്ദാനമാവും നൽകാനുള്ളത്?

ഈണമൊരുക്കാൻ നിയോഗിക്കപ്പെട്ടത് താരതമ്യേന തുടക്കക്കാരനായ വിദ്യാധരൻ മാസ്റ്ററായിരുന്നു. ‘എന്റെ ഗ്രാമ’ത്തിലൂടെ അരങ്ങേറി, അതിലെ ‘കൽപാന്ത കാലത്തോളം കാതരേ നീയെൻ മുന്നിൽ..’ ഹിറ്റായി ഈ രംഗത്ത് ചുവടുറപ്പിച്ചു കഴിഞ്ഞിരുന്ന മാസ്റ്റർ രണ്ടാം തവണയായിരുന്നു ഭാസ്കരൻ മാഷിനൊപ്പം കൂടുന്നത്. ഈ ഗാനത്തിന് ഈണമൊരുക്കാൻ 15 മിനിറ്റു മാത്രം മതിയായിരുന്നു വിദ്യാധരൻ മാസ്റ്ററിന് അന്ന്! 

‘മാഷിന്റെ വരികളിൽത്തന്നെ ഉണ്ടായിരുന്നു അവയുടെ സംഗീതം. ഒരൊറ്റത്തവണ പാടിനോക്കുകയേ വേണ്ടിവന്നുള്ളൂ ഈണം കണ്ടെത്താൻ.’ ഭാസ്കരൻ മാഷിനൊപ്പമുള്ള പാട്ടുണ്ടാക്കൽ വിദ്യാധരൻ മാസ്റ്ററുടെ ഓർമകളെ പിറകോട്ടു വലിക്കുന്നു. ‘ഒറ്റ ശ്വാസത്തില്‍ പല്ലവി പാടിക്കേൾപ്പിച്ചപ്പോഴേക്കും പരമു അണ്ണന്‍ (ശോഭനാ പരമേശ്വരൻ നായർ) പറഞ്ഞു, വിദ്യാധരാ...ഇതുമതി.’ കാലമേറെ കടന്നെങ്കിലും നാട്ടുഭംഗികൊണ്ട് ഈണം മെനയുന്ന വിദ്യാധരൻ മാസ്റ്റർക്ക് ഒന്നും മറക്കാനാവില്ല.

മോഹനരാഗത്തിൽ ചിട്ടപ്പെടുത്തിയ വരികൾ ചിത്രയുടെയും യേശുദാസിന്റെയും മധുരശബ്ദത്തിൽ മലയാളത്തിന്റെ ഹൃദയശ്രീകോവിലിൽ നൈവേദ്യം തീർത്തു. എന്നാൽ, വരികൾക്ക് ചിത്രയുടെ മധുരശബ്ദം തന്നെയായിരുന്നു കൂടുതൽ ഇണങ്ങിയത്. ‘കാണാൻ കൊതിച്ചു’ എന്ന സിനിമയ്ക്കുവേണ്ടിയാണ് 1985ൽ ഭാസ്കരൻ മാഷ് ഈ ഗാനം രചിക്കുന്നത്. 

ഭാരതീയ സാഹിത്യത്തിലെയും വിശ്വസാഹിത്യത്തിലെയും ക്ലാസിക്കുകളെക്കുറിച്ചുള്ള അഗാധമായ അറിവുമായി തിരക്കഥാ രംഗത്തേക്കു കാലെടുത്തു വച്ച ലോഹിതദാസിന്റെ ആദ്യ സംരംഭം കൂടിയായിരുന്നു സിനിമ. പക്ഷേ കാലം കാത്തുവച്ച ചില ദുർനിമിത്തങ്ങൾ ചിത്രീകരണം പാതിവഴിയിലെത്തും മുമ്പേ സിനിമയുടെ ഉദകക്രിയ ചെയ്തുകളഞ്ഞു! ലോഹിതദാസ് തിരക്കഥ പൂർത്തിയാക്കിയിരുന്നില്ല, പ്രാരംഭ ഘട്ടങ്ങൾ പൂർത്തിയായി വരുമ്പോഴേക്കും നിർമാതാവ് ജോലി തേടി വിദേശത്തു പോയി! പക്ഷേ, ഇതിനിടെ പാട്ട് ഹിറ്റായിക്കഴിഞ്ഞിരുന്നു. ഒരു തലമുറയെ ഇത്ര സ്വാധീനിച്ച മറ്റൊരു ഗാനം ഉണ്ടായിരുന്നോ എന്നതു തന്നെ സംശയമായിരുന്നു. എന്നാൽ ആസ്വാദക ഹൃദയങ്ങളിൽ പാട്ടുണർത്തിയ അലയൊലികൾക്കിടയിലും ഭാസ്കരൻ മാഷിന്റെ ഉള്ള് പിടയുകയായിരുന്നു എന്നതാണ് മറ്റൊരു സത്യം! ഒരുപാടു പേരോട്, ചിത്രം പൂർത്തിയാക്കി അതിൽ തനിക്ക് പ്രിയപ്പെട്ട ആ ഗാനം കേൾക്കുവാനുള്ള തന്റെ സ്വപ്നം മാഷ് പങ്കുവച്ചിരുന്നു. പക്ഷേ വിട്ടൊഴിയാൻ കൂട്ടാക്കാഞ്ഞ ദൗർഭാഗ്യം മാഷിന്റെ സ്വപ്നം പൂവണിയാൻ പിന്നെയൊരിക്കലും അനുവദിച്ചിട്ടില്ല. 

പങ്കുവയ്ക്കലുകളാൽ സുരഭിലമായിരുന്ന വൈവാഹിക ബന്ധങ്ങളുടെ ഒരു ഭൂതകാലത്തിൽ ഈ ഗാനത്തിലുയരുന്ന ദാർശനികതയ്ക്ക് മാറ്റേറെയായിരുന്നു. അത്തരമൊരു കാലഘട്ടത്തിലെ വിവാഹ വിഡിയോകളിലും വിവാഹ വീടുകളിലും പശ്ചാത്തലമായുണ്ടായി മലയാളം നെഞ്ചേറ്റിയ ഈ ഗാനം. എത്രയോ കാലം ആരാധകർ ഓട്ടോഗ്രാഫാവശ്യപ്പെടുമ്പോൾ ഈ ഗാനത്തിലെ വരികൾ മാഷ്  എഴുതിക്കൊടുത്തിരുന്നു. മറവിരോഗം മറതീർത്ത ജീവിതയാത്രയിലെ അവസാന നാളുകളിലും ഇടയ്ക്കു മൂളാറുണ്ടായിരുന്നു മാഷ് ആ ഗാനം.

ഒരിക്കൽ, അവശനായ മാഷിനെ കാണാനെത്തിയ എസ് ജാനകി, മാഷിന്റെ തന്നെ ചില പാട്ടുകൾ പാടി കേൾപ്പിച്ചു. മാഷിനു പ്രിയപ്പെട്ട ഈ ഗാനവും അന്ന് പാടിയിരുന്നു. പാടുമ്പോൾ മാഷിന്റെ മുഖത്തു വിടർന്ന തെളിച്ചം ഗായിക ശ്രദ്ധിച്ചിരുന്നു. പാടിക്കഴിഞ്ഞ പാടേ ‘നല്ല ഗാനം, ഇതാരുടെയാണ്?’ മാഷിന്റെ ചോദ്യം! പൊട്ടിക്കരഞ്ഞു പോയി ആ തൂലികയിൽ പിറന്ന നിരവധി കാവ്യങ്ങൾക്ക് ശ്രുതി പകർന്ന ഗായിക അന്ന്.

എത്രയോ സൂപ്പർഹിറ്റ് ഗാനങ്ങളാണ് ഭാസുരമായ ഭാസ്കര ഭാവനകളാൽ  മലയാളത്തെ വിരുന്നൂട്ടിയിരിക്കുന്നത്. എങ്കിലും മാഷിന് ഏറ്റവും പ്രിയപ്പെട്ട ഗാനമേതെന്നു ചോദിച്ചാൽ കാല്പനികതയുടെ കാഠിന്യത്തിന് ഇടച്ചങ്ങല തീർത്ത പഴയ വിപ്ലവകാരിക്ക് ഓർമയൊടുങ്ങുന്ന കാലം വരെയും സംശയമില്ലായിരുന്നു - ‘സ്വപ്നങ്ങളൊക്കെയും പങ്കുവയ്ക്കാം...’

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA