ADVERTISEMENT

ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും അദ്ദേഹം മയക്കത്തില്‍ നിന്നും ഉണർന്നു എന്നും മകനും ഗായകനുമായ എസ് പി ചരൺ. നിലവിൽ യാതൊരു കുഴപ്പങ്ങളുമില്ലെന്നും അദ്ദേഹം പതിയെ ജീവിതത്തിലേയ്ക്കു മടങ്ങിവരാനൊരുങ്ങുകയാണെന്നും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോയിലൂടെ ചരൺ പറഞ്ഞു. എന്നാൽ എസ്പിബിയുടെ ആരോഗ്യ നില സംബന്ധിച്ച് പല വ്യാജ വാർത്തകളും പ്രചരിപ്പിക്കപ്പെടുന്നുണ്ടെന്നും അത് ആരും വിശ്വസിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

‘അപ്പ പതിയെ ആരോഗ്യം വീണ്ടെടുക്കാൻ ശ്രമിക്കുകയാണ്. അണുബാധ പോലെയുള്ള മറ്റ് പ്രയാസങ്ങൾ ഉണ്ടാകില്ല എന്നു തന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ. നിലവിൽ യാതൊരു കുഴപ്പങ്ങളുമില്ല. അപ്പയുടെ ആരോഗ്യത്തിനും മടങ്ങിവരവിനും വേണ്ടി പ്രാർഥിച്ച എല്ലാവരോടും നന്ദി പറയുകയാണ്. എന്നാൽ അപ്പയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് പല വ്യാജ വാർത്തകളും പ്രചരിക്കുന്നുണ്ട്. അപ്പയ്ക്ക് ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി റജിസ്റ്റർ ചെയ്തു കാത്തിരിക്കുകയാണെന്നും ‍‌ഡിസ്ചാർജ് ചെയ്തുവെന്നും കഴിഞ്ഞ ദിവസം വാർത്ത പ്രചരിപ്പിക്കപ്പെട്ടു. ഇതു രണ്ടും ഒരേ ദിവസം പുറത്തു വന്ന വാർത്തകളാണ്. അതുപോലെ അപ്പ ഐസിയുവിൽ കിടന്ന് ആരാധകർക്കായി പാട്ടു പാടി എന്നും വ്യാജസന്ദേശങ്ങൾ പങ്കുവയ്ക്കപ്പെട്ടു.

ദയവു ചെയ്ത് ആരും ഇത്തരം പ്രചാരണങ്ങൾ നടത്തരുത്. അതെല്ലാം ഞങ്ങൾ കുടുംബാംഗങ്ങളെ വളരെയധികം ബാധിക്കുന്നുണ്ട്. ഓരോ ദിവസവും അതിരാവിലെ മുതൽ അർധരാത്രി വരെ ലോകത്തിന്റെ വിവിധയിടങ്ങളിൽ നിന്നും ഇക്കാര്യങ്ങൾ ചോദിച്ചു നൂറുകണക്കിനു ഫോണ്‍ കോളുകളാണ് വരുന്നത്. അതൊക്കെ ഞങ്ങൾക്കു വളരെയേറെ പ്രയാസങ്ങളുണ്ടാക്കുന്നു. ദയവുചെയ്ത് ഇത്തരം വാർത്തകൾ പ്രചരിപ്പിക്കരുത് എന്ന് അഭ്യർഥിക്കുകയാണ്. അപ്പയുടെ ആരാധകരെല്ലാം അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ ആശങ്കയോടെ കാത്തിരിക്കുകയാണ്. അവര്‍ക്ക് യഥാർഥ വിവരങ്ങൾ തന്നെ ലഭിക്കേണ്ടതുണ്ട്. അപ്പയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ചുള്ള കാര്യങ്ങൾ ഞാൻ അറിയിക്കുന്നതാണ്. മറ്റുള്ളവർ ദയവുചെയ്ത് ഇത്തരം വ്യാജപ്രചാരണങ്ങൾ നടത്തരുത്’.– എസ് പി ചരൺ പറഞ്ഞു.

ഓഗസ്റ്റ് 5നാണ് കോവിഡ് സ്ഥിരീകരിച്ച എസ് പി ബാലസുബ്രഹ്മണ്യത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടക്കത്തിൽ ആരോഗ്യസ്ഥിതി തൃപ്തികരമായിരുന്നെങ്കിലും ഓഗസ്റ്റ് പതിമൂന്നോടെ നില വഷളാവുകയും അതിതീവ്രപരിചരണ വിഭാഗത്തിലേയ്ക്കു മാറ്റുകയും ചെയ്തു. ഈ മാസം ഏഴിന് എസ്പിബിയ്ക്ക് കോവിഡ് ഫലം നെഗറ്റീവ് ആയി. എന്നാൽ ഇപ്പോഴും വെന്റിലേറ്ററിൽ തന്നെ തുടരുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com