ADVERTISEMENT

ഒരിക്കൽ 'മഴവിൽ മനോരമ'യിലെ ഡൈനിങ് ഹാളിൽ ഊണുകഴിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ ചോദിച്ചതിനു മറുപടിയായി ഗായിക സുജാത പറഞ്ഞു. 'അദ്ദേഹം ഒരു കണിശക്കാരനാണ്. അദ്ദേഹം പാടുന്നതുപോലെ നമ്മളും പാടണം. അതിനുവേണ്ടി നിർബന്ധിക്കും. അതിൽ തെറ്റൊന്നുമില്ല. പക്ഷേ സാധിക്കണ്ടേ ? അദ്ദേഹം പാടുമ്പോൾ പാട്ടിൽ ഒരു പ്രത്യേക ഫീലുണ്ടാവും, സ്വീറ്റ്‌നെസ്  ഉണ്ടാവും, പേഴ്‌സണൽ ടച്ചുണ്ടാവും. അതെല്ലാം അതേപോലെ   കൊണ്ടുവരാൻ സിംഗേഴ്‌സിനു സാധിക്കില്ല'. ഞങ്ങളുടെ സ്വരം താഴ്ത്തിയുള്ള സംഭാഷണം ഔസേപ്പച്ചൻ ശ്രദ്ധിച്ചു. ‘എന്തുട്ടാ പറേണേ, എന്നെപ്പറ്റ്യാണോ?’ അസ്സൽ തൃശൂർ സ്ലാങ്ങിലുള്ള ചോദ്യം. സുജാത ചിരിച്ചുപോയി, അവരുടെ പാട്ടിനേക്കാളും മധുരത്തിൽ. തിരിച്ചു വരുന്നവഴി സുജാത പറഞ്ഞ കാര്യം ഞാൻ വർത്തമാനത്തിൽ കൊണ്ടുവന്നു. അദ്ദേഹം അക്കാര്യം സമ്മതിച്ചു. കൂട്ടത്തിൽ ഇതും ചേർത്തു, ‘വെറുതേ മൂളിയാൽ ഒരു പാട്ട് ഉണ്ടാവില്ല. നല്ലപോലെ കഷ്ടപ്പെടണം. ജനങ്ങൾ ഇഷ്ടപ്പെടുമോ ഇഷ്ടപ്പെടത്തില്ലേ എന്നൊക്കെ പിന്നെ വരുന്ന കാര്യം. അതിനേക്കാൾ പ്രധാനപ്പെട്ട കാര്യം വേറെയാണ്. ഞാൻ ഉണ്ടാക്കുന്ന പാട്ട് എനിക്ക്  ഇഷ്ടമാകുന്നുണ്ടോ? എനിക്കു ബോധ്യപ്പെടുന്നുണ്ടോ ? ങാ, തരക്കേടില്ല എന്നെങ്കിലും തോന്നുന്നുണ്ടോ ? ഇങ്ങനെയൊക്കെ ആലോചിച്ചും മാറ്റിയും മറിച്ചും കംപോസ് ചെയ്യുന്ന പാട്ട്  അങ്ങനെതന്നെ പുറത്തുവരാൻ ഞാനും ആഗ്രഹിച്ചുപോകും. അപ്പോ, ചെല സൗന്ദര്യപ്പിണക്കങ്ങളൊക്കെ ഉണ്ടാകും. പാട്ട് ഹിറ്റായി കഴിയുമ്പോ എല്ലാം മാറുംന്നേ’. നൂറു നൂറു മെലഡികൾ മലയാളികൾക്കു സമ്മാനിച്ച ഒരു സംഗീത സംവിധായകൻ സ്വന്തം അനുഭവത്തെ മുൻനിർത്തി നൽകുന്ന സാക്ഷിമൊഴിയാണ്. ഈ അറുപത്തഞ്ചാം ജന്മദിനത്തിലും ഔസേപ്പച്ചൻ അതിൽ തിരുത്തൽ വരുത്തിയിട്ടില്ല. വരുത്തേണ്ടി വരുന്നില്ല!

മേച്ചേരി  ലൂയിസ്  ഔസേപ്പച്ചൻ എനിക്കു തലതൊട്ടപ്പനാണ്. ഞങ്ങൾ കുറേ സിനിമകളിൽ ഒരുമിച്ചു പ്രവർത്തിച്ചു. ചില ഹിറ്റുകളും  ഉണ്ടായി. ‘നടൻ’ സിനിമയിലൂടെ സ്റ്റേറ്റ് അവാർഡ് ലഭിച്ചതും ‘ജല’ത്തിലൂടെ ഒസ്കാറിലേക്കുള്ള ചുരുക്കപ്പട്ടികയിൽ ഇടം ലഭിച്ചതും  അദ്ദേഹം ഈണമിട്ട   ഗാനങ്ങളിലൂടെയാണെന്ന സത്യം  കൃതാർഥതയോടെ ഉള്ളിൽ സൂക്ഷിക്കുന്നു. അഭിമാനമാണ്, ഞങ്ങൾ ഒരുമിച്ച ഗാനങ്ങളെല്ലാം എന്തെങ്കിലുമൊക്കെ ബാക്കി വച്ചിട്ടുണ്ട്. ഈയിടെ, കൊറോണയുടെ ക്രൂരതയിൽ ജീവൻ പൊലിഞ്ഞ ലോകമെമ്പാടുമുള്ള മാധ്യമപ്രവർത്തകർക്കു സ്നേഹാദരങ്ങൾ നേരുവാൻ ഒരുക്കിയ ഗാനവും  ജനങ്ങൾ  താല്പര്യപൂർവം  കേട്ടു. ഇവയെല്ലാം  ചേർത്തുവയ്ക്കുമ്പോൾ നാനാതരം  ഈണങ്ങളുടെ ഒരു  വലിയ   ഖനിയായി ഔസേപ്പച്ചൻ  എന്റെ  മുന്നിൽ  പ്രകാശിച്ചു നിൽക്കുന്നു.  എത്രയെടുത്താലും പിന്നെയുമുണ്ടാകും അതിനുള്ളിൽ പല നിറങ്ങളിലുള്ള രത്‌നങ്ങൾ. 'തിരുവമ്പാടി തമ്പാൻ' മുതലേ ഇതു ഞാൻ കാണുന്നുണ്ട്. തരിയും നീരസമില്ലാതെ സംവിധായകൻ സന്തോഷിക്കുംവരെ അദ്ദേഹം ഈണങ്ങൾ അനായാസം മാറ്റിക്കൊണ്ടിരിക്കും, പിടിവാശികളേയില്ല. അതുകൊണ്ടുള്ള ഗുണം മറ്റാരേക്കാളും എനിക്കു ലഭിച്ചു. സംഗീതപ്രേമികളിൽ എത്താതെപോയ ധാരാളം സംഗീതകല്പനകൾ  ആസ്വദിക്കാൻ അവസരം തരമായി.  ഔസേപ്പച്ചൻ ഇക്കാര്യങ്ങളൊന്നും ഓർക്കുന്നുണ്ടാവില്ല. പക്ഷേ ഞാൻ എല്ലാം ഓർമയിൽ വച്ചിരിക്കുന്നു. അതിലൊരെണ്ണം സുരേഷ്  ബാബു  എഴുതി  കമൽ  സംവിധാനം  നിർവഹിച്ച  'നടൻ' സിനിമയിലെ  ‘സർഗവേദികളേ’  എന്നു തുടങ്ങുന്ന ഗാനമാണ്.  സംഗീത സംവിധായകൻ  ശരത്  പാടിയ, മലയാള നാടകവേദിയുടെ പ്രതാപകാലത്തെ ഗൃഹാതുരതയോടെ തിരിച്ചു കൊണ്ടുവരുന്നതായി ഒട്ടേറെ നാടകപ്രവർത്തകർ കാരുണ്യപൂർവം അംഗീകരിച്ചുതന്ന ഈ  ഗാനം  ഔസേപ്പച്ചനെ   സംബന്ധിച്ചിടത്തോളം പരീക്ഷണമായിരുന്നു. കാരണം  കമ്യുണിസ്റ്റ് പാർട്ടി പിളർന്നതും   ഏതാനും കലാകാരന്മാർ ഒ. മാധവന്റെ നേതൃത്വത്തിൽ കെ.പി.എ.സി. വിട്ടുപോയതും  കാളിദാസ കലാകേന്ദ്രം രൂപീകരിച്ചതും മറ്റുമായ ചരിത്ര വസ്തുതകളെ സർഗാത്മക പ്രചോദനമായി സ്വീകരിച്ചുകൊണ്ടു തയ്യാറാക്കപ്പെട്ട  തിരക്കഥ, അത്രമേൽ  ഗൗരവമുള്ള  ഒരു ഗാനം ഔസേപ്പച്ചനിൽനിന്നും ആവശ്യപ്പെട്ടു. എനിക്കു സാധിക്കാതെ വന്നാൽ കാവാലം നാരായണപ്പണിക്കർ  എന്ന  ഉടമ്പടിയിൽ   എഴുതിയ വരികൾ കമലിനു  സ്വീകാര്യമായതോടെ   ഔസേപ്പച്ചനിൽ  എത്തിച്ചേർന്നു. അദ്ദേഹം  രാപകൽ  തലപുകച്ചു. ഒടുവിൽ  വരികളുടെ  ഭാവങ്ങൾക്കു യോജിച്ച ഗാംഭീര്യം  തുളുമ്പുന്ന  ഒരീണം  സൃഷ്ടിക്കപ്പെട്ടു. ചൂടുമാറുംമുമ്പേ  അതു കേൾക്കാനുള്ള  ഭാഗ്യം എനിക്കു  കിട്ടി. ബാലാമണിയുടെ ശൈലിയിൽ  പറഞ്ഞാൽ, എനിക്കേ  കിട്ടിയുളളൂ. എന്തുകൊണ്ടെന്നാൽ, നമ്മളെല്ലാവരും ഇന്നു കേൾക്കുന്ന ‘സർഗവേദികളേ’ വേറെയാണ്.

‘സർഗവേദികളേ’യുടെ ഈണം തയ്യാറായ  ദിവസം ഔസേപ്പച്ചനോടൊപ്പം എറണാകുളത്തെ വൈറ്റ് ഫോർട്ട് ഹോട്ടലിൽ ഞാനും ഉണ്ടായിരുന്നു. ഭാവനയുടെ ധാരാളിത്തം കാരണം അദ്ദേഹം ഒരേ വരികൾ പലതരത്തിൽ പാടിനോക്കി. ചിലപ്പോഴൊക്കെ എന്നോടും അഭിപ്രായം ചോദിക്കുന്നതിനുള്ള ഔദാര്യം കാണിച്ചു.  ഞാൻ പക്ഷേ ഉള്ളിൽ തോന്നിയതൊന്നും പറയാൻ നിന്നില്ല. അദ്ദേഹത്തിനു കൂടുതൽ പിടിച്ചതായി തോന്നിയതിനെ പിന്താങ്ങിക്കൊണ്ടിരുന്നു. അല്ലെങ്കിൽതന്നെ എന്റെ അഭിപ്രായം എന്തിനു വേണം! ഏറ്റവും ഉചിതമായതിനെ തെരഞ്ഞെടുക്കാൻ അദ്ദേഹത്തോളം അനുഭവപരിചയം മറ്റാർക്കുണ്ട്. അങ്ങനെ ഭക്ഷണംപോലും ഉപേക്ഷിച്ചുകൊണ്ടുള്ള ഭഗീരഥപ്രയത്‌നം വൈകുന്നേരത്തോടെ പൂർത്തിയായി. ആദ്യാവസാനം ഒരിക്കൽകൂടി പാടി ഉറപ്പിച്ചശേഷം  മറന്നുപോകാതിരിക്കാൻ അദ്ദേഹം കടലാസിൽ നൊട്ടേഷൻ ചെയ്തും വച്ചു. അപ്പോഴേക്കും ഔസേപ്പച്ചൻ ക്ഷീണിച്ചു കഴിഞ്ഞിരുന്നു. പിറ്റേദിവസം ചെങ്ങന്നൂരിൽ ഒരു കല്യാണം കൂടാനുണ്ടായിരുന്നതിനാൽ തിരിച്ചുവന്നു  കഴിഞ്ഞയുടൻ പാട്ട് മറ്റുള്ളവരെയെല്ലാം കേൾപ്പിക്കാം  എന്ന ധാരണയിൽ ഞങ്ങൾ പിരിഞ്ഞു. 

രണ്ടാം ദിവസം രാവിലെ ഔസേപ്പച്ചൻ പരിഭ്രമത്തോടെ വിളിക്കുന്നു. അദ്ദേഹം ഹോട്ടൽ മുറിയിൽ എഴുതിവച്ച നൊട്ടേഷനുകൾ കാണാനില്ല! അതെവിടെ പോകാൻ? ഞാനും അമ്പരന്നു. അദ്ദേഹം പിന്നെയും വിളിച്ചപ്പോൾ ഞാൻ ചെന്നു. ഒറ്റനോട്ടം നോക്കിയപ്പോൾ മുറിയിൽ ചില വ്യത്യാസങ്ങൾ വന്നിട്ടുള്ളതായി മനസിലായി. കട്ടിലിൽ അലസമായി വച്ചിരുന്ന കീ ബോർഡ് അതിന്റെ കവറിൽ ഭദ്രമായിരിക്കുന്നു. മുറിയിലെ സാധന സാമഗ്രികളെല്ലാം ക്രമത്തിൽ വിന്യസിച്ചിരിക്കുന്നു. കാര്യം ഏതാണ്ട് മനസ്സിലായി, നിശ്ചയമായും മുറിയിൽ മറ്റാരോ കടന്നിട്ടുണ്ട്. വിചാരം ശരിയായി വന്നു. അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ ഹൗസ്  കീപ്പിങ്ങുകാർ മുറിയിൽ കയറിയിരുന്നു. ഔസേപ്പച്ചൻ  ഇംഗ്ലീഷിൽ ഇത്തിരി ഒച്ച ഉയർത്തിയപ്പോൾ ബന്ധപ്പെട്ടവർ അന്വേഷണം തുടങ്ങി. രണ്ട് പാവംപിടിച്ച സ്ത്രീകൾ വിറച്ചുകൊണ്ടെത്തി. അവരുടെ നിഷ്കളങ്കമായ വെളിപ്പെടുത്തൽ ഇങ്ങനെയായിരുന്നു, 'ഞങ്ങ  മുറീ  ചെന്ന് നോക്കിയപ്പം അവട എന്താണ്ടെല്ലാം കുത്തിവരച്ച  കൊറേ കീറിപ്പറിഞ്ഞ കടലാസ് മെനകേടായിട്ട് കെടക്കണ കണ്ട്. ഞങ്ങ അപ്പത്തന്നെ അടിച്ചുവാരി കൊണ്ടോയി കത്തിച്ചു'. ഔസേപ്പച്ചൻ തരിച്ചിരുന്നു. അപ്പോൾ റിസപ്‌ഷനിസ്റ്റ് അദ്ദേഹത്തെ ആശ്വസിപ്പിച്ചു, 'സോറി സർ, ഞങ്ങൾ ഒരു പാക്കറ്റ് പേപ്പർ ഇപ്പോൾതന്നെ റൂമിൽ എത്തിച്ചേക്കാം. അദ്ദേഹം ഒന്നും പ്രതികരിക്കാൻ നിൽക്കാതെ വേഗം മുറിയിലേക്കു പോന്നു.

മുറിയിലെത്തി എത്ര ചിന്തിച്ചിട്ടും ‘സർഗവേദികളേ’യുടെ പഴയ ഈണം  ഓർത്തെടുക്കാൻ ഔസേപ്പച്ചനു സാധിച്ചില്ല. അന്നേരം അദ്ദേഹം എന്നോട് ചോദിച്ചു,  ‘മധു കേട്ടതല്ലേ, ആ ട്യൂൺ ഒന്ന് മൂളിക്കേ’. ഞാൻ കിണിഞ്ഞു! എനിക്ക് ഈണങ്ങൾ മനസിലേ ഉള്ളൂ. കല്യാണി പാടിയാൽ കാംബോജിയാകും. കാംബോജി പിടിച്ചാൽ കുന്തളവരാളിയാകും. അതാണ് സംഗീതപരിജ്ഞാനം! എന്നാലും ഒന്നു  ശ്രമിച്ചുനോക്കി. കേട്ടപ്പോഴേ ഔസേപ്പച്ചൻ രണ്ടു കൈകളും ഉയർത്തിക്കൊണ്ടു വിലക്കി, 'ഹേയ്, ഇതെന്തായാലും അല്ല'. ഞാൻ ഒന്നുകൂടി ശ്രമിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, 'നിർത്ത്, ചുമ്മാ കൺഫ്യൂഷനാക്കാതെ. നമുക്ക് വേറെ ഒരെണ്ണം നോക്കാം. പോയത് പോട്ടെ. നമ്മടെ കയ്യിലാണോ ട്യൂൺ ഇല്ലാത്തത്!' അദ്ദേഹം കീ ബോർഡ് പുറത്തെടുത്തു മുന്നിൽ വച്ചു. എന്തൊക്കെയോ മൂളിത്തുടങ്ങി. ഞാൻ അതൊന്നും ശ്രദ്ധിക്കാതെ പിന്നെയും പഴയ ട്യൂണിനെപ്പറ്റിത്തന്നെ ആലോചിച്ചുകൊണ്ടിരുന്നു. ഇത്തിരിനേരം കഴിഞ്ഞപ്പോൾ ഉച്ചസ്ഥായിയിൽ ദാ പുറപ്പെട്ടുവരുന്നു, ഔസേപ്പച്ചന്റെ മധുരകണ്ഠത്തിൽനിന്നും, മുമ്പു കേട്ടതുപോലെ മനോഹരവും എന്നാൽ വ്യത്യസ്‌തവുമായ മറ്റൊരീണം!

‘സർഗവേദികളേ സ്വർഗ-ഭൂമികളേ

യവനിക ഞൊറിയുകയായ്

ജീവിത മുഖപടമെഴുതുകയായ്

കാലം കഥകളിലുണരുകയായ്

ഇവിടെ രാവുകളലലകടലിളകുകയായ്

സർഗവേദികളേ’.

ചരണം ഒരുവട്ടം പാടി നിർത്തിയശേഷം ഔസേപ്പച്ചൻ എന്റെ നേരേ തല ചരിച്ചുനോക്കി.

 ‘എങ്ങനേണ്ട് ?’

എനിക്ക് പ്രതികരിക്കാൻ സാധിച്ചില്ല. മനസ്സ് അത്രയും ആനന്ദപൂർണമായി. ഒരു നിമിഷം, പണ്ടെന്നോ  ചില പഴയ പാട്ടുകൾ കോപ്പിയെടുക്കാൻ വേണ്ടി  തോണ്ടൻകുളങ്ങരയിലെ തിരുമേനിയുടെ മഠത്തിൽ ചെന്നപ്പോൾ, അവിടുത്തെ വലിയ സ്പീക്കറിലൂടെ ഒഴുകിയെത്തിയ 'നീ എൻ സർഗ സൗന്ദര്യമേ' എന്ന അഭൗമ ഗാനത്തിനു മുന്നിൽ ഭ്രമിച്ചുനിന്ന കൗമാരക്കാരനായി ഞാൻ മാറിക്കഴിഞ്ഞിരുന്നു. അതിൽനിന്നും ഏറെയൊന്നും വ്യത്യാസം ഇന്നും വന്നിട്ടില്ല  എന്ന സത്യം തിരിച്ചറിയേ, ഇതിലും കൂടുതലായി ഞാൻ വേറെ എന്തെഴുതാൻ!

'സർ, പിറന്നാൾ മംഗളങ്ങൾ'.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com