ADVERTISEMENT

വേറിട്ട ശബ്ദവും ആലാപന ശൈലിയും കൊണ്ട് സംഗീത പ്രേമികളുടെ പ്രിയഗായികയായി മാറിയ സ്വർണലത വിട പറഞ്ഞിട്ട് പത്ത് വർഷം പിന്നിടുന്നു. ഇപ്പോൾ ഗായികയുടെ ഓർമ ദിനത്തിൽ വികാരനിർഭരമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് വാനമ്പാടി കെ.എസ്.ചിത്ര. കാണാനും കേൾക്കാനും കഴിയുന്നില്ലെങ്കിലും സ്വർണലത എപ്പോഴും അടുത്തു തന്നെയുള്ളതായി തോന്നുന്നുവെന്നും ഒരുപാട് മിസ് ചെയ്യുന്നുവെന്നും സമൂഹമാധ്യമ കുറിപ്പിൽ ചിത്ര പറഞ്ഞുവയ്ക്കുന്നു.

സ്വർണലതയുടെ സ്വർഗത്തിലെ പത്താം വർഷത്തിൽ ഏറെ സ്നേഹത്തോടെ ഓർക്കുന്നുവെന്ന് ഗായികയുടെ ഫോട്ടോ പോസ്റ്റ് ചെയ്ത് ചിത്ര കുറിച്ചു. ഗായികയുടെ വികാരനിർഭരമായ കുറിപ്പിനു പിന്നാലെ സ്വർണലതയുടെ നൊമ്പരമുണർത്തുന്ന ഓർമകളുമായി ആരാധകരുമെത്തി. അകാലത്തിൽ വേർപെട്ടു പോയെങ്കിലും സ്വർണലതയുടെ പാട്ടുകളും ആ വേറിട്ട ശബ്ദവും എന്നും സംഗീതപ്രേമികളുടെ മനസ്സിൽ ജീവിക്കുമെന്നാണ് ലഭിക്കുന്ന കമന്റുകൾ. 

പ്രശസ്ത ഹാർമോണിസ്റ്റായ കെ.സി. ചെറുകുട്ടിയുടെയും കല്യാണിയുടെയും മകളായി 1973 ഏപ്രിൽ 29നാണ് പാലക്കാട് ചിറ്റൂരിലെ അത്തിക്കോട് എന്ന സ്ഥലത്താണ് സ്വർണ്ണലത ജനിച്ചത്. പിന്നീട് കുടുംബം കർണ്ണാടകയിലെ ഷിമോഗയിലേക്കു താമസം മാറ്റിയതിനാൽ സ്വർണ്ണലത പഠിച്ചതും വളർന്നതുമൊക്കെ കർണ്ണാടകയിലാണ്. 

പതിനാലാം വയസിൽ പിന്നണി പാടിത്തുടങ്ങിയ സ്വർണലത ഇരുപത്തിമൂന്ന് വർഷം കൊണ്ട് ഏഴായിരത്തിലധികം ഗാനങ്ങളാണ് പാടിതീർത്തത്. തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, മലയാളം, ഉർദു, ബംഗാളി, ഒറിയ ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ചലച്ചിത്ര പിന്നണിഗായികയാകണമെന്ന ലക്ഷ്യത്തോടെ മദ്രാസിലെത്തിയ സ്വർണ്ണലതയുടെ പ്രതിഭ തിരിച്ചറിഞ്ഞ് ആദ്യ അവസരം നൽകിയത് പ്രശസ്ത സംഗീതസംവിധായകൻ എം.എസ് വിശ്വനാഥനായിരുന്നു. ഇളയരാജ, എ ആർ റഹ്മാൻ, ദേവ, വിദ്യാസാഗർ, ഹാരിസ് ജയരാജ്, അനുമാലിക്ക്, ശങ്കർ എഹ്‌സാൽ ലോയ്, യുവാൻ ശങ്കർരാജ, മണി ശർമ തുടങ്ങി പ്രമുഖരായ നിരവധി സംഗീതസംവിധായകര്‍ക്കു വേണ്ടി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

1994ൽ 'കറുത്തമ്മ എന്ന ചിത്രത്തിലെ ‘പോറാളെ പൊന്നുത്തായേ....’ എന്നു തുടങ്ങുന്ന ഗാനത്തിന് സ്വർണ്ണലതയ്ക്ക് മികച്ച ഗായികയ്ക്കുളള ദേശീയ പുരസ്കാരം ലഭിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് 2010 സെപ്റ്റംബറിൽ 37-ാം വയസിലാണ് സ്വർണ്ണലത അന്തരിച്ചത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com