ADVERTISEMENT

അകാലത്തിൽ നൊമ്പരപ്പെടുത്തി കടന്നു പോയ പ്രിയപത്നി ശ്രീലതയുടെ ഓർമകൾ പങ്കുവച്ച് ഗായകൻ ബിജു നാരായണൻ. മനോരമ ന്യൂസിന്റെ കേരള ക്യാൻ ലൈവത്തോണിൽ എത്തിയപ്പോഴാണ് ബിജു നാരായണൻ ഏറെ വേദനയോടെ മനസ്സ് തുറന്നത്. എറണാകുളം മഹാരാജാസ് കോളജിൽ ഒരു ക്ലാസിൽ ഒരുമിച്ചിരുന്നു പഠിച്ചവരാണ് ബിജു നാരായണനും ശ്രീലതയും. ക്യാംപസിലെ സുന്ദരമായ പ്രണയകാലം പിന്നിട്ട് ഇരുവരും വിവാഹജീവിതത്തിലേയ്ക്കു പ്രവേശിച്ചുവെങ്കിലും ഒരുമിച്ചുള്ള ജീവിതയാത്ര പാതിവഴിയിൽ നിലച്ചു. അർബുദത്തി‌ന്റെ രൂപത്തിൽ ഭാര്യയെ മരണം കവർന്നപ്പോൾ ബിജു നാരായണന് യഥാർഥത്തിൽ ജീവന്റെ പാതി നഷ്ടപ്പെടുകയായിരുന്നു. പിന്നെ മക്കളായ സിദ്ധാർഥ് നാരായണനും സൂര്യ നാരായണനും തണലായി ബിജു മാത്രം. സങ്കടക്കടൽ താണ്ടാൻ ഈ പാട്ടു കൂട്ടുകാരൻ വീണ്ടും സംഗീതത്തെ നെഞ്ചോടു ചേർത്തു പിടിച്ചു. പ്രിയപ്പെട്ട ‘ശ്രീ’യെക്കുറിച്ച് ബിജു നാരായണൻ മനസ്സ് തുറന്നപ്പോൾ.

ഞാനും എന്റെ ശ്രീയും

‘ഞാനും ശ്രീയും തമ്മിൽ മുപ്പത്തിയൊന്നു വർഷത്തെ ബന്ധമാണുണ്ടായിരുന്നത്. ദാമ്പത്യജീവിതം ആരംഭിച്ച് ഇരുപത്തിയൊന്നാം വർഷമാണ് അവൾ എന്നെ വിട്ടു പോയത്. മഹാരാജാസ് കോളജിൽ പഠിക്കുന്ന കാലത്താണ് ‍ഞങ്ങൾ പരിചയപ്പെട്ടതും പ്രണയിച്ചു തുടങ്ങിയതുമൊക്കെ. ശ്രീ വളരെ എനർജറ്റിക് ആയിരുന്നു. എന്റെ മാതാപിതാക്കളും സഹോദരങ്ങളും കഴിഞ്ഞാൽ എന്നെ ഏറ്റവുമധികം പിൻതുണച്ചതും കൂടെ നിന്നതും ശ്രീ തന്നെയാണ്. കലാലയ വേദിയിൽ ആദ്യമായി പാട്ടുപാടാൻ പ്രചോദനം നൽകിയതും എന്റെ ശ്രീയാണ്. അത്രയധികം എന്നോടു ചേർന്നു നിന്ന് എനിക്കൊപ്പം സഞ്ചരിച്ച ഒരാൾ പെട്ടെന്നൊരു സുപ്രഭാതത്തിൽ വിട്ടു പോകുമ്പോഴുണ്ടാകുന്ന ആഘാതത്തെക്കുറിച്ച് പറഞ്ഞറിയിക്കാൻ സാധിക്കില്ല. 

വില്ലനായി അർബുദം

2018 ഒക്ടോബറിലാണ് ശ്രീയ്ക്ക് അർബുദം സ്ഥിരീകരിച്ചത്. അപ്പോഴേയ്ക്കും രോഗം വഷളായിരുന്നു. ഡോക്ടർമാർക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത അവസ്ഥയാണത്. മാനസികമായി പിന്തുണ നൽകുക എന്നതു മാത്രമാണ് കൂടെ നിൽക്കുന്നവർക്കും ചെയ്യാൻ സാധിക്കുക. അപ്പോഴൊക്കെ ശ്രീ വളരെ പോസിറ്റീവ് ആയാണ് ചിന്തിച്ചതും ജീവിച്ചതും. അവസാനകാലം രണ്ടു മാസത്തോളം ശ്രീ ആശുപത്രിയിൽ തന്നെയായിരുന്നു. കാരണം അപ്പോഴേയ്ക്കും തലച്ചോറിനെയും ശ്വാസകോശത്തെയുമുൾപ്പെടെ ശരീരത്തിലെ ഓരോ അവയവത്തെയും അർബുദം ബാധിച്ചിരുന്നു. ആ അവസ്ഥയിൽ ശ്രീയ്ക്കു തന്നെ മനസ്സിലായി ഇനിയൊരിക്കലും ജീവിതത്തിലേയ്ക്കു മടങ്ങിവരാൻ സാധിക്കില്ല എന്ന്. ആ സമയത്ത് ശ്രീ മരുന്ന് കഴിക്കാൻ കൂട്ടാക്കിയില്ല. കൊടുത്താലും തുപ്പിക്കളയും. അത്തരമൊരു അവസ്ഥയിലേക്ക് എന്റെ ശ്രീ മാറിയിരുന്നു. അങ്ങനെ കഴിഞ്ഞ വർ‌ഷം ഓഗസ്റ്റ് പതിമൂന്നിന് അവൾ ഞങ്ങളെ വിട്ടു പോയി. 

അവൾ പോയപ്പോൾ

ശ്രീയുടെ മരണാനന്തര കർമങ്ങൾക്കു ശേഷം എനിക്ക് സംഗീതപരിപാടിയ്ക്കായി ഓസ്ട്രേലിയയിൽ പോകേണ്ടി വന്നു. എട്ട് കീമോയൊക്കെ കഴിഞ്ഞ് ഏകദേശം ശ്രീ നോർമൽ ഘട്ടത്തിലേയ്ക്കെത്തുന്ന സമയത്താണ് ഞാൻ ആ പരിപാടി ഏറ്റെടുത്തത്. ശ്രീ ഇത്ര പെട്ടെന്ന് ഞങ്ങളെ വിട്ടു പോകുമെന്ന് ഞാൻ ഒരിക്കൽ പോലും ചിന്തിച്ചിരുന്നില്ല. മരണം സംഭവിച്ചപ്പോഴേയ്ക്കും എനിക്ക് ആ സംഗീതപരിപാടിയ്ക്കായി പോകാൻ പറ്റുന്ന ഒരു മാനസികാവസ്ഥയായിരുന്നില്ല. ആ ഘട്ടത്തിലൊക്കെ ചിത്ര ചേച്ചിയും (കെ.എസ്.ചിത്ര), ജയേട്ടനും (പി.ജയചന്ദ്രൻ) എനിക്കു പ്രചോദനം നൽകി ഒപ്പം നിന്നു. കാരണം വീണ്ടും പഴയ ജീവിതത്തിലേയ്ക്കു കൂട്ടിക്കൊണ്ടുപോകാൻ അത്തരം പരിപാടികൾക്കും തിരക്കുകൾക്കും മാത്രമേ സാധിക്കൂ. പിന്നെ പരിപാടിയുടെ സംഘാടകരെക്കുറിച്ചും ആലോചിച്ചപ്പോൾ ഞാൻ പോകാൻ തന്നെ തീരുമാനിച്ചു. അന്ന് ഞാൻ ആ പരിപാടിയിൽ പങ്കെടുക്കാതെ വീട്ടിൽ തന്നെ കഴിഞ്ഞിരുന്നെങ്കിൽ മാനസികവിഭ്രാന്തിയിലേക്ക് എത്തുമായിരുന്നു എന്നത് തീർച്ചയാണ്. 

ശ്രീലതയ്ക്ക് ഈ പരിപാടിയെക്കുറിച്ച് അറിയാമായിരുന്നു. അപ്പോൾ അവൾ തന്നെ എന്നോടു പറഞ്ഞു അത് ഒഴിവാക്കേണ്ട എന്ന്. അക്കാര്യം അറിഞ്ഞുകൊണ്ടു കർമം കഴിഞ്ഞ് എനിക്ക് ആ പ്രോഗ്രാമിന് പോകാൻ പാകത്തിനാണോ ശ്രീ ‍ഞങ്ങളെ വിട്ടു പോയത് എന്നു പോലും ഞാൻ ചിന്തിച്ചിട്ടുണ്ട്. ഇക്കാര്യം ഞാൻ എന്റെ സുഹൃത്തുക്കളോട് പങ്കുവയ്ക്കുകയും ചെയ്തു. 

ഞാൻ ഒറ്റപ്പെട്ട കാലം

ശ്രീയുടെ മരണശേഷവും പാട്ട് റെക്കോർഡിങ്ങും സംഗീതപരിപാടികളുമൊക്കെയായി കുറച്ചു തിരക്കിലായിരുന്നു എന്റെ ജീവിതം. പക്ഷേ ഈ ലോക്ഡൗൺ സമയത്ത് ഞാൻ മാനസികമായി വളരെയധികം വിഷമങ്ങൾ അനുഭവിച്ചു. ആദ്യത്തെ ഒരു മാസം വലിയ കുഴപ്പങ്ങളൊന്നുമില്ലായിരുന്നു. എന്നാൽ പിന്നീട് ഞാൻ ഡിപ്രഷൻ സ്റ്റേജിലേക്കെത്തി. മുറിയിൽ തനിച്ചിരിക്കുമ്പോൾ ആ ഓർമകൾ വല്ലാതെ മനസ്സിലേയ്ക്കെത്തും. എന്തെങ്കിലും കാര്യങ്ങളിൽ എൻഗേജ്ഡ് ആണെങ്കിൽ ഇത്തരം ചിന്തകളിൽ നിന്നും മാറി നിൽക്കാൻ സാധിക്കും. 

English Summary: Biju Narayanan emotionally shares memories of wife Sreelatha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com