ഗണപതിയുടെ പേരിൽ വിവാദം; രംഗം ഒഴിവാക്കിയിട്ടും കുതിപ്പ് തുടർന്ന് 'ഹവ് യു ലൈക്ക് ദാറ്റ്’

black-pink
SHARE

യുവാക്കളുടെ ഹരമായ കൊറിയൻ മ്യൂസിക് ബാൻഡ് ബ്ലാക് പിങ്കിന്റെ ഈ വർഷത്തെ ആൽബം ‘ഹവ് യു ലൈക്ക് ദാറ്റ്’ യൂട്യൂബിൽ തരംഗമാകുന്നു. ആൽബത്തിനു നേരെ ഇന്ത്യൻ ആരാധകർ ഉയർത്തിയ ആരോപണങ്ങള്‍ക്കിടയിലാണ് ബ്ലാക് പിങ്കിന്റെ ഈ കുതിപ്പ്. ജൂണിൽ പുറത്തിറക്കിയ ആൽബം വെറും രണ്ടു മാസങ്ങൾ കൊണ്ട് 500 മില്യൺ കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത്. ഒറ്റ വാക്കിലോ വാക്യത്തിലോ പറഞ്ഞൊതുക്കാൻ കഴിയുന്നതല്ല ബ്ലാക് പിങ്കിന്റെ വിജയഗാഥ. മുൻവര്‍ഷങ്ങളിൽ പുറത്തിറക്കിയ ആൽബങ്ങളും യൂട്യൂബിൽ തരംഗമായിരുന്നു.

‘ഹവ് യു ലൈക്ക് ദാറ്റ്’ എന്ന ആൽബം റിലീസ് ചെയ്തപ്പോൾ ഇന്ത്യൻ ആരാധകരിൽ നിന്നും ചില വിമർശനങ്ങൾ ഉർന്നിരുന്നു. ഗാനരംഗത്തിൽ ഗണപതി രൂപത്തെ മോശമായി ചിത്രീകരിച്ചു എന്നു ചൂണ്ടിക്കാണിച്ചായിരുന്നു ഈ സമീപനം. ബ്ലാക് പിങ്ക് ബാൻഡ് താരം ലിസ പ്രത്യക്ഷപ്പെട്ട രംഗത്തിലാണ് ഗണപതി രൂപം നിലത്ത് അലക്ഷ്യമായി വച്ചിരിക്കുന്ന ദൃശ്യം ആരാധകശ്രദ്ധയിൽപ്പെട്ടത്. 

പിന്നീട് ഞൊടിയിടയിൽ ഇതു സംബന്ധിച്ച ചർച്ചകൾ സമൂഹമാധ്യമലോകത്ത് സജീവമായി. ഹിന്ദു മതത്തോടും ആചാരങ്ങളോടും വിശ്വാസങ്ങളോടും അനാദരവ് കാണിക്കുന്നു എന്ന രൂക്ഷമായ ആരോപണമുയർന്നു. സൗത്ത് കൊറിയൻ എന്റർടെയിൻമെന്റ് കമ്പനി പരസ്യമായി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് നിരവധി പേർ പ്രതിഷേധമുയർത്തി. ചർച്ചകൾ ശക്തമായതോടെ ആൽബത്തിന്റെ പൂർണത നഷ്ടപ്പെടാത്ത വിധം വിവാദ ദൃശ്യം ഒഴിവാക്കി എന്റർടെയിൻമെന്റ് കമ്പനി പ്രശ്നം പരിഹരിച്ചു.

2016ല്‍ ‘സ്വക്വയർ വൺ’ ആൽബത്തിലെ ബൂംബയ്യാ എന്ന ഗാനത്തിലൂടെ പാട്ടു പ്രേമികൾക്കിടയിലേക്ക് ഇടിച്ചിറങ്ങിയതാണ് ബ്ലാക് പിങ്ക് പെൺ ട്രൂപ്പ്. ലോകമെമ്പാടുമുള്ള ആരാധകരുടെ കണ്ണും കാതും ഒന്നാകെ ഈ കൊറിയൻ പെൺപടയിലേക്കു തിരിഞ്ഞ നാളുകളായിരുന്നു പിന്നീട്. വെറും 4 വർഷങ്ങൾ കൊണ്ട് 16 ആൽബങ്ങൾ പുറത്തിറക്കി ബ്ലാക് പിങ്ക് സംഗീതപ്രേമികളുടെ മനസ്സുകളെ ഒന്നാകെ കൈക്കലാക്കി. ഹിറ്റുകൾക്ക് അവധി കൊടുക്കാതെയായിരുന്നു ബ്ലാക് പിങ്കിന്റെ തേരോട്ടം. 

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘കിൽ ദിസ് ലവ്’ എന്ന പാട്ടിലൂടെയാണ് ബ്ലാക് പിങ്ക് കൗമാരക്കാരുടെ പ്രിയ ബാൻഡ് ആയത്. കിൽ ദിസ് ലവ്, ഹവ് യു ലൈക്ക് ദാറ്റ് എന്നീ ആൽബങ്ങൾ ഗിന്നസ് റെക്കോർഡ് നേടി. റിലീസ് ചെയ്ത് 24 മണിക്കൂറിൽ ഏറ്റവുമധികം ആളുകൾ കണ്ടതാണ് റെക്കോഡ് നേട്ടത്തിന് അർഹമാക്കിയത്. സൗത്ത് കൊറിയയുടെ റോസ്, ജീസു, ജെനി, ലിസ എന്നീ പെൺതാരങ്ങളാണ് സിയോളിൽ നിന്നു പാടിത്തുടങ്ങി ലോകമെമ്പാടുമുള്ള വൻ വേദികളെ കീഴടക്കി മുന്നേറുന്ന ബ്ലാക് പിങ്ക് ബാൻഡ് അംഗങ്ങൾ. 

English Summary: Black Pink new album 'How you like that'

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA