ഞാന്‍ ഗോപിസുന്ദര്‍, എനിക്ക് വേണ്ടി ഒരു പാട്ടു പാടാമോ?; ഇമ്രാന്‍ ഖാന്റെ കണ്ണു നിറച്ച ഓട്ടോ സവാരി

gopi-sundar-imran
SHARE

അവസരങ്ങള്‍ തേടി ഗായകര്‍ സംഗീത സംവിധായകര്‍ക്ക് പിന്നാലെ നടക്കുന്ന പതിവ് കാഴ്ചകള്‍ അപ്രസക്തമാക്കി സംഗീത സംവിധായകന്‍ ഗോപിസുന്ദര്‍. ഇഷ്ടഗായകനെ അദ്ദേഹത്തിന്റെ തട്ടകത്തിലെത്തി നേരില്‍ കണ്ട് പാട്ടു പാടാന്‍ ക്ഷണിച്ച് ആ ഗായകനെയും ആസ്വാദകരെയും ഒരുപോലെ അദ്ഭുതപ്പെടുത്തുകയാണ് അദ്ദേഹം. റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഇമ്രാന്‍ ഖാനാണ് ഗോപി സുന്ദറിന്റെ സര്‍പ്രൈസ് ഓഫര്‍ ലഭിച്ചത്. പാട്ടു പാടാന്‍ ക്ഷണിക്കുക മാത്രമല്ല, അതിനായുള്ള അഡ്വാന്‍സ് തുക കയ്യോടെ കൈമാറുക കൂടി ചെയ്തു. ഇമ്രാന്‍ ഖാന് സര്‍പ്രൈസ് നല്കുന്ന വിഡിയോ ഗോപിസുന്ദര്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. 

റിയാലിറ്റി ഷോയിലൂടെ ഗായകനെന്ന നിലയില്‍ പ്രശസ്തി നേടിയെങ്കിലും കൊല്ലത്ത് ഓട്ടോ ഓടിച്ചാണ് ഇമ്രാന്‍ ഖാന്‍ ജീവിക്കാനുള്ള വക കണ്ടെത്തുന്നത്. അതിനിടയില്‍ ചില സ്വകാര്യ ടെലിവിഷന്‍ പരിപാടികളിലും മുഖം കാണിച്ചിരുന്നു. അത്തരമൊരു പരിപാടിയില്‍ വച്ചാണ് ഒരു പാട്ടു നല്‍കാമെന്ന് ഗോപിസുന്ദര്‍ ഇമ്രാന് വാക്കു നല്‍കുന്നത്. പാട്ടിലേക്കുള്ള ക്ഷണം ഒരു സര്‍പ്രൈസിലൂടെ ആകട്ടെയെന്നു ഗോപിസുന്ദര്‍ തീരുമാനിക്കുകയായിരുന്നു. അതിനായി അദ്ദേഹം സുഹൃത്തുക്കള്‍ക്കൊപ്പം സ്വന്തം വാഹനത്തില്‍ കൊല്ലത്ത് എത്തി. പിന്നീട്,  ഒരു യാത്രക്കാരനെന്ന മട്ടില്‍ ഇമ്രാന്‍ ഖാന്റെ ഓട്ടോയില്‍ കയറുകയായിരുന്നു. 

മാസ്കും തൊപ്പിയും ധരിച്ച് ഓട്ടോയില്‍ കയറിയ യാത്രികനെ ഇമ്രാനും തിരിച്ചറിഞ്ഞില്ല. ഒടുവില്‍ ഒരു ചായ കുടിക്കാന്‍ നിറുത്തണമെന്ന് ആവശ്യപ്പെട്ട് വാഹനം നിറുത്തി പുറത്തേക്കിറങ്ങിയപ്പോള്‍ സൗഹൃദ സംഭാഷണത്തിന്റെ ഭാഗമായി ഇമ്രാന്‍ യാത്രികന്റെ പേര് ചോദിച്ചു. ഗോപിസുന്ദര്‍ എന്നു പറഞ്ഞു കൈ കൊടുത്തതും ഇമ്രാന്‍ ഞെട്ടിപ്പോയി. കണ്ടുമുട്ടലിന്റെ ഞെട്ടല്‍ മാറും മുന്‍പ് പുതിയ പാട്ടിന്റെ അഡ്വാന്‍സും ഗോപിസുന്ദര്‍ ഇമ്രാന്റെ കയ്യില്‍ നല്‍കി. ഇമ്രാന്‍ ആദ്യമായി പാടിയ പള്ളിയുടെ മുറ്റത്തു വച്ചായിരുന്നു ഈ അപൂര്‍വ കൂടിക്കാഴ്ച നടന്നതെന്നാണ് മറ്റൊരു പ്രത്യേകത.  

ഇമ്രാന്‍ ഖാനൊപ്പം  ഓട്ടോയില്‍ കൊല്ലത്തിലൂടെ സ‍ഞ്ചരിച്ച ഗോപിസുന്ദര്‍ പുതിയ പാട്ടിന്റെ ഈണം ഇമ്രാനെ പഠിപ്പിക്കുകയും ചെയ്തു. ബി.കെ ഹരിനാരായണനാണ് പാട്ടിന് വരികളൊരുക്കുന്നത്. അധികം കാലതാമസമില്ലാതെ പാട്ടിന്റെ റെക്കോര്‍ഡിങ് ഉണ്ടാകുമെന്നും ഗോപിസുന്ദര്‍ അറിയിച്ചു. ഗോപിസുന്ദര്‍ ഇമ്രാന്‍ ഖാന് നല്‍കിയ സര്‍പ്രൈസ് സംഗീതാസ്വാദകരുടെ മനം നിറച്ചു. ഗായകനെ തേടിപ്പിടിച്ച് പാട്ടു കൊടുക്കുന്ന മറ്റൊരു സംഗീതസംവിധായകനില്ലെന്നാണ് ആരാധകരുടെ പ്രതികരണം. അതുപോലെ, ഇമ്രാന്‍ ഖാന്‍ ഈ അവസരം അര്‍ഹിക്കുന്നുണ്ടെന്നും നിരവധി പേര്‍ അഭിപ്രായപ്പെട്ടു. മികച്ച സംഗീതസംവിധായകന്‍ മാത്രമല്ല, ഗോപിസുന്ദര്‍ നല്ലൊരു മനുഷ്യന്‍ കൂടിയാണെന്ന് തെളിയിക്കുന്നതാണ് ഈ ഇടപെടലെന്നും ആരാധകര്‍ കുറിച്ചു.

English Summary: Gopi Sundar Surprises singer Imran Khan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.