ADVERTISEMENT

അയലത്തെ വീട്ടിൽ വരുത്തുന്ന 'നാന'  രണ്ടുമൂന്നു ദിവസങ്ങൾ കഴിയുമ്പോൾ ചേച്ചി വഴി എന്റെ വീട്ടിലും എത്തും. അതിലെ സിനിമാ വാർത്തകളും പരസ്യങ്ങളും  കാണുമ്പോൾ തീരുമാനിക്കും, 'ഈ സിനിമ ഞാൻ തീർച്ചയായും കാണും'. പക്ഷേ അങ്ങനെ സംഭവിക്കാറില്ല. കാരണം ഈ പടങ്ങളൊക്കെ വരുന്നതും പോകുന്നതും ഞാൻ അറിയാറില്ല !  ഇങ്ങനെ ആഗ്രഹിച്ചിട്ടും കാണാനാവാതെപോയ സിനിമകളുടെ എണ്ണം കൂടിവന്നപ്പോൾ അമ്മയോടു പറഞ്ഞു. അമ്മ എന്നെ ആശ്വസിപ്പിച്ചു, അടുത്തയാഴ്ച കൊണ്ടുപോകാം. പക്ഷേ ഏതു സിനിമ? ഏതായാലും കുഴപ്പമില്ല. എങ്കിൽപ്പോലും നാട്ടിലെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകൾ ഏതൊക്കെയാണെന്ന കാര്യം ഒന്നറിഞ്ഞു വയ്ക്കാൻ തീരുമാനിച്ചു. 'മദനോത്സവം' മുപ്പതു പ്രാവശ്യം കണ്ട രമേശൻ ചേട്ടനോടു  ചോദിച്ചപ്പോൾ ചില സിനിമകളുടെ പേരുകൾ കിട്ടി. അതിൽ ഒരെണ്ണമായിരുന്നു 'ശങ്കരാഭരണം'.  ഈ സിനിമ ശാന്തി തീയറ്ററിൽ കണ്ട് പുറത്തുവന്നപ്പോഴേക്കും എസ്.പി. ബാലസുബ്രഹ്മണ്യം എന്ന  വിശ്വഗായകനുമുന്നിൽ ഞാൻ എന്നെ അടിമ കിടത്തി കഴിഞ്ഞിരുന്നു.

സാധാരണക്കാരിൽ കർണാടക സംഗീതത്തിനുനേരേ താല്പര്യം വളർത്തിയ 'ശങ്കരാഭരണ'ത്തിലെ, വേട്ടൂരി സുന്ദരരാമ മൂർത്തിയും കെ.വി. മഹാദേവനും ചേർന്നൊരുക്കിയ മനോഹര ഗാനങ്ങൾ സിനിമ വരുന്നതിനു വളരെ മുമ്പേ നാടൊട്ടുക്കും സുപരിചിതമായി. അല്പം ദൂരെ മാറിയുള്ള ശിവക്ഷേത്രത്തിലെ കോളാമ്പി മൈക്കിലൂടെ 'ശങ്കരാ നാദശരീരാപരാ'  രാവിലെയും വൈകുന്നേരവും കേട്ടുകൊണ്ടേയിരുന്നു. ഉത്സവപ്പറമ്പിലെ ഗാനമേളകൾക്കെല്ലാം ഈ ഗാനം നല്ല ഊർജം പകർന്ന തുടക്കമായി. 'ഓംകാര നാദാനു ', 'മാനസ സഞ്ചരരേ', 'രാഗം താനം പല്ലവി ', 'ദൊരഗുണ' തുടങ്ങിയ ഗാനങ്ങളും എന്നെ ആവേശം കൊള്ളിച്ചു. ഇങ്ങനെ ഓരോ ദിവസം ചെല്ലുന്തോറും എസ്.പി.ബി.യുടെ  പ്രതിഷ്ഠ എൻറെ ഹൃദയത്തിൽ ഒരിക്കലും ഇളകിമാറാത്ത തരത്തിൽ ഉറച്ചുകൊണ്ടിരുന്നു. പക്ഷേ  ഇക്കാര്യം അന്നൊന്നും ഞാൻ അറിഞ്ഞിരുന്നില്ല. 'ശങ്കരാഭരണ'ത്തിലെ പാട്ടുകൾ ശങ്കരശാസ്ത്രികൾ തന്നെയാണ്  പാടിയതെന്ന മൂഢ വിശ്വാസത്തിലായിരുന്നു ഞാനും. അത്രമേൽ തന്മയിഭാവം പൂണ്ടതായി എസ്.പി.ബി.യുടെ ഗാനാലാപനവും. 

s-p-b-last-visit-to-kerala-2

'ശങ്കരാഭരണം' വൻവിജയമായി മാറിക്കഴിഞ്ഞപ്പോൾ ശങ്കരശാസ്ത്രിയുടെ ഭാഗം അഭിനയിച്ച ഐ.എ.എസ്സുകാരൻ സോമയാജുലുവുമായുള്ള ഒരു അഭിമുഖം വായിക്കാനിടയായി. അതിൽ അദ്ദേഹം പറഞ്ഞു, 'ഞാൻ തിരശീലയിൽ മാത്രമാണ് ഭാഗവതർ. സത്യത്തിൽ തെറ്റാതെ ഒരു വരിപോലും പാടാൻ  എനിക്കു സാധിക്കില്ല.   അങ്ങനെയുള്ള ഞാൻ കർക്കശക്കാരനായ സംഗീതവിദ്വാനായി സിനിമയിൽ വിലസിയെങ്കിൽ അതിനു കാരണം ബാലുവാണ്.' ഈ  അഭിമുഖത്തോടൊപ്പം ഇതിനെപ്പറ്റിയുള്ള  ബാലസുബ്രഹ്മണ്യത്തിന്റെ  പ്രതികരണവും ചേർത്തിരുന്നു. 'ഇതിൽ  വിശേഷമായി ഒന്നുമില്ല. സോമയാജുലുവിനു  സംഗീതവുമായുള്ള ബന്ധമേ  ഞാനും ശാസ്ത്രീയസംഗീതവും തമ്മിലുള്ളൂ.' ഈ നർമബോധം ബാലസുബ്രഹ്മണ്യം ജീവിതത്തിലുടനീളം നിലനിർത്തി. ഒരിക്കൽ യേശുദാസിന്റെ പേരിലുള്ള സംഗീതപുരസ്കാരം ലഭിച്ചപ്പോൾ അദ്ദേഹം പറഞ്ഞു,  'ദാസ് സാർ,  ഈ സമ്മാനം ഒരിക്കലും നിങ്ങൾക്കു കിട്ടുകയില്ല.  ഇക്കാര്യത്തിലെങ്കിലും  ഞാൻ നിങ്ങളേക്കാളും ഭാഗ്യവാനല്ലേ?' എസ്.പി.ബി.യുടെ വിനയം നിറഞ്ഞ വാക്കുകൾ എല്ലാവരെയും രസിപ്പിച്ചു.

ഒരിക്കൽ വിശ്രുത കർണാടക സംഗീതജ്ഞൻ ബാലമുരളീകൃഷ്ണയുടെ ജീവിതം സിനിമയാക്കാൻ ചില അഭ്യുദയകാംക്ഷികൾ  പ്രാഥമികശ്രമം നടത്തി.  ഒരു കമേഴ്സ്യൽ സിനിമ എന്നനിലയിൽ  അതിൽ  ചില അർദ്ധ ശാസ്ത്രീയഗാനങ്ങൾകൂടി ഉൾപ്പെടുത്താനും അവർ തീരുമാനിച്ചു. ഗാനങ്ങൾ ബാലസുബ്രഹ്മണ്യം പാടിയാൽ വിജയ സാദ്ധ്യത ഏറും.  പക്ഷേ ഇക്കാര്യം ബാലമുരളീകൃഷ്ണയെ എങ്ങനെ ധരിപ്പിക്കും?  ഒടുവിൽ ഈ വിഷയം അവർ  ഭയപ്പാടോടെ  ബാലമുരളിയുമായി  സംസാരിച്ചു.  ബാലമുരളി അതിനു നൽകിയ മറുപടി എല്ലാവരെയും ഞെട്ടിച്ചു. 'ശങ്കരാഭരണ'ത്തിൽ പാരുപ്പിള്ളി രാമകൃഷ്ണയ്യ പന്തുലുവിനുവേണ്ടി പാടിയ ഗായകൻ അതേ ഗുരുവിൻറെ ശിഷ്യനുവേണ്ടി പാടുന്നതിൽ എന്താണ് കുഴപ്പം? ശാസ്ത്രീയസംഗീതത്തിൽ കുലപതിയായിരുന്ന ഒരു ഗായകൻ ചലച്ചിത്ര സംഗീതത്തിൽ  പ്രവർത്തിക്കുന്ന മറ്റൊരു ഗായകനു  നൽകിയ ബഹുമാനമായി ഈ വാക്കുകളെ  ഞാൻ മനസിലാക്കുന്നു.

s-p-b-last-visit-to-kerala-1

ഒരു ചലച്ചിത്ര പിന്നണിഗായകന്റെ ചട്ടക്കൂടിൽ നിൽക്കുന്നതല്ല എസ്.പി.ബി.യുടെ ഗായകവ്യക്തിത്വം. വളരെ പരീക്ഷണോന്മുഖമായ ഒരു സർഗാത്മക മനസ് അദ്ദേഹത്തിനുണ്ടായിരുന്നു. ശാസ്ത്രീയസംഗീതത്തിൽ കാലാകാലങ്ങളായി നിലനിൽക്കുന്ന ചില മിത്തുകളെ അദ്ദേഹം ചോദ്യംചെയ്തു. 'പാട്ടു പാടാൻ, പാട്ടു പഠിക്കേണ്ടതുണ്ടോ' എന്നായിരുന്നു അദ്ദേഹം ഉന്നയിച്ച അടിസ്ഥാന ചോദ്യം. ആവശ്യമില്ല, എന്ന ഉത്തരം സ്വന്തം കലാജീവിതത്തിലൂടെ അദ്ദേഹം നൽകി. സംഗീത ജ്ഞാനത്തേക്കാൾ ജീവിതത്തിലെ വൈകാരിക അനുഭവങ്ങളാണ് ഒരു ഗായകന് വേണ്ടതെന്നു അദ്ദേഹം ഗാഢമായി വിശ്വസിച്ചു. സംഗീതത്തെ യാഥാസ്ഥിതികതയിൽനിന്നു മോചിപ്പിക്കാൻ അദ്ദേഹത്തോളം ധൈര്യം കാണിച്ച ഒരു ഗായകൻ ഇൻഡ്യയിൽ അപൂർവം. ആൺ പെൺ ദേദമില്ലാതെ പിന്നണി ഗായകർ എല്ലാവരുംതന്നെ സംഗീതത്തെ ശാസ്ത്രീയ സംഗീതത്തിന്റെ അനുബന്ധമായി കണ്ടപ്പോൾ അതിൽനിന്നു വ്യത്യസ്‌തമായി ചലച്ചിത്ര സംഗീതത്തിന് സ്വതന്ത്രമായ ഒരു അസ്തിത്വമുണ്ടെന്നും അതിന്റെ സ്ഥാനം ചിലപ്പോഴെങ്കിലും  ശാസ്ത്രീയ സംഗീതത്തിന് മുകളിലാണെന്നും തുറന്നു പറയാൻ അദ്ദേഹം ധൈര്യം കാണിച്ചു. അത്രയും ധൈര്യം കാണിക്കാൻ കഴിവുള്ള ഒരു ഗായകനും ചലച്ചിത്രസംഗീതത്തിൽ ഇനി ബാക്കിയില്ല.

പത്തിരുപതു വർഷത്തെ നിരന്തര സംഗീത സാധകത്തിലൂടെ സ്വായത്തമാക്കാൻ കഴിയുന്ന സംഗീതജ്ഞാനം എസ്.പി.ബി. എങ്ങനെ സ്വായത്തമാക്കി എന്ന രഹസ്യം ഇനിയും വെളിപ്പെടേണ്ടതുണ്ട്. ശാസ്ത്രീയ സംഗീതത്തെ സംബന്ധിച്ച ചിന്തകളെ മുന്നോട്ടുകൊണ്ടുപോകാൻ എസ്. പി. ബി.യുടെ പാട്ടുകൾ എന്നെയും വളരെ  സഹായിച്ചിട്ടുണ്ട്.  കർണാടക സംഗീതം ദുർവാശിയോടെ ചില പാരമ്പര്യ മൂല്യങ്ങളെ മുറുകെ പിടിക്കുമ്പോൾ അത്രയും തീവ്രത  വേണ്ടതുണ്ടോ  എന്ന  സംശയം എന്നിൽ അദ്ദേഹം ദൃഢപ്പെടുത്തി തന്നു. ഒരിക്കൽ എസ്.പി.ബി. പറഞ്ഞു, 'പാടുമ്പോൾ മറ്റുള്ളവരുടെ അനുഭവങ്ങളെല്ലാം മറന്നേക്കുക. സ്വന്തം അനുഭവങ്ങളെയെല്ലാം ഓർമയിൽ കൊണ്ടുവരിക. അങ്ങനെ പാടുന്ന പാട്ടുകളെല്ലാം നിങ്ങളുടെ മാത്രമായിരിക്കും. മാറ്റാർക്കും അതിൽ അവകാശം പറയാൻ സാധിക്കില്ല. കോപ്പി റൈറ്റിനു പോലും.' 

1990 - ൽ 'കേളെടി കണ്മണി' എന്ന ഫിലിമിനുവേണ്ടി  ഇളയരാജയുടെ ഈണത്തിൽ വരദരാജൻ എഴുതിയ ഒരു ഗാനം എസ്.പി.ബി. പാടി അഭിനയിച്ചു.

"മണ്ണിൽ ഇന്ത കാതൽ അൻട്രിയാരും വാഴ്തൽ കൂടുമോ ?" 2020 - ൽ  ജനകോടികളെ സങ്കടമഴയിൽ നിർത്തി  എസ്. പി. ബി. മറഞ്ഞുപോകുമ്പോൾ  അദ്ദേഹം പാടിയ ഈ മരണമില്ലാത്ത പാട്ടിലെ വരി ഞാനും വേദനയോടെ ഓർമിച്ചോട്ടെ- "ഈ സ്നേഹമില്ലാതെ  ഭൂമിയിൽ ആർക്കെങ്കിലും ജീവിക്കാൻ സാധിക്കുമോ?"

(ലേഖകൻ ചലച്ചിത്ര ഗാനരചയിതാവും തലശേരി ഗവ. ബ്രണ്ണൻ കോളേജിലെ പ്രൊഫസറുമാണ്.)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com