ADVERTISEMENT

ചെന്നൈ∙ കോദണ്ഡപാണി മുതൽ  അനിരുദ്ധ് വരെ പല തലമുറയിലെ സംഗീതസംവിധായകരുടെ ഈണങ്ങൾക്കു സ്വരം നൽകിയിട്ടുണ്ട് എസ്പിബി. എല്ലാം സംഗീതപ്രേമികളുടെ മനസ്സിൽ കുടിയേറിയ പാട്ടുകൾ. എന്നാൽ, ഈണവും സ്വരവും വല്ലാത്തൊരു പാരസ്പര്യത്തോടെ കെട്ടിപ്പുണർന്ന അനുഭവം സമ്മാനിച്ചത് എസ്പിബിയും ഇളയരാജയും ചേർന്നപ്പോഴാണ്. പാട്ടിനു പുറത്തേക്കു നീളുന്ന സൗഹൃദത്തിന്റെ ഊഷ്മളത കൂടി ചേർന്നപ്പോഴാണ് ആ മാജിക് സാധ്യമായത്. അഞ്ചു പതിറ്റാണ്ടു നീണ്ട സൗഹൃദത്തിനിടെ അപസ്വരങ്ങളുണ്ടായി. എന്നാൽ, ഒറ്റ ഗാഢാലിംഗനത്തിൽ എല്ലാ പിണക്കങ്ങളും മറന്ന് അവർ വീണ്ടും ഈണവും സ്വരവുമായി. 

പരിചയപ്പെടുന്ന കാലത്ത് ഇളയരാജ തെന്നിന്ത്യയുടെ ഇശൈഞ്ജാനിയായിട്ടില്ല. തേനിയിൽ നിന്നു സംഗീതത്തിൽ ഭാവി തേടി ചെന്നൈയിലെത്തിയ ചെറുപ്പക്കാരൻ. എൻജിനീയറിങ് പഠനത്തിനായി ചെന്നൈയിലെത്തി പാട്ടിലേക്കു വഴി മാറിയ തുടക്കക്കാരനായിരുന്നു എസ്പിബി. ഇളയരാജയും സഹോദരൻ ഗംഗൈ അമരനും ഓർക്കസ്ട്രേഷനൊരുക്കി തമിഴകമാകെ ഗാനമേളകൾ നടത്തുന്ന കാലം. അന്നു സിനിമയിൽ പാടിത്തുടങ്ങിയിരുന്ന എസ്പിബി ട്രൂപ്പിലെ പ്രധാന ഗായകനായി പല ഗാനമേള വേദികളിലുമെത്തി. 

വെസ്പ സ്കൂട്ടറിന്റെ പിന്നിൽ ഇളയരാജയെയും അദ്ദേഹത്തിന്റെ സഹോദരൻ ഗംഗൈ അമരനെയുമിരുത്തി നിർമാതാക്കളുടെ ഓഫിസുകളിൽ പോകുന്നത് അക്കാലത്ത് എസ്പിബിയുടെ പതിവായിരുന്നു. എന്നാൽ, ഇളയരാജയുടെ ആദ്യ ഗാനങ്ങൾ പാടിയത് എസ്പിബിയായിരുന്നില്ല.  ആരോഗ്യപ്രശ്നങ്ങളായിരുന്നു കാരണം.  വേറിട്ട ഈണങ്ങളുമായി പിന്നീട് ഇളയരാജ തമിഴ് ചലച്ചിത്ര സംഗീതത്തിന്റെ ജാതകം മാറ്റിയപ്പോൾ, അതിന്റെ സ്വരമായി മാറിയതു ബാലുവായിരുന്നു. കമൽ ഹാസനും രജനീകാന്തും മോഹനുമൊക്കെ സ്ക്രീനിൽ നിറഞ്ഞപ്പോൾ രാജയുടെ ഈണത്തിൽ ബാലു പാടിത്തകർത്തു. തമിഴ് തിരയിൽ നിന്നു നേരെ ആ ഗാനങ്ങൾ കുടിയേറിയതു തമിഴ് മക്കളുടെ ഹൃദയത്തിലേക്കാണ്.

സംഗീതജീവിതത്തിന്റെ അൻപതാം വാർഷികത്തിന്റെ ഭാഗമായി എസ്പിബി ലോക പര്യടനത്തിനു പുറപ്പെട്ടപ്പോഴായിരുന്നു ചങ്ങാത്തത്തിലെ ആദ്യത്തെ അപസ്വരം. യുഎസിൽ എത്തിയ ബാലുവിന് ഇളയരാജയുടെ നോട്ടിസ് ലഭിച്ചു. താൻ ഈണം നൽകിയ ഗാനങ്ങൾ അനുമതിയില്ലാതെ പാടരുതെന്നും ലംഘിച്ചാൽ നിയമനടപടി നേരിടേണ്ടിവരുമെന്നുമായിരുന്നു മുന്നറിയിപ്പ്. തകർന്നു പോയെങ്കിലും, ഇളയരാജയുടെ പാട്ടുകൾ പാടാതെ പര്യടനം പൂർത്തിയാക്കി.

ആ അകൽച്ച കുറച്ചു വർഷം നീണ്ടു. ഇളയരാജയുടെ 76-ാം ജന്മദിനത്തിൽ മഞ്ഞുരുകി. അന്നു നടന്ന സംഗീത പരിപാടിയുടെ റിഹേഴ്സലിനായി സ്റ്റുഡിയോയിലെത്തിയപ്പോൾ ഒരു ഗാഢാലിംഗനം. അതോടെ അവർ വീണ്ടും പഴയ ബാലുവും രാജയുമായി. എസ്പിബി ആരോഗ്യനില വഷളായി ആശുപത്രിയിൽ കിടന്നപ്പോൾ കണ്ണീരോടെ ഇളയരാജ പറഞ്ഞു: ‘ബാലൂ, എഴുന്തു വാ...’

ഈണം വിട്ട് സ്വരം യാത്രയായിരിക്കുന്നു. അവർ വിരിയിച്ച പാട്ടിന്റെ നിലാവ് പക്ഷേ, മനുഷ്യനുള്ളിടത്തോളം മായില്ല.

ബാലു, ശീഘ്രം എഴുന്തു വാ, നിന്നെ കാണാൻ കാത്തിരിക്കുന്നുവെന്നു ഞാൻ പറഞ്ഞതല്ലേ? . അതു കേൾക്കാതെ നീ പോയി. എങ്ങോട്ടാണു പോയത്. ഗന്ധർവലോകത്ത് ഗാനമാലപിക്കാനോ?. എന്തായാലും ഈ ലോകം വല്ലാതെ ശൂന്യമായിപ്പോയി. എനിക്ക് ഒന്നും മനസ്സിലാകുന്നില്ല. വാക്കുകൾ കിട്ടുന്നില്ല. എല്ലാ    ദുഃഖത്തിനും ഒരു അളവുണ്ട്. ഈ ദുഃഖത്തിന് അളവില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com