ADVERTISEMENT

അകാലത്തിൽ ഏറെ നൊമ്പരപ്പെടുത്തി യാത്രയായ എസ് പി ബാലസുബ്രഹ്മണ്യത്തെ അനുസ്മരിച്ച് അഭിനേത്രി ഭാഗ്യശ്രീ (ഭാഗ്യലക്ഷ്മി). മനസ്സ് വേദനിക്കുമ്പോൾ എസ്പിബിയുടെ ഗാനങ്ങൾ ഏറെ ആശ്വാസം പകർന്നിരുന്നുവെന്ന് ഭാഗ്യശ്രീ പറയുന്നു. അദ്ദേഹത്തിന്റെ മടങ്ങി വരവിനു വേണ്ടി ഏറെ ആഗ്രഹിക്കുകയും പ്രാർഥിക്കുകയും ചെയ്തുവെങ്കിലും എല്ലാ പ്രതീക്ഷകള്‍ക്കും മങ്ങലേൽപ്പിച്ച് പ്രിയ ഗായകൻ വിടപറഞ്ഞത് വിശ്വസിക്കാനാകുന്നില്ല എന്നും ഭാഗ്യശ്രീ പറഞ്ഞു വയ്ക്കുന്നു.

‘ഞാനും രമ്യാകൃഷ്ണനും ഉപനായികയും നായികയുമായി അഭിനയിച്ച "ബ്രിന്ദാവന" എന്ന തെലുങ്ക് സിനിമയിലെ ‘ആ റോജു നാറാണി ചിരു നവ്വ് ചൂസി അനുകുന്ന യേതോ നവ്വണി’ എന്ന ഗാനം എസ്പി ബാലസുബ്രഹ്മണ്യം സാറും ജാനകി അമ്മയും ചേർന്നാണ് പാടിയത്. രാജേന്ദ്ര പ്രസാദ് ഗാരുവും, രമ്യ അക്കയും ഞാനും തിരുപ്പതിയിലെ ഗാർഡനിൽ എസ്പി ബിയുടെ ഗാനത്തിനൊപ്പം ചടുലമായി നൃത്തം ചെയ്തത് ഇന്നലെ എന്നപോലെ ഞാനോർക്കുന്നു. നാഗ്രയിൽ കൂടി അദ്ദേഹത്തിന്റെ പൗരുഷമാർന്ന ശബ്ദം ഒഴുകി വരുമ്പോൾ നമുക്ക് തന്മയത്വത്തോടെ അഭിനയിക്കാൻ കഴിയുമായിരുന്നു. മദിരാശിയിൽ വച്ച് അദ്ദേഹത്തെ നേരിൽ കാണുമ്പോൾ എന്റെ ആശംസകൾ അറിയിക്കാനും മടിച്ചിരുന്നില്ല. 

പന്തിരിമഞ്ചം എന്ന തെലുങ്ക് സിനിമയിൽ ഞാനായിരുന്നു നായിക. മലയാളികളുടെ പ്രിയപ്പെട്ട ഡാഡി ഗിരിജയായ ജഗപതിബാബു ഗാരു നായകനും. എസ് പി ബിയുടെ സ്വരമാധുരിയിൽ ഞങ്ങൾ നിറഞ്ഞാടിയ നിമിഷങ്ങൾ ഇപ്പോഴും കോൾമയിർ കൊള്ളിക്കുന്നു. തമിഴ്നാട് എംൽഎ  ചന്ദ്രശേഖർജി നായകനും ഞാൻ നായികയുമായ "ആളെ പാത്ത് മാലൈ മാത്ത്" എന്ന ചിത്രത്തിലെ ഗാനരംഗം ഭംഗിയാക്കാൻ കഴിഞ്ഞത് എസ് പി ബിയുടെ ശബ്ദമാധുരി ഒന്നുകൊണ്ടു മാത്രമാണ്.

മനസ്സിന് എന്തെങ്കിലും ചെറിയ ദുഃഖങ്ങൾ അലട്ടുമ്പോൾ അദ്ദേഹത്തിന്റെ ഇളയരാജ സാറുമായി ചേർന്നുള്ള ഗാനങ്ങൾ കേട്ടാൽ പെട്ടെന്ന് തന്നെ വല്ലാത്ത ഒരു ഊർജ്ജം ലഭിക്കുമായിരുന്നു. കോടിക്കണക്കിനു ആരാധകരുടെ കൂടെ ഞാനും അദ്ദേഹത്തിന് ആരോഗ്യം തിരിച്ചുകിട്ടാൻ പ്രാർത്ഥിച്ചിരുന്നു. എങ്കിലും എല്ലാംവിഫലമായി അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞു. നിറകണ്ണുകളോടെ അദ്ദേഹത്തിന് യാത്രാമൊഴി ഏകുന്നു. ഇനിയില്ല ഇതുപോലൊരു ഗാനഗന്ധർവൻ നമ്മുടെ ജീവിതത്തിൽ എന്ന സത്യം ഉൾകൊള്ളാൻ കഴിയുന്നില്ല’– ഭാഗ്യശ്രീ പറഞ്ഞു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com