ADVERTISEMENT

ചില വേർപാടുകൾ നമ്മളെ വല്ലാതെ ഉലച്ചു കളയും. ബാലു പോകുമ്പോഴും അതാണ് അവസ്ഥ. ഒരു സഹപ്രവർത്തകൻ ആയിരുന്നില്ല, പ്രിയപ്പെട്ട അനുജൻ  തന്നെയായിരുന്നു എനിക്കു ബാലു. എന്റെ മാത്രമല്ല, ബാലുവിനെ സ്നേഹിക്കുകയും  ആരാധിക്കുകയും ചെയ്യുന്ന എല്ലാവരുടെയും അവസ്ഥ ഇതു തന്നെയാകും. അത്രമേൽ  മനസ്സുകൾ കീഴടക്കുന്നതായിരുന്നല്ലോ ബാലുവിന്റെ പാട്ടും പെരുമാറ്റവും. ബാലു എത്രമേൽ എന്നെ സ്നേഹിച്ചിരുന്നു എന്നതു പറഞ്ഞറിയിക്കാനാകില്ല. ‘അണ്ണാ’ എന്ന ആ വിളിയിൽ എല്ലാമുണ്ട്. ഒരമ്മയുടെ വയറ്റിൽ പിറന്നിട്ടില്ലന്നേയുള്ളൂ. ഞങ്ങൾ തമ്മിൽ മുജ്ജന്മത്തിലേ  സഹോദരബന്ധമുണ്ടെന്നു തോന്നുന്നു. അരനൂറ്റാണ്ടിലേറേയായുള്ള  ബന്ധമാണ് ഞങ്ങൾ തമ്മിൽ. ഇക്കാലമത്രയും പരസ്പരമുള്ള ആ സ്നേഹവും കരുതലും  ആദരവും കൂടിക്കൂടി വന്നിട്ടേയുള്ളൂ. 

പിന്നണിഗാനരംഗത്ത് ബാലു അദ്ഭുതം തന്നെയായിരുന്നു. സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലാത്ത  ഒരാൾക്ക് എങ്ങനെയാണ് ഇങ്ങനെ വൈവിധ്യമുള്ള പാട്ടുകൾ പാടാനാകുക? സംഗീതസംവിധായകൻ മനസിൽ കാണുന്നതിനപ്പുറം  നൽകാനാകുക? ഇത്രയും നല്ല പാട്ടുകൾ ഒരുക്കാനാകുക? ‘ശങ്കരാഭരണ’ത്തിലെയൊക്കെ അർധ ശാസ്ത്രീയ ഗാനങ്ങൾ പാടിയിരിക്കുന്നത് കേട്ടാൽ സംഗീതം അഭ്യസിച്ചിട്ടില്ലാത്ത ആളാണെന്ന് എങ്ങനെ വിശ്വസിക്കും. എനിക്കു തോന്നുന്നതു കഴിഞ്ഞ ജന്മത്തിൽ ബാലു നിറയെ സംഗീതം  അഭ്യസിച്ചിട്ടുണ്ടാകുമെന്നാണ്. ദൈവസിദ്ധമാണത്. 

സിനിമയ്ക്കു വേണ്ടിയായാലും  വേദികളിലായാലും ബാലുവിനൊപ്പം പാടുമ്പോൾ പ്രത്യേക എനർജിയാണ്; രസമാണ്. പരസ്പരം കരുത്തുമായിരുന്നു. 

‘തങ്കത്തിൽ വൈരം’ എന്ന സിനിമയിൽ ‘എൻകാതലീ യാർ സൊല്ലവാ‘ എന്ന പാട്ടാണ് ഞങ്ങൾ ആദ്യമായി ഒരുമിച്ചു പാടിയത്. 

അന്നു ട്രാക്ക്‌ സിസ്‌റ്റമൊന്നും വന്നിട്ടില്ല. ഒരുമിച്ച് മൈക്കിനു മുന്നിൽ നിന്നാണു പാടുക. ദളപതിയിലെ ‘കാട്ടുക്കുയില് മനസുക്കുള്ളു’ എന്ന ഗാനമായിരുന്നു ഒരുമിച്ചു പാടിയ പ്രിയപ്പെട്ട ഗാനം. ഞങ്ങളുടെ ആത്മബന്ധത്തിന്റെ  ഇഴയടുപ്പം ആ ഗാനത്തിലുമുണ്ടായിരുന്നു. ഒരുമിച്ച് ഏതു വേദിയിലെത്തിയാലും  ആളുകൾക്ക് കേൾക്കേണ്ടിയിരുന്നതും  ആ പാട്ടായിരുന്നു. ഇളയരാജയുടെ മനോഹര സംഗീതത്തിലുള്ള ഗാനം എത്രപാടിയാലും ഞങ്ങൾക്കും മടുത്തിരുന്നില്ല. തമിഴിൽ പിന്നെയും ചില പാട്ടുകൾ‌ ഒരുമിച്ചു പാടി. 

മലയാളത്തിൽ ‘സർപ്പം’ എന്ന സിനിമയിലെ ‘സ്വർണമീനിന്റെ ചേലൊത്ത...’, തുഷാരത്തിലെ ‘മഞ്ഞേവാ’, ഏറ്റവും ഒടുവിൽ കിണറിലെ ‘അയ്യാ സാമി’ എന്നീ പാട്ടുകളും പാടി. ‘കാട്ടുകുയിലേ’ കഴിഞ്ഞ് കാൽനൂറ്റാണ്ടോളം കഴിഞ്ഞാണ് ‘അയ്യാ സാമി’ പാടാൻ ഒന്നിച്ചത്. അതിന്റെ സന്തോഷം ഇരുവർക്കുമുണ്ടായിരുന്നു. ഗാനമേള വേദികളിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന കൂട്ടും ബാലുവിന്റേതായിരുന്നു. മനസ്സടുപ്പം തന്നെ മുഖ്യ കാരണം. ഞങ്ങളുടെ കുടുംബങ്ങൾ തമ്മിലുമുണ്ടായിരുന്നു  ആത്മബന്ധം. 

ആന്ധ്രയിൽ നിന്നെത്തിയ ബാലു പിന്നീട് അക്ഷരാർഥത്തിൽ തമിഴകം കീഴടക്കുന്നത് അഭിമാനത്തോടെയാണ് കണ്ടിട്ടുള്ളത്. സവിശേഷമായ സ്വരവും ഭാവസാന്ദ്രമായ ആലാപനവുമായിരുന്നു ബാലുവിന്റെ കരുത്ത്. ഭാഷകളുടെയും ദേശങ്ങളുടെയും അതിരുകൾ ഭേദിച്ച് പല ഭാഷകളിൽ ഹിറ്റുകൾ സൃഷ്ടിക്കാനായതും അതുകൊണ്ടാണ്. സംഗീതസംവിധാനത്തിലേക്കു തിരിഞ്ഞപ്പോൾ  അവിടെയും ബാലു അദ്ഭുതം സൃഷ്ടിച്ചു.‘സിഗരം’ എന്ന സിനിമയിൽ ബാലു ഈണമിട്ട ‘അഗരം ഇപ്പോൾ സിഗരം ആച്ച്’ എന്ന ഗാനം എനിക്കായി  ഒരുക്കിത്തന്ന സമ്മാനമാണ്. കേൾക്കാനും പാടാനും സുഖമുള്ള സുന്ദരമായ ഒരു മെലഡി. പക്ഷേ പാടാൻ അത്ര എളുപ്പമല്ല എന്നതാണു സത്യം. എന്റെ പ്രിയപ്പെട്ട പാട്ടുകളിലൊന്നാണിത്. ഞങ്ങളൊരുമിച്ച വേദികളിലൊക്കെ ഞാനതു പാടുമ്പോൾ ഓർക്കസ്ട്ര നിയന്ത്രിച്ച് ബാലുവും ഒപ്പം നിന്നു.

വ്യക്തിപരമായി  ആരെയും വിഷമിപ്പിക്കാത്ത പ്രകൃതമാണ് ബാലുവിന്. ഒപ്പമുള്ളവരെയെല്ലാം  ശ്രദ്ധയോടെ  കരുതും. പാരിസിൽ ഞങ്ങൾ ഒരുമിച്ചു പങ്കെടുത്ത ഒരു ഗാനമേള കഴിഞ്ഞപ്പോൾ രാത്രിയേറെ വൈകി. ഭക്ഷണം കിട്ടാത്ത അവസ്ഥ. ഹോട്ടൽ മുറിയിലെത്തിയപ്പോൾ നല്ല വിശപ്പുണ്ട്. അന്നേരമാണ് ‘റൂം സർവീസ് പ്ലീസ്’ എന്നു പറഞ്ഞു മുറിയുടെ വാതിലിൽ മുട്ടി വിളി. നോക്കുമ്പോൾ ബാലുവാണ്. ശബ്ദം മാറ്റി  വിളിച്ചതാണ്. കയ്യിലെ പാത്രത്തിൽ ചൂട് പാറുന്ന സാദം. സ്വയം ഉണ്ടാക്കിയതാണ്. 

ആ വിശപ്പിൽ ആ സാദത്തിന്റെ രുചി പറഞ്ഞറിയിക്കാനാകാത്തതായിരുന്നു. എന്റെ വിശപ്പ് പോലും അറിഞ്ഞു വിളമ്പുന്ന തമ്പിയായിരുന്നു. 

ബാലു എന്നെ സംഗീതഗുരുവായി കണ്ടു എന്നത്  എനിക്കുള്ള ആദരമാണ്. സിനിമയിൽ പാടിയതിന്റെ 50-ാം വാർഷികത്തിന്റെ ഭാഗമായി പാദപൂജ ചെയ്യണമെന്നു ബാലു പറഞ്ഞപ്പോൾ സ്വീകരിക്കേണ്ടി വന്നതും ആ സ്നേഹം കൊണ്ടാണ്. ഗുരുദക്ഷിണ എന്നാണതിനെ ബാലു വിശേഷിപ്പിച്ചത്. കഴിഞ്ഞ വർഷം സിംഗപ്പൂരിലും പിന്നാലെ ഹൈദരാബാദിലുമാണ് ഞങ്ങൾ അവസാനമായി ഒരുമിച്ചു ഗാനമേള അവതരിപ്പിച്ചത്. ചിത്രയുമുണ്ടായിരുന്നു കൂടെ.

സംഗീതം ശാസ്ത്രീയമായി അഭ്യസിക്കണമെന്ന് ഇടയ്ക്കിടെ ഞാൻ ബാലുവിനോട് പറഞ്ഞിരുന്നു. ബാലു ഒരു കച്ചേരി അവതരിപ്പിച്ചു കാണണമെന്നത് വലിയ ആഗ്രഹമായിരുന്നു.  അദ്ദേഹത്തിന്റെ പിതാവിന്റെ പേരിലുള്ള ഒരു ട്രസ്റ്റിന്റെ പരിപാടിക്ക് ഞാൻ കച്ചേരി അവതരിപ്പിക്കാൻ പോയിരുന്നു. ഈ ആഗ്രഹം അന്ന് ആ വേദിയിലും ഞാൻ പറഞ്ഞു. ബാലു ചിരിയുമായി തൊഴുതു നിന്നതേയുള്ളൂ.

ശരീരവും ആരോഗ്യവും ശ്രദ്ധിക്കണമെന്നു സംസാരിക്കുമ്പോഴൊക്കെ പറയാറുണ്ടായിരുന്നു. ഗായകരെ സംബന്ധിച്ചു പ്രധാനമാണത്. കോവിഡ് ആണെന്നറിഞ്ഞപ്പോഴും ബന്ധപ്പെട്ടിരുന്നു. എല്ലാ പ്രതിസന്ധികളെയുമെന്ന പോലെ ബാലു ഇതിനെയും അതിജീവിക്കും എന്ന് ഉറച്ചു വിശ്വസിച്ചു. ഇന്നലെ അവസാന മണിക്കൂറിലും ഇങ്ങു ദൂരെ അമേരിക്കയിലെ വീട്ടിൽ പ്രാർഥനയോടെ ഇരുന്നതും ബാലുവിന്റെ അദ്ഭുതകരമായ തിരിച്ചുവരവിന്റെ വാർത്ത കേൾക്കാനാണ്. പക്ഷേ കോവിഡ് മഹാമാരി നൽകിയ നഷ്ടങ്ങളുടെ കൂട്ടത്തിലെ വലിയ സങ്കടമായി ബാലു വിടപറഞ്ഞു. 

യുഎസിൽ നിന്നു പ്രായമേറിയവർക്ക് യാത്രാനുമതിയില്ല. ബാലുവിനെ അവസാനമായി ഒരു നോക്ക് കാണാനാകുന്നില്ല എന്ന വലിയ സങ്കടം ബാക്കിയാകുന്നു. പക്ഷേ ഒരർഥത്തിൽ ചലനമറ്റ ബാലുവിനെ കാണാതിരിക്കുന്നതാണ് നല്ലത്. വേദിയിൽ അരികെ നല്ല കൂട്ടായെന്ന പോലെ മനസ്സിന്റെ ഒരറ്റത്ത് ചിരിച്ചുകൊണ്ട് ബാലു ഇപ്പോഴും എപ്പോഴും എന്നോടൊപ്പമുണ്ട്. അതുമതി. 

പ്രണാമം പ്രിയ ബാലു...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com