ADVERTISEMENT

പതിനാറു ഭാഷകളിലായി നാൽപതിനായിരത്തിലേറെ പാട്ടുകൾ പാടിയ എസ്.പി.ബാലസുബ്രഹ്മണ്യം പുതിയ ഗായകർക്ക് വിലപ്പെട്ട ഒരു ഉപദേശം കൊടുക്കാറുണ്ടായിരുന്നു:

‘എന്നെ മാതൃകയാക്കരുത്. ഞാൻ ഒരു പ്രത്യേക സൃഷ്ടിയാണെന്നു വിചാരിച്ചാൽ മതി.’

അതെ. ഗായകനു വേണ്ട സാമ്പ്രദായിക ചിട്ടകളൊന്നുമില്ലാത്ത ജീവിതമായിരുന്നു കൂട്ടുകാർ ബാലു എന്നും സിനിമാലോകത്തുള്ളവർ എസ്പിബി എന്നും സ്നേഹാദരങ്ങളോടെ സംബോധന ചെയ്യുന്ന എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റേത്. മനസ്സു പറയുന്നതുപോലെ ജീവിക്കുകയാണെന്ന് അദ്ദേഹം പറയും. ഒന്നാംതരം പുകവലിക്കാരനായിരുന്നു വർഷങ്ങളോളം. ഇനി തുടർന്നാൽ പ്രശ്നം എന്ന സ്ഥിതി വന്നപ്പോഴാണു നിർത്തിയത്.

ഐസ്ക്രീമും തണുത്ത വെള്ളവും എരിവും പുളിയും ഒന്നും അദ്ദേഹത്തിനു പ്രശ്നമായിരുന്നില്ല. തണുപ്പുകാലത്ത് കഴുത്തിൽ ഒരു മഫ്ലർ പോലും ചുറ്റാൻ മുതിർന്നില്ല. ഇതിനിടെ, വോക്കൽ കോഡിന് രണ്ടുതവണ ശസ്ത്രക്രിയ, പൊണ്ണത്തടി കുറയ്ക്കാൻ ബറിയാട്രിക് സർജറി, നിത്യവും ഒട്ടേറെ മരുന്നുകൾ... എന്നിട്ടും ഓരോ വയസ്സു പിന്നിടും തോറും ആ ശബ്ദം കൂടുതൽ മധുരിച്ചു. എസ്പിബി തന്നെ പറയുന്നതുപോലെ പ്രത്യേക സൃഷ്ടി; ദൈവം ചിട്ടപ്പെടുത്തിയ ജീവസംഗീതം!

ഒട്ടേറെ തവണ ദേശീയ പുരസ്കാരം നേടിയ ഈ മഹാഗായകൻ ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ലെന്നു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? ഏതു നിലയ്ക്കും അദ്ദേഹത്തിന്റെ ജീവിതം അദ്ഭുതം തന്നെയായിരുന്നു. അനുകരിക്കാനാകാത്ത വഴികളിലൂടെയുള്ള സ്വരസഞ്ചാരം.

പല്ലവി

ആന്ധ്രപ്രദേശിലെ നെല്ലൂരിനടുത്തുള്ള കൊനെട്ടമ്മപേട്ടയിൽ 1946  ജൂൺ 6നു ജനിച്ച ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യത്തിന് സംഗീതം ജന്മസിദ്ധമായിരുന്നു. അക്കാലത്തെ പ്രമുഖ ഹരികഥാ കലാകാരനായിരുന്ന അച്ഛൻ എസ്.പി.സമ്പാമൂർത്തിയായിരുന്നു ആദ്യ ഗുരു. ഹാർമോണിയവും ഓടക്കുഴലും വായിക്കാനും അച്ഛനാണു പഠിപ്പിച്ചത്. നാട്ടിലെ ഗാനമേളകളിൽ പാടിനടന്ന പയ്യന് ചലച്ചിത്ര പിന്നണി ഗായകനാകാനായിരുന്നു മോഹം.

പക്ഷേ, അച്ഛനാഗ്രഹിച്ചത് എൻജിനീയറാക്കാൻ. അനന്തപൂരിലെ എൻജിനീയറിങ് കോളജിൽ ചേർത്തെങ്കിലും ടൈഫോയ്ഡ് കാരണം പഠനം മുടങ്ങി. പിന്നീട് ചെന്നൈയിലെ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സിൽ പ്രവേശനം നേടി. അക്കാലത്ത് ഗാനമേളകളിൽ പാടിത്തകർക്കുന്നതു കേട്ട് ഇഷ്ടപ്പെട്ടാണ് പ്രമുഖ തെലുങ്കു സംഗീതസംവിധായകൻ എസ്.പി.കോദണ്ഡപാണി സിനിമയിലേക്കു വിളിക്കുന്നത്. പലരെയും പരിചയപ്പെടുത്തിയിട്ടും ആർക്കും പുതിയ പയ്യനിൽ വിശ്വാസം തോന്നിയില്ല. ഒടുവിൽ 1966ൽ കോദണ്ഡപാണി തന്നെ ‘ശ്രീ ശ്രീ മര്യാദ രാമണ്ണ’ എന്ന തെലുങ്കുചിത്രത്തിൽ പാടിച്ചു.

ആയിടെ മദ്രാസ് കേന്ദ്രമാക്കി ഒരു തെലുങ്കു സാംസ്കാരിക സംഘടന നടത്തിയ സംഗീതമത്സരത്തിൽ മികച്ച ഗായകനായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ബാലുവിന്റെ ജീവിതം പുതിയ ഈണം മൂളുന്നത്. ചെന്നൈ ടി നഗറിലെ കോളജിൽ മത്സരം കഴിഞ്ഞിറങ്ങുമ്പോൾ, പരസ്യ ഡിസൈൻ മേഖലയിൽ പ്രവർത്തിക്കുന്ന സുഹൃത്തായ ഭരണിയെ യാദൃച്ഛികമായി കണ്ടതാണു വഴിത്തിരിവായത്. ഭരണി, ബാലുവിനെ സംവിധായകൻ ശ്രീധറിനു പരിചയപ്പെടുത്തി. പാട്ടുകേട്ട് ഇഷ്ടപ്പെട്ട ശ്രീധർ എത്രയും വേഗം സംഗീതസംവിധായകൻ എം.എസ്.വിശ്വനാഥനെ കാണാൻ നിർദേശിച്ചു.

പിറ്റേന്ന് ചിത്രാലയയുടെ ഓഫിസിൽ ചെന്നപ്പോഴേ ബാലു പതറി. അസംഖ്യം വാദ്യോപകരണങ്ങളുടെ നടുവിൽ നെറ്റി നിറയെ ഭസ്മക്കുറിയുമായി സാക്ഷാൽ എം.എസ്. വിശ്വനാഥനിരിക്കുന്നു. പാട്ടുപാടാൻ ആവശ്യപ്പെട്ടു. ബാലു പാടിയ ഹിന്ദിപ്പാട്ട് അദ്ദേഹത്തിന് അത്ര ബോധിച്ചില്ല. തമിഴ് പാടാൻ പറ്റില്ലേ എന്നു ചോദ്യം. ചെന്നൈയിൽ വന്നിട്ട് ഏറെനാളായില്ല. തമിഴ് പഠിച്ചുവരുന്നതേയുള്ളൂ. അതു പറയാൻ മടിച്ച്, തമിഴ് പാട്ടുപുസ്തകം എടുത്തിട്ടില്ലെന്നു പറഞ്ഞു. അടുത്ത നിമിഷം പാട്ടുപുസ്തകം മുൻപിലെത്തി. ‘കാതലിക്ക നേരമില്ലൈ’ എന്ന സിനിമയുടെ പാട്ടുപുസ്തകമായിരുന്നു അത്. അതിലെ ‘നാളാം തിരുനാളാം’ എന്ന പാട്ടു പാടാൻ പറഞ്ഞു. ഒരാളുടെ സഹായത്തോടെ പാട്ട് തെലുങ്കിൽ എഴുതിയെടുത്തു പാടി.

‘ശബ്ദം കൊള്ളാം. ഉച്ചാരണശുദ്ധിയോടെ തമിഴ് പാടാൻ പറ്റുമോ?’ എം.എസ്. വിശ്വനാഥൻ ചോദിച്ചു. ഉവ്വെന്ന് പറഞ്ഞെങ്കിലും ഭംഗിക്കുവേണ്ടിമാത്രം നല്ലതു പറഞ്ഞ് തന്നെ ഒഴിവാക്കിയതാണ് എന്നു തോന്നിയതിനാൽ ബാലു പിന്നീട് അദ്ദേഹത്തെ സമീപിച്ചില്ല. ഒരു വർഷത്തിനുശേഷം യാദൃച്ഛികമായി വീണ്ടും കണ്ടപ്പോൾ തന്നെ വന്നുകാണാഞ്ഞതിനു ശകാരിക്കുകയും പിറ്റേന്നുതന്നെ ഓഫിസിൽ വന്നു കാണാനാവശ്യപ്പെടുകയും ചെയ്തു. 

‘ഹോട്ടൽ രംഭ’ എന്ന ചിത്രത്തിൽ എൽ.ആർ.ഈശ്വരിയോടൊപ്പമായിരുന്നു ആദ്യഗാനം. റിക്കോർഡിങ് കഴിഞ്ഞെങ്കിലും പടം റിലീസ് ചെയ്തില്ല. തുടർന്ന് ‘ശാന്തിനിലയം’ എന്ന ചിത്രത്തിൽ പി.സുശീലയോടൊപ്പം ‘ഇയർകൈ എന്നും ഇളയകന്നി’ എന്ന ഗാനം. പടവും പാട്ടും ഹിറ്റായതോടെ ജീവിതത്തിലെ അടുത്ത ട്വിസ്റ്റ് വരുന്നു.

അനുപല്ലവി 

വെള്ളിത്തിരയിലെ തന്റെ പ്രതിഛായ മിനുക്കിയെടുക്കാൻ തമിഴ് സിനിമയിലെ മുടിചൂടാമന്നൻ എംജിആർ പുതിയ ഗായകരുടെ ശബ്ദം അന്വേഷിക്കുന്ന കാലമായിരുന്നു അത്. ബാലുവിന്റെ പാട്ട് അദ്ദേഹത്തിനു വളരെ ഇഷ്ടപ്പെട്ടു. ‘അടിമൈപ്പെൺ’ എന്ന തന്റെ പുതിയ ചിത്രത്തിൽ പാടാനായി അദ്ദേഹം ബാലുവിനെ ക്ഷണിച്ചു. കെ.വി.മഹാദേവന്റെ ഈണത്തിൽ ഒരു പാട്ട് – അതും എംജിആറിന്റെ പടത്തിൽ – തുടക്കക്കാരനു കിട്ടുന്ന സുവർണാവസരം.

പക്ഷേ, പാട്ട് റിക്കോർഡ് ചെയ്യേണ്ട സമയമായപ്പോഴേക്കും പനിപിടിച്ചു ബാലു കിടപ്പിലായി. എന്നാൽ, എംജിആർ ബാലുവിനുവേണ്ടി കാത്തിരുന്നു, ഒരുമാസത്തിലേറെ. അങ്ങനെ അടിമൈപ്പെണ്ണിനുവേണ്ടി ‘ആയിരം നിലവേ വാ’ പാടി. ‘ശാന്തിനിലയം’ പുറത്തുവരുന്നതിനുമുൻപ് ‘അടിമൈപ്പെൺ’ റിലീസ് ചെയ്തു. ആ പാട്ടു മാത്രമല്ല, ഗായകനെയും തമിഴകം ഏറ്റെടുത്തു. പിന്നീട് ബാലുവിന്റെ ഓരോ പാട്ടിനായും തമിഴ് മക്കൾ കാത്തിരുന്നു. എംജിആറിനുശേഷം രജനീകാന്തിന്റെയും കമൽഹാസന്റെയും കാലമായപ്പോൾ ഇളയരാജയുടെ ഈണത്തിന് എസ്പിബി അനിവാര്യതയായി മാറി.  എ.ആർ.റഹ്‌മാനും വിദ്യാസാഗറുമൊക്കെ എസ്പിബിക്കുവേണ്ടി ഏറ്റവും മികച്ച ഈണങ്ങൾ കരുതിവച്ചു. 

ചരണം

എസ്.പി.ബാലസുബ്രഹ്മണ്യം എന്ന ഗായകനുവേണ്ടി കാലം പുതിയ ചില ഈണങ്ങൾ കാത്തുവച്ചിട്ടുണ്ടായിരുന്നു. 1981ൽ ‘ശങ്കരാഭരണം’ എന്ന തെലുങ്കു ചിത്രത്തിലൂടെ ലോകം അതു കേട്ടപ്പോൾ ഭാഷകളുടെ വരമ്പുകൾ  ഉടഞ്ഞു. കെ.വി.മഹാദേവൻ ഈണം നൽകിയ ചിത്രത്തിലെ ‘ശങ്കരാ ’, ‘ഓംകാരനാദാനു’, ‘ദൊരഗുണാ’, ‘രാഗം താനം പല്ലവി’ തുടങ്ങിയ മുഴുവൻ ഗാനങ്ങളും ക്ലാസിക്കൽ സ്പർശമുണ്ടായിട്ടും സൂപ്പർ ഹിറ്റ്. ആ ചിത്രം ബാലസുബ്രഹ്മണ്യത്തിന് മികച്ച ഗായകനുള്ള ദേശീയ പുരസ്കാരവും നേടിക്കൊടുത്തു.

ഭാഷകൾക്കതീതമായി ഇന്ത്യയൊന്നാകെ ശങ്കരാഭരണത്തിലെ ഈണങ്ങൾ മൂളിത്തുടങ്ങിയപ്പോഴാണ് ബോളിവുഡിലേക്കുള്ള വിളി വരുന്നത്. ദക്ഷിണേന്ത്യൻ ഗായകർ എത്ര മിടുക്കരായാലും അവരെ തിരസ്കരിക്കുന്ന സമ്പ്രദായമാണു ബോളിവുഡിനുള്ളത് എന്നതിനാൽ സ്വാഭാവികമായും തുടക്കം ശുഭകരമായിരുന്നില്ല. ഹിന്ദി ഉച്ചാരണം ശരിയല്ലെന്നു പറഞ്ഞ് പ്രശസ്ത സംഗീതസംവിധായകർ പലരും മാറ്റിനിർത്തി. അപ്പോഴാണ് ലക്ഷ്മികാന്ത്–പ്യാരേലാൽ എസ്പിബിയെ വച്ചൊരു പരീക്ഷണത്തിനു തയാറാകുന്നത്. കെ. ബാലചന്ദറിന്റെ ‘ഏക് ദൂജേ കേലിയേ’ എന്ന ചിത്രത്തിലെ ഗാനങ്ങൾ ഹിന്ദിയിൽ തരംഗമാകുക മാത്രമല്ല, 1981ലെ ദേശീയ പുരസ്കാരവും എസ്പിബിക്കു നേടിക്കൊടുത്തു.

‘സാജൻ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ ഗാനങ്ങൾ മുതൽ ഷാരൂഖ് ഖാന്റെ ‘ചെന്നൈ എക്സ്പ്രസി’ന്റെ ‘നികൽ ന ജായേ...’ എന്ന ടൈറ്റിൽ സോങ് വരെ പിന്നീട് ആ ജൈത്രയാത്ര നീണ്ടു. നാലു ഭാഷകളിലായി 6 തവണ ദേശീയ പുരസ്കാരം ലഭിച്ച ബാലുവിന് മികച്ച ഗായകനുള്ള ആന്ധ്രപ്രദേശ് സർക്കാരിന്റെ പുരസ്കാരം ലഭിച്ചത് എത്ര തവണയെന്നോ? 25 പ്രാവശ്യം! 

‘എല്ലാ ദിവസവും ഞാൻ പാട്ടുകൾ പാടുന്നു. അതാണ്, എന്റെ സാധകം. തിരക്കൊഴിഞ്ഞ ദിവസമില്ല. റിക്കോർഡിങ്, ഗാനമേളകൾ, വിദേശയാത്രകൾ അങ്ങനെ.... എന്റെ ജീവിതം തന്നെ സംഗീതത്തിൽ മുഴുകിയുള്ളതാണ്. അതല്ലാതെ ഒരു ജീവിതമില്ല.’– എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ വാക്കുകളിൽ നിറയുന്നതു വിനയം.

English Summary: Life story of SPB

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com