ADVERTISEMENT

ശ്രീലങ്കയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ കാഴ്ച നഷ്ടപ്പെട്ട മതിമാരന്‍ ചികിത്സക്കിടെ ഡോക്ടര്‍മാരോടു പറഞ്ഞു, 'കാഴ്ച പോയത് സാരമില്ല, കേള്‍വിശക്തിക്ക് തകരാറൊന്നും സംഭവിച്ചില്ലല്ലോ' എന്ന്. സംഗീതം ജീവശ്വാസം പോലെ കൊണ്ടു നടന്നിരുന്ന ആസ്വാദകനായിരുന്നു മതിമാരന്‍. എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ കടുത്ത ആരാധകന്‍! സ്ഫോടനം കീഴ്മേല്‍ മറിച്ച ജീവിതത്തിന്റെ താളം അദ്ദേഹം തിരിച്ചു പിടിച്ചത് എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ പാട്ടുകള്‍ കേട്ടുകൊണ്ടായിരുന്നു. ഇക്കാര്യം അറിഞ്ഞ എസ്.പി.ബിയുടെ പരിപാടിയുടെ സംഘാടകരായിരുന്ന രാഘവ് പ്രൊഡക്ഷന്‍സ് മലേഷ്യയില്‍ വച്ച് പ്രിയഗായകനെ നേരില്‍ കാണാന്‍ മതിമാരന് അവസരമൊരുക്കി. എസ്.പി.ബിയെക്കുറിച്ച് മതിമാരന്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി രംഗപ്രവേശം ചെയ്ത് തന്റെ ആരാധകനെ അദ്ഭുതപ്പെടുത്തുന്ന എസ്.പി.ബിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 

ആരാധകനോട് അല്‍പനേരം സംസാരിച്ചതിനു ശേഷം എസ്.പി.ബി പറയുന്നു, 'ഇനി ഞാന്‍ എനിക്കേറ്റവും ഇഷ്ടമുള്ള ഒരു കാര്യം ചെയ്യട്ടെ.... എഴുന്നേല്‍ക്കൂ... ഞാനൊരു ആലിംഗനം തരട്ടെ!' ആ കാഴ്ചയുടെ മനോഹാരിത ആരുടെയും കണ്ണു നിറയ്ക്കും. ഓരോ ആലിംഗനത്തിലൂടെയും അദ്ദേഹം ആസ്വാദകരെ തന്റെ നിഷ്കളങ്കതയിലേക്ക് കൂടുതല്‍ അടുപ്പിച്ചു. 

ആലിംഗനങ്ങള്‍.... സംഗീതം പോലെ ക്രിക്കറ്റ് പോലെ എസ്.പി.ബി ഏറെ ഇഷ്ടപ്പെട്ടിരുന്ന ഒന്നായിരുന്നു ആലിംഗനങ്ങള്‍. ഹൃദയം കൊണ്ടായിരുന്നു എസ്.പി.ബിയുടെ ഓരോ ആലിംഗനങ്ങളും. ആ വലിയ ശരീരത്തിനുള്ളിലെ വലിയ മനസിന്റെ തുടിപ്പും ഊഷ്മളതയുമെല്ലാം ആ ആലിംഗനത്തില്‍ ചേര്‍ത്തു വച്ചിരുന്നു. ആ ആലിംഗനത്തിന്റെ ഊഷ്മളത അറിഞ്ഞവര്‍ വീണ്ടും അദ്ദേഹത്തെ കാണുമ്പോഴൊക്കെ സ്നേഹം പൊതിഞ്ഞ ആ ടെഡി ബെയര്‍ ഹഗ് ചോദിച്ചു വാങ്ങിക്കൊണ്ടിരുന്നു. 

ഒരു സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയില്‍ എ.ആര്‍ റഹ്മാന്റെ കാതലേ എന്‍ കാതലേ എന്ന ഗാനം എസ്.പി.ബി ലൈവായി പാടിയപ്പോള്‍ ഓടി വന്ന് കെട്ടിപ്പിടിച്ച ഗായിക അനുരാധ ശ്രീറാമിനെ നെഞ്ചോട് ചേര്‍ത്ത് ഈണം മുറിയാതെ പാടുന്നതിനിടയിലും അതിമനോഹരമായൊരു ആലിംഗനം തിരികെ നല്‍കാനും അദ്ദേഹം മറന്നിരുന്നില്ല. അദ്ദേഹത്തിന്റെ സംഗീത മാന്ത്രികതയില്‍ ഉള്ളുരുകി കണ്ണുനിറഞ്ഞ പോയ നിമിഷത്തെ ആലിംഗനത്തോടെയല്ലാതെ എങ്ങനെ അടയാളപ്പെടുത്താനാകും? ഇത്ര വാത്സല്യത്തോടെ ഊഷ്മളതയോടെ നിഷ്കളങ്കതയോടെ ആലിംഗനം ചെയ്യാന്‍ ഇനിയൊരു ഗായകനുണ്ടാകുമോ! എസ്.പി.ബിക്ക് യാത്രാമൊഴിയായി അനുരാധ ശ്രീറാം പങ്കുവച്ച കുറിപ്പില്‍ കാണാം ഇനിയൊരിക്കലും അനുഭവിക്കാന്‍ കഴിയാത്ത ആ ആലിംഗനങ്ങളുടെ നഷ്ടവേദന. 

എസ്.പി.ബിയുടെ സ്നേഹാലിംഗനങ്ങളുടെ നേര്‍ക്കാഴ്ച കാണാന്‍ കേരളത്തിലെ വേദികള്‍ക്കും ഭാഗ്യമുണ്ടായി. തൃശൂരില്‍ കഴിഞ്ഞ വര്‍ഷം നടന്ന ചേതനോത്സവത്തില്‍ പാടാനെത്തിയ എസ്.പി.ബി മടങ്ങിയത് മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങള്‍ സമ്മാനിച്ചായിരുന്നു. എസ്.പി.ബിയുടെ പ്രശസ്തമായ ഗാനം 'മലരേ മൗനമാ....'... വേദിയില്‍ അദ്ദേഹത്തിനൊപ്പം പാടാനെത്തിയത് ഗായിക മനീഷ. പ്രിയഗായകനൊപ്പം സ്വന്തം നാട്ടിലെ േവേദിയില്‍ പാടാന്‍ ലഭിച്ച അവസരത്തിന്റെ വലിപ്പമോര്‍ത്ത് പാടുന്നതിനിടയില്‍ കണ്ണു നിറഞ്ഞു പോയി മനീഷയ്ക്ക്. ആ കണ്ണീര്‍ തുടച്ചു, മനീഷയെ ചേര്‍ത്തു നിറുത്തി പാട്ടു പാടുന്ന എസ്.പി.ബിയുടെ ചിത്രം ഇപ്പോഴും കണ്‍മുന്‍പിലുണ്ട്. 

അതേ പാട്ടിനിടയിലെ ചെറിയൊരു ഹമ്മിംഗ് പാടാന്‍ എത്തിയത് തൃശൂരിലെ ഗാനമേളകളിലെ സ്ഥിരം സാന്നിധ്യമായ ഗായകന്‍ പാര്‍ത്ഥന്‍ ആിരുന്നു. വേദിയുടെ പിന്നില്‍ നിന്ന് ഹമ്മിംഗ് പാടാനൊരുങ്ങിയ പാര്‍ത്ഥനെ അടുത്തേക്ക് വിളിച്ചു നിറുത്തി എസ്.പി.ബി. പാടിത്തുടങ്ങിയപ്പോള്‍ പാര്‍ത്ഥന്‍ പാടുന്ന മൈക്കിന് ശബ്ദം കുറവാണെന്നു കണ്ട നിമിഷത്തില്‍ സ്വന്തം മൈക്ക് നീട്ടിപ്പിടിച്ചു പാടിച്ച എസ്.പി.ബിയുടെ കാല്‍ക്കല്‍ വീണ പാര്‍ത്ഥനെയും കൂടെപ്പാടിയ മനീഷയേയും ആലിംഗനം ചെയ്തു പ്രോത്സാഹിപ്പിച്ചാണ് അദ്ദേഹം തൃശൂരില്‍ നിന്നു മടങ്ങിയത്. 

ആള്‍ക്കൂട്ടങ്ങളെയോ മിന്നിമായുന്ന ക്യാമറക്കണ്ണുകളെയോ തൃപ്തിപ്പെടുത്താനായിരുന്നില്ല അദ്ദേഹത്തിന്റെ ആലിംഗനങ്ങള്‍. മാനവികതയുടെ വലിയ ആകാശത്തേക്കാണ് എസ്.പി.ബി തന്റെ ആലിംഗനങ്ങളെ തുറന്നുവിട്ടത്. ഞാനൊന്നു കെട്ടിപ്പിടിച്ചോട്ടെ എന്ന് വലിപ്പച്ചെറുപ്പമില്ലാതെ ആ ഗായകനോട് ചോദിക്കാന്‍ പേരു കേട്ട സംഗീതഞ്ജരും താരങ്ങളും വരെ മത്സരിച്ചിരുന്നു. ജീവിതത്തില്‍ അദ്ദേഹം എന്നും ആഘോഷിച്ച ചേര്‍ത്തുപിടിക്കലുകളുടെ ചെറിയൊരു അടയാളപ്പെടുത്തല്‍ മാത്രമായിരുന്നു ആ ആലിംഗനങ്ങള്‍. ഏതു പരിഭവങ്ങളും സങ്കടങ്ങളും ആ കെട്ടിപ്പിടുത്തത്തില്‍ അലിഞ്ഞില്ലാതായിപ്പോകും. അദ്ദേഹം പാടി വച്ച പാട്ടുകള്‍ കാലമെത്ര കഴിഞ്ഞാലും സംഗീതശേഖരത്തില്‍ നിന്നെടുത്ത് നമുക്ക് ഇനിയും കേള്‍ക്കാം. എന്നാല്‍, പാട്ടുകള്‍ക്കിടയിലെ അദ്ദേഹത്തിന്റെ വര്‍ത്തമാനങ്ങള്‍... ഈ ചേര്‍ത്തു പിടിക്കലുകള്‍.... അങ്ങനെയൊരു അനുഭവം ഇനി സാധ്യമാകില്ല. പ്രിയ എസ്.പി.ബി.... നിങ്ങളുടെ ശബ്ദത്തിന് പകരമാകാന്‍ മറ്റൊരു സ്വരം ഇനിയുണ്ടാകില്ല... എന്നാല്‍ അതിനേക്കാളേറെ ആ ആലിംഗനങ്ങള്‍ ഞങ്ങള്‍ മിസ് ചെയ്യും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com