ADVERTISEMENT

മികച്ച ഗായകർ ഏറെയുണ്ടെങ്കിലും എസ്.പി.ബാലസുബ്രഹ്മണ്യത്തെപ്പോലെ ആരാധകരെ വിസ്മയിപ്പിച്ചവർ കുറവ്.  ‘ശങ്കരാഭരണ’ത്തിലെ ശാസ്ത്രീയ ഗാനങ്ങൾ തന്നെ ഉദാഹരണം. ശാസ്ത്രീയസംഗീതം പഠിക്കാത്തൊരാൾക്ക് എങ്ങനെ ഇതു സാധിച്ചു എന്നു പലരും അദ്ഭുതം കൂറുന്നു.

ഏറ്റവും കൂടുതൽ ഗാനങ്ങൾ പാടി റിക്കോർഡ് ചെയ്ത ഗായകനെന്ന ഗിന്നസ് റെക്കോർഡ്, എസ്പിബിക്കാണ്– 40,000 പാട്ടുകൾ! (ഗായിക ലതാ മങ്കേഷ്കർ). ഒറ്റ ദിവസം തന്നെ 21 പാട്ടുകൾ റിക്കോർഡ് ചെയ്തും എസ്പിബി അദ്ഭുതം സൃഷ്ടിച്ചിട്ടുണ്ട്. 1981 ഫെബ്രുവരി 8നു 12 മണിക്കൂറിൽ ഉപേന്ദ്രകുമാർ എന്ന സംഗീത സംവിധായകനുവേണ്ടിയാണ് 17 കന്നഡ ഗാനങ്ങൾ ബെംഗളൂരുവിൽ റിക്കോർഡ് ചെയ്തത്.

മുംബൈയിൽ ആനന്ദ് എന്ന സംഗീതസംവിധായകനുവേണ്ടി ഒരു ദിവസം 15 പാട്ടുകൾ പാടി. തമിഴിലും 16 പാട്ടുകൾ ഒരു ദിവസം പാടി റെക്കോർഡിട്ടിട്ടുണ്ട്. സാധാരണഗതിയിൽതന്നെ ദിവസം ശരാശരി മൂന്നു പാട്ട് റിക്കോർഡ് ചെയ്യുമായിരുന്നു. ചിലപ്പോൾ അതു 15 വരെ നീളും. ഇത്രപെട്ടെന്നു പാട്ട് പഠിച്ചെടുക്കുന്ന ഗായകരില്ലെന്നു പല സംഗീതസംവിധായകരും പറഞ്ഞിട്ടുണ്ട്. കണക്കെടുത്തിരുന്നെങ്കിൽ ഇന്ത്യയ്ക്ക് അകത്തും പുറത്തും നടത്തിയ ഗാനമേളകളുടെ പേരിലും ബാലുവിന് റെക്കോർഡ് ഇടാമായിരുന്നു എന്നു സുഹൃത്തുക്കൾ പറയുന്നു.

സംഗീത സംവിധാനം

പാട്ടുപാടി ഒതുങ്ങിയ ജീവിതമായിരുന്നില്ല എസ്പിബിയുടേത്. തെലുങ്കിൽ ദാസരി നാരായണ റാവുവിന്റെ ‘കന്യാകുമാരി’ എന്ന ചിത്രത്തിലൂടെ സംഗീതസംവിധായകനായി ഹരിശ്രീകുറിച്ച അദ്ദേഹം ആ മേഖലയിലും തിളങ്ങി. സുധാചന്ദ്രൻ അഭിനയിച്ചു വൻഹിറ്റായ ‘മയൂരി’യുടെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയതും ബാലസുബ്രഹ്മണ്യമായിരുന്നു. തമിഴിൽ ശ്രീധർ സംവിധാനം ചെയ്ത രജനീകാന്തിന്റെ ‘തുടിക്കും കരങ്ങൾ’ ഉൾപ്പെടെ തമിഴ്, തെലുങ്ക്, കന്നഡ എന്നിവയിലായി 46 ചലച്ചിത്രങ്ങളുടെ സംഗീതസംവിധാനം നി‍ർവഹിച്ചു.

കടംകൊടുത്ത സ്വരം

മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള ആന്ധ്ര സർക്കാരിന്റെ പുരസ്കാരം നേടിയിട്ടുണ്ട് എസ്.പി.ബാലസുബ്രഹ്മണ്യം. തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകൾ അനായാസം സംസാരിക്കുന്ന അദ്ദേഹം ഹിന്ദിയിലും  ഡബ് ചെയ്തിട്ടുണ്ട്. രജനീകാന്ത്, കമൽഹാസൻ, സൽമാൻ ഖാൻ, അനിൽ കപൂർ, ഗിരീഷ് കർണാട്, ജമിനി ഗണേശൻ, അർജുൻ  തുടങ്ങിയവരൊക്കെ തങ്ങളുടേതല്ലാത്ത ഭാഷകളിൽ അഭിനയിച്ചപ്പോൾ ഇദ്ദേഹത്തിന്റെ ശബ്ദം കടമെടുത്തു.

പാട്ടിന്റെ പാഠപുസ്തകം

പുലർച്ചെ മുതൽ രാത്രിവരെ നീണ്ട റിക്കോർഡിങ്ങിനുശേഷം ക്ഷീണിതനായി മടങ്ങാൻ ഒരുങ്ങുമ്പോഴാണ് ഒരിക്കൽ ചെറുപ്പക്കാരനായ പുതിയ സംഗീതസംവിധായകൻ എസ്പിബിക്കരികിൽ പാട്ടുമായെത്തുന്നത്.

ഈണം കേട്ടപ്പോൾ പാടാതിരിക്കാൻ വയ്യെന്നായി. അങ്ങനെയാണ് ‘കർണ’ എന്ന സിനിമയിലെ വിദ്യാസാഗറിന്റെ പ്രസിദ്ധമായ ‘മലരേ മൗനമാ’ എന്ന ഗാനം പിറക്കുന്നത്. തന്നെ മാതൃകയാക്കരുതെന്ന് സ്വയം പറഞ്ഞാലും വിജയം കൂടുംതോറും വിനയമേറുന്ന മഹനീയ മാതൃകതന്നെയായിരുന്നു എസ്പിബി. എത്ര തിരക്കുണ്ടെങ്കിലും പറഞ്ഞ സമയത്തു റിക്കോർഡിങ്ങിന് എത്തിയിരിക്കും. 

കാലൊടിഞ്ഞപ്പോൾ വീൽചെയറിൽ ഇരുന്നുപോലും സ്റ്റുഡിയോയിൽ വന്നു. പാട്ടിന്റെ പൂർണതയ്ക്കുവേണ്ടി എന്തു പരിശ്രമം ചെയ്യാനും അദ്ദേഹം തയാറായിരുന്നു. ‘ഇളയ നിലാ...’ എന്ന ഗാനം ഗിറ്റാർ ശരിയാകാനായി 16 പ്രാവശ്യമാണ് അദ്ദേഹം പാടിയത്.

എല്ലാ വിജയങ്ങൾക്കും കാരണം ഗുരുകാരുണ്യമാണെന്ന് അദ്ദേഹം പറയും.  ആദ്യചിത്രത്തിൽ അവസരം നൽകിയ എസ്.പി.കോദണ്ഡപാണിയെ ആണ് മാനസഗുരുവായി ആരാധിച്ചിരുന്നത്.  മഹാഗായകനായി വളർന്നപ്പോഴും ഗുരുവിനെ മറന്നില്ലെന്നു മാത്രമല്ല, വടപളനിയിൽ റിക്കോർഡിങ് സ്റ്റുഡിയോ തുടങ്ങിയപ്പോൾ അതിനു ഗുരുവിന്റെ പേരാണിട്ടതും.

അതുകൊണ്ടാണ്, പാട്ടുമാത്രമല്ല, ഒരു പാഠപുസ്തകം കൂടിയാണ് എസ്.പിബി എന്ന് എല്ലാവരും ഒരേസ്വരത്തിൽ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com