ADVERTISEMENT

ഏറെ കാലത്തെ കാത്തിരിപ്പിനും ആഗ്രഹത്തിനും ശേഷം എസ് പി ബാലസുബ്രഹ്മണ്യത്തെ നേരിൽ കണ്ടതും വേദി പങ്കിട്ടതും ഗായിക രാജലക്ഷ്മിയുടെ മനസ്സിൽ നിറമുള്ള ഓർമകളായി തന്നെ നില നിൽക്കുകയാണ്. പിന്നീട് പലതവണ അദ്ദേഹത്തിനൊപ്പം സ്വരമാകാൻ ഗായികയ്ക്കു സാധിച്ചിട്ടുമുണ്ട്. എന്നാൽ അകാലത്തിൽ ഏറെ നൊമ്പരപ്പെടുത്തി കടന്നു പോയ എസ്പിബിയെക്കുറിച്ചോർക്കുമ്പോൾ കലാലോകം ഒന്നാകെ തേങ്ങുകയാണ്. മഹാഗായകനെക്കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കാമോ എന്നു ചോദിച്ചപ്പോൾ രാജലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞ് വാക്കുകൾ പാതിയിൽ മുറിയുന്നു. അദ്ദേഹം ഇല്ലാത്ത കാലത്തെക്കുറിച്ചു സങ്കൽപ്പിക്കാൻ പോലുമാകില്ല എന്നു പറഞ്ഞ രാജലക്ഷ്മി, ഇനിയെങ്ങനെ താൻ ഒരു ഗായികയായി ജീവിച്ചു തീർക്കുമെന്ന് നിശ്ചയമില്ലെന്നും നൊമ്പരത്തോടെ പറഞ്ഞു വയ്ക്കുന്നു. പോയകാലത്തിന്റെ മധുരസ്മരണകളുമായി രാജലക്ഷ്മി മനോരമ ഓൺലൈനിനൊപ്പം. 

‘എസ്പിബി സാറിന്റെ കൂടെ ആദ്യമായി വേദിയിൽ പാടുന്നത് വർഷങ്ങൾക്കു മുൻപ് തിരുവനന്തപുരത്ത് വച്ച് ഒരു ഓണക്കാലത്താണ്. പാട്ട് പാടുന്ന കാലം മുതൽ സറിനെ ഞാൻ ദൈവത്തെപ്പോലെ ആരാധിച്ചിരുന്നു. ഒരു നോക്ക് കാണണമെന്ന് വലിയ ആഗ്രഹവുമുണ്ടായിരുന്നു. അദ്ദേഹത്തെ പോലെ ഇതിഹാസമായ മറ്റൊരു സംഗീതജ്ഞൻ രാജ്യത്തു വേറെയില്ല എന്നു തന്നെ പറയാം. തിരുവനന്തപുരത്ത് അദ്ദേഹം പാടാൻ വന്ന നിമിഷം യഥാർഥത്തിൽ എന്റെ സ്വപ്ന സാക്ഷാത്കാരമായിരുന്നു. അദ്ദേഹത്തിനൊപ്പം പാടാൻ അവസരം ലഭിച്ചപ്പോൾ ഇരട്ടി മധുരം. 

അന്ന് സാറിന്റെ ഒപ്പം വേദിയിൽ പാടാൻ നിന്നപ്പോൾ എന്റെ മനസ്സ് നിറയെ പേടിയും ടെൻഷനുമായിരുന്നു. ശരീരം ആകെ വിറയ്ക്കുന്നതായി തോന്നി. ഞാൻ വേദിയിൽ എത്തിയപ്പോഴേക്കും അദ്ദേഹം കാണികളുമായി ആശയവിനിമയം നടത്തുകയായിരുന്നു. അദ്ദേഹത്തിന്റെ ഒരു രീതിയാണത്. എന്നെ കണ്ട ഉടൻ ‘ഹലോ മിസ് രാജലക്ഷ്മി’ എന്ന് വളരെ സ്വീറ്റ് ആയി എന്നെ അഭിസംബോധന ചെയ്തു. അന്ന് ഞാൻ മഞ്ഞയും പച്ചയും നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരുന്നത്. അത് ഐപിഎല്ലിന്റെ കാലം ആയിരുന്നു. അപ്പോൾ എന്റെ വസ്ത്രം കണ്ടിട്ട് ചെന്നൈ സൂപ്പർ കിങ്സിന്റെ ആളോണോ എന്നു തമാശ രൂപേണ ചോദിച്ചു. അത് കേട്ട് കാണികളെല്ലാം ചിരിച്ചു, ഒപ്പം ഞാനും. അദ്ദേഹത്തിന്റെ ആ വാക്കുകളിലൂടെ എന്റെ പേടിയും ആശങ്കയുമെല്ലാം എങ്ങോ പോയി മറഞ്ഞു. അങ്ങനെ അന്ന് അദ്ദേഹത്തിനൊപ്പം ഞാൻ ആദ്യമായി വേദി പങ്കിട്ടു. 

അതിനു ശേഷവും എസ്പിബി സാറിനൊപ്പം പാടാൻ ഒരുപാട് അവസരങ്ങൾ ലഭിച്ചു. വേദിക്കു പിന്നിൽ നിന്ന് അദ്ദേഹത്തോട് സംസാരിക്കാനും സാധിച്ചിട്ടുണ്ട്. അപ്പോഴൊക്കെ സാറിനെ കാണാനും ഫോട്ടോയെടുക്കാനുമൊക്കെ നിരവധി പേർ വന്നിരുന്നു. അവരോടൊക്കെ അദ്ദേഹം സംസാരിക്കുന്ന രീതിയൊക്കെ ഒന്നു കാണേണ്ടതു തന്നെയാണ്. കണ്ടു പഠിക്കേണ്ടതാണ്. ഞാൻ പലപ്പോഴും ആലോചിക്കുന്ന ഒരു കാര്യമുണ്ട്, ഉള്ളിൽ അഹങ്കാരമോ ഞാനെന്ന ഭാവമോ തോന്നുന്ന ഏതൊരാളും അൽപ നേരം എസ്പിബി സാറിനോടു സംസാരിച്ചാൽ എല്ലാ അഹങ്കാര ചിന്തകളും ഞൊടിയിടയിൽ ഇല്ലാതാകുമെന്ന്. അത് സത്യം തന്നെയാണ്. 

കൂടെ നിൽക്കുന്ന ഏതൊരു കലാകാരനെയും അത്രമേൽ പിന്തുണച്ചും പ്രോത്സാഹിപ്പിച്ചും ചേർത്തു നിർത്തുന്ന മാഹാനായ ഗായകനാണ് അദ്ദേഹം. അതുപോലെ ഓരോ വേദിയിൽ കയറുമ്പോഴും അദ്ദേഹം ഓർക്കസ്ട്രയിലെ ഓരോരുത്തരെയും അഭിവാദ്യം ചെയ്യാറുണ്ട്. അതൊക്കെ അപൂർവം ചിലർ മാത്രം ചെയ്യുന്ന കാര്യമാണ്. വേദിയിൽ ഒപ്പമുള്ളവരുടെ പ്രകടനം കഴിയുമ്പോൾ അവരെ അഭിനന്ദിക്കാൻ ഒരിക്കലും മടിക്കാത്ത ആളാണ് എസ്പിബി സർ. 

സാറിന്റെ ഒപ്പം ഒരുപാട് പാട്ടുകൾ പാടാനുള്ള മഹാഭാഗ്യം എനിക്കുണ്ടായി. വീണ്ടും അതിനുള്ള അവസരങ്ങൾ ഉണ്ടാകുമെന്ന് എന്നെ അറിയിക്കുകയും ചെയ്തിരുന്നു. അപ്പോൾ അദ്ദേഹത്തിനൊപ്പം പാടാനുള്ള നിമിഷത്തിനായി ഞാൻ കാത്തിരിക്കുകയായിരുന്നു. പക്ഷേ ഇപ്പോൾ ആ സ്വപ്നങ്ങളൊക്കെ പാതിവഴിയിൽ ഇല്ലാതായി. സർ വിട്ടു പിരിഞ്ഞു എന്നും നമ്മുടെ കൂടെയില്ല എന്നും വിശ്വസിക്കാൻ സാധിക്കുന്നില്ല. ആ വേർപാടിൽ മനസ്സ് ഇപ്പോഴും വിങ്ങുന്നു. അദ്ദേഹം ഇല്ലാതെ ഇനിയുള്ള കാലം ഒരു പാട്ടുകാരി എന്ന നിലയിൽ എങ്ങനെ ജീവിച്ചു തീർക്കുമെന്ന് ഞാൻ ആലോചിക്കുകയാണ്. ആ വേർപാട് വല്ലാതെ വേദനിപ്പിക്കുന്നു. അത് ഞങ്ങളുടെ കലാകാരന്മാരുടെ തീരാദു:ഖം തന്നെയാണ്’.– രാജലക്ഷ്മി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com