ADVERTISEMENT

സംഗീതത്തിനു ഏഴു സ്വരങ്ങൾ. ദക്ഷിണേന്ത്യയിലെ സാധാരണ മനുഷ്യരുടെ പാട്ടിനോടുള്ള ഇഷ്ടം മുഴുൻ പക്ഷേ 3 അക്ഷരങ്ങളിലേക്കു ചേർത്തുവയ്ക്കാം- എസ്‌പിബി. തമിഴ്നാട് അതിർത്തിയോട് ചേർന്ന്്, ആന്ധ്രാപ്രദേശിൽ ജനിച്ച ബാലസുബ്രഹ്മണ്യം ഈ രണ്ടു ഭാഷകളിൽ  മാത്രമല്ല,  കന്നഡത്തിലും മലയാളത്തിലുമൊക്കെ പാട്ടിന്റെ പാലാഴി തീർത്തു. ആഗ്രഹിച്ചപ്പോഴൊക്കെ വിന്ധ്യനുമപ്പുറത്തേക്കു കടന്നു ചെന്നു ബോളിവുഡ് കീഴടക്കി. അര നൂറ്റാണ്ടും  16 ഭാഷകളിലെ 40000 പാട്ടുകളും നീണ്ട നാദബ്രഹ്മം നിത്യതയിൽ ലയിക്കുമ്പോൾ ബാക്കിയാകുന്നത് ഈണങ്ങൾ മാത്രമല്ല, പകരംവയ്ക്കാനില്ല സംഗീത സംസ്കാരം കൂടിയാണ്. 

പൂർണതയുടെ സംഗീതം

പതിറ്റാണ്ടുകൾ ഇന്ത്യൻ സംഗീതത്തിൽ ഒഴുകിപ്പരക്കുകയായിരുന്നു എസ്.പി.ബാലസുബ്രഹ്ണ്യം. ഒറ്റ ദിവസം 21 പാട്ടുകൾ വരെ പാടിയിട്ടുണ്ട്. വർഷങ്ങളോളം ശരാശരി 3 പാട്ടുകളായിരുന്നു കണക്ക്. സ്റ്റുഡിയോയിൽ നിന്നു അടുത്തതിലേക്കുള്ള ഓട്ടപ്പാച്ചിലിനിടയിലും പാട്ടിന്റെ പൂർണതയിൽ വിട്ടുവീഴ്ചയ്ക്കു അദ്ദേഹം തയ്യാറായില്ല. പ്രശസ്തമായ ഇളയനിലാ എന്ന ഗാനം 16 തവണയാണു മാറ്റിപ്പാടിയത്. ഗാനത്തിന്റെ പ്രത്യേക ഭാഗത്ത് ഗിറ്റാറിസ്റ്റിനു പെർഫെക്ഷനു വേണ്ടിയായിരുന്നു ഇത്. എ.എം.രാജയുടെ ശബ്ദത്തിലെ ഗാംഭീര്യം, പി.ബി.ശ്രീനിവാസന്റെ ശബ്ദത്തിലെ മൃദുലത, സാക്ഷാൽ മുഹമ്മദ് റഫിയുടെ അനായാസ ഭംഗി എന്നിവയെല്ലാം ഒത്തു ചേർന്നപ്പോൾ സംഗീത ലോകം വിളിച്ചു- പാടും നിലാ.

ഗുരുത്വത്തിന്റെ ഈണം

കാന്തത്തിലേക്കെന്ന പോലെ ആകർഷിക്കുന്ന ആ സ്വരത്തിനൊപ്പം ഗുരുത്വവും  കൂടി ചേർന്നപ്പോഴാണു ഇന്ത്യൻ സംഗീത്തിലെ ഇതിഹാസമായി എസ്പിബി മാറിയത്. യേശുദാസാണു മാനസ ഗുരുവെന്ന പല വേദികളിലും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ചെന്നൈയിലെ വീട്ടിൽ യേശുദാസിന്റെ ആശ്ലേഷിക്കുന്ന ചിത്രം സ്ഥാപിക്കുന്നതിനു മുൻപേ ഹൃദയത്തിൽ ഗാനഗന്ധവനെ അദ്ദേഹം ഗുരുവായി പ്രതിഷ്ഠിച്ചിരുന്നു. സംഗീത യാത്രയുടെ 50-ാം വാർഷികത്തിന്റെ ഭാഗമായി യേശുദാസിനും ഭാര്യ പ്രഭയ്ക്കും പാദപൂജ ചെയ്താണു അദ്ദേഹം ലോക പര്യടനത്തിനു പുറപ്പെട്ടത്. 

തെലുങ്ക് സിനിമയിലൂടെ കോദണ്ഡപാണിയെന്ന സംഗീത സംവിധായകനാണു എസ്‌പിബിക്കു മുന്നിൽ സിനിമയുടെ സ്വപ്ന വാതിൽ തുറന്നത്. പിന്നീട് ചെന്നൈയിൽ ഒരു സ്റ്റുഡിയോ നിർമിച്ചപ്പോൾ അതിനു നൽകിയ കൈപിടിച്ചുയർത്തിയ ഗുരുവിന്റെ പേര് - കോദണ്ഡപാണി സ്റ്റുഡിയോ. എൻജിനീയറിങ് പഠനവുമായി ചെന്നൈയിൽ ചുറ്റിത്തിരിയുന്ന കാലത്ത് കോടമ്പാക്കത്തെ സ്റ്റുഡിയോകളിലൊന്നിൽ എം.െക.അൻജുനൻ പാട്ടിനു സംഗീതം നൽകുന്നതു കൊതിയോടെ നോക്കി നിന്ന കഥ പറഞ്ഞിട്ടുണ്ട് എസ്പിബി. പിന്നീട് അർജുനൻ മാഷെ കൊച്ചിയിൽ ആദരിച്ചപ്പോൾ അതിഥിയായെത്തിയ അദ്ദേഹം അർജുനൻ മാഷിനു മുന്നിൽ സാഷ്ടാംഗ പ്രണാമം ചെയ്ത ശേഷമാണു എസ്പിബി പാട്ടിലേക്കു കടന്നത്. 

സ്ക്രീനിൽ ഋതുഭേദങ്ങൾ, ഒറ്റ സ്വരം

ടി.എം.സൗന്ദരരാജൻ തമിഴ് സിനിമ അടക്കി വാഴുന്ന കാലത്താണു യുവത്വവും പുതുമയും കലർന്ന സ്വരവുമായി എസ്പിബി തമിഴിൽ അവതരിച്ചത്. രാഷ്ട്രീയത്തിലും പുതിയ സ്വപ്നങ്ങളുണ്ടായിരുന്ന എംജിആർ തനിക്കായി പുതുമയുള്ള സ്വരം തേടുന്ന കാലം. അടിമപ്പെണ്ണ് എന്ന ചിത്രത്തിൽ എംജിആറിനായി ആയിരം നിലാവേ വാ എന്നു തുടങ്ങുന്ന ഗാനവുമായി എസ്പിബി തമിഴിൽ ഹരിശ്രീ കുറിച്ചു. പിന്നെ തമിഴ് തിരയിൽ എത്ര ഋതുഭേദങ്ങൾ. അഭിനയത്തിന്റെ കാതലുമായി ജെമിനി ഗണേഷൻ, ശബ്ദ -നടന ഗാംഭീര്യത്തിന്റെ തികവുമായി നടികർ തിലകം ശിവാജി ഗണേശൻ, തിരയിൽ നിന്നു തമിഴ് ജനതയുടെ മനസ്സിലെ ഏഴൈ തോഴനായി നടന്നു കയറിയ എംജിആർ, ഇന്ദ്രജാലത്തിന്റെ ഞൊടിവേഗമുള്ള ചലനങ്ങളുമായി രജനീകാന്ത്, അഭിനയത്തിന്റെ ഉലക നായകനായി കമൽ ഹാസൻ, അതിനിടയിൽ റൊമാൻറിക് നായക സങ്കൽപമായി അരവിന്ദ് സാമി, മോഹൻ.പ്രേക്ഷകന്റെ അഭിരുചിക്കനുസരിച്ച് സ്ക്രീനിൽ ഋതുക്കൾ മാറി വന്നു. എന്നാൽ, എല്ലാ ഋതുവിലും തളിർക്കുന്ന പൂമരം പോലെ എസ്‌പിബി എല്ലാ നായക നടന്മാരുടേയും സ്വരമായി മാറി. മല്ലിശൈ മന്നൻ എം.എസ്.വിശ്വനാഥൻ മുതൽ ഹാരിസ് ജയരാജ് വരെയുള്ളവരുടെ ഈണങ്ങൾക്ക് സ്വരഭംഗി ചേർത്തു. പ്രണയത്തിലും വിരഹത്തിലും കാരുണ്യത്തിലും വാൽസല്യത്തിലും കുസൃതിയിലും തമിഴനു എസ്പിബിയുടെ സ്വരം കേട്ടാൽ മതിയെന്നായി. ആ മൂന്നക്ഷരം അവരുടെ വികാരമായി മാറി. ആയിരം നിലാവേ വാ എന്നു പാടിത്തുടങ്ങിയ എസ്പിബി തമിഴ് സംഗീതത്തിന്റെ പൂർണ ചന്ദ്രനായി. 

നടനം മോഹനം

മുഹമ്മദ് റഫിയാണു എസ്പിബിയുടെ ഇഷ്ട ഗായകൻ. നടനും ഡബ്ബിങ് ആർട്ടിസ്റ്റും സംഗീത സംവിധായകനുമൊക്കെയായി നിറഞ്ഞു നിന്ന അദ്ദേഹത്തിനു കരിയറിനു പക്ഷേ, സാമ്യം കിഷോർ കുമാറിനോട്. നടനെന്ന  നിലയിൽ കൂടി കഴിവു തെളിയിച്ച എസ്‌പിബി സിനിമയിൽ നായകർക്കായി പാടുമ്പോൾ ശബ്ദവും നടനവും തമ്മിൽ വല്ലാത്തൊരു പൊരുത്തം ആസ്വാദകർ അനുഭവിച്ചു. പാടുന്നതു എസ്പിബിയായിരിക്കണമെന്നു ചില നായക നടന്മാർ കരാറിൽ ഉൾപ്പെടുത്തുന്നിടത്തുവരെ കാര്യങ്ങളെത്തി. നടനായതു ഇക്കാര്യത്തിൽ ഏറെ സഹായിച്ചതായി എസ്പിബി തന്നെ പിന്നീട് ഓർത്തിട്ടുണ്ട്. ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയായിരുന്ന എസ്പിബിയാണ്, കമൽ ഹാസനു തെലുങ്ക് ചിത്രങ്ങളിൽ  ശബ്ദം നൽകിയിരുന്നു. 

എംജിആറിന്റെ മഹാമനസ്കത

പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും കൈവിടാത്ത വിനയമാണു എസ്പിബിയെ ആരാധകരുടെ പ്രിയപ്പെട്ടവനാക്കുന്നത്. കരിയറിന്റെ തുടക്കത്തിൽ താൻ അനുഭവിച്ച മഹാമനസ്കതകളാണു തന്റെ മാതൃകകളെന്നു എസ്പിബി ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അതിൽ തന്നെ എംജിആർ കാണിച്ച സ്നേഹത്തെയും വാൽസല്യത്തേയും കുറിച്ച് പറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുനിറയും. കരിയറിന്റെ തുടക്കത്തിലാണു സംഭവം. ട്രാക്ക് പാടിക്കഴിഞ്ഞു  റെക്കോർഡിങ്ങിനുള്ള ഒരുക്കങ്ങളെല്ലാം നടത്തിക്കഴിഞ്ഞപ്പോഴാണു എസ്പിബിക്കു അസുഖം. ഒരു മാസത്തെ വിശ്രമം വേണം. തനിക്കു വേണ്ടി ഇത്രകാലം കാത്തിരിക്കേണ്ടതില്ലെന്നും മറ്റേതെങ്കിലും ഗായകരെക്കൊണ്ട് പാടിക്കാനും എസ്പിബി അണിയറ പ്രവർത്തകരോട് പറഞ്ഞു. ട്രാക്ക് പാടിച്ച ശേഷം ഗായകനെ മാറ്റിയാൽ താൻ പാടിയതു  ഇഷ്ടമായില്ലെന്നും അതു കൊണ്ടാണു മാറ്റിയതെന്നും ആളുകൾ പറയുമെന്നായിരുന്നു എംജിആറിന്റെ മറുപടി. അതു ഭാവിയിൽ തനിക്കു ദോഷം ചെയ്യുമെന്നു സ്നേഹപൂർവ്വം ഉപദേശിച്ചു. 

എൻജിനീയറായി, സ്വന്തമായി ഡ്രൈവറും വാഹനവുമൊക്കെയുള്ള ഉദ്യോഗമായിരുന്നു ചെറുപ്പത്തിൽ തന്റെ സ്വപ്നമെന്നു എസ്പിബി പറഞ്ഞിട്ടുണ്ട്. കോടിക്കണക്കിനു മനുഷ്യരുടെ സ്വപ്നങ്ങളുടെ സ്വരമാകാനായിരുന്നു അദ്ദേഹത്തിന്റെ നിയോഗം. എൻ ശ്വാസം നിലച്ചാലും നിനൈവാലെ ഉണർത്തും ഞാനെന്നു എസ്ബിപി പാടുന്നുണ്ട്. പ്രിയ ഗായകാ, നീ മറഞ്ഞാലും നിനൈവിൽ നിറയെ നിൻ പാട്ടുകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com