ADVERTISEMENT

അന്തരിച്ച ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ഓർമകൾ പങ്കുവച്ച് മകനും ഗായകനുമായ എസ് പി ചരൺ. കഴിഞ്ഞ ദിവസം ചെന്നൈയിൽ സംഘടിപ്പിച്ച അനുശോചന സമ്മേളനത്തിൽ പങ്കെടുക്കവെയാണ് ചരൺ വിതുമ്പലോടെ പിതാവിനെക്കുറിച്ചോർത്തത്. അദ്ദേഹത്തിനു വേണ്ടി ഇത്തരമൊരു വേദിയിൽ നിൽക്കേണ്ടി വരുമെന്നോ ഇങ്ങനെ സംസാരിക്കേണ്ടി വരുമെന്നോ ഒരിക്കൽ പോലും വിചാരിച്ചിരുന്നില്ല എന്ന് വികാരാധീനനായി ചരൺ പറഞ്ഞു. 

‘അപ്പയുടെ വേർപാട് ഒരിക്കലും നികത്താൻ കഴിയാത്ത നഷ്ടമാണ്. ആ ദു:ഖത്തിൽ നിന്നും കരകയറാൻ ഞങ്ങൾ കുടുംബാംഗങ്ങൾക്ക് കുറച്ചധികം സമയം വേണം. കൂടുതൽ കരയുന്തോറും നമ്മുടെ മനസ്സ് കൂടുതൽ ശക്തമാകുമെന്ന് അപ്പയുടെ വേർപാടിലൂടെ ഞാൻ മനസ്സിലാക്കി. ഞങ്ങൾക്ക് ഈ സങ്കടങ്ങളെ അതിജീവിച്ചേ മതിയാകൂ. അതിനു വേണ്ടിയാണ് ഇപ്പോൾ ശ്രമിക്കുന്നത്. 

അപ്പയെക്കുറിച്ച് ഒരുപാട് ഓർമകൾ ഉണ്ട് എനിക്ക്. അപ്പ എപ്പോഴും സന്തോഷവാനായിരിക്കാനാണ് ആഗ്രഹിച്ചത്. ഒപ്പം കൂടെയുള്ളവരെ സന്തോഷത്തോടെയിരുത്താനും പരമാവധി ശ്രമിക്കുമായിരുന്നു. ഞങ്ങൾ മക്കൾ ചെറുതായിരുന്നപ്പോൾ ഞങ്ങൾക്കൊപ്പം വീട്ടിൽ ചിലവഴിക്കാൻ അപ്പയ്ക്ക് സമയം കിട്ടിയിട്ടേയില്ല. എന്നാൽ മുതിർന്നപ്പോൾ അദ്ദേഹത്തിനൊപ്പം ഒരുപാട് വേദികള്‍ ഞാൻ പങ്കിട്ടു. വീട്ടിലായിരിക്കുന്നതിനേക്കാൾ അദ്ദേഹം സന്തോഷിച്ചത് വേദികളിലായിരിക്കുമ്പോഴാണ്. അപ്പയ്ക്കൊപ്പമുള്ള സ്റ്റേജ് അനുഭവങ്ങൾ എനിക്ക് ഒരിക്കലും മറക്കാനാകില്ല. അപ്പ വേദികളിൽ പാടുമ്പോൾ അത് കണ്ട് ഞാനും ഏറെ സന്തോഷിച്ചിരുന്നു. 

അതുപോലെ അപ്പയ്ക്ക് ഒരുപാട് നല്ല സുഹൃത്തുക്കൾ ഉണ്ടായിരുന്നു. പ്രായഭേദമില്ലാതെ അദ്ദേഹം എല്ലാവരോടും സൗഹൃദം സ്ഥാപിക്കുമായിരുന്നു. എന്റെ സുഹൃത്തുക്കൾക്കൊപ്പം ഒരു ഫോട്ടോ എടുക്കാമോ എന്ന് അപ്പയോടു ചോദിക്കാൻ പലപ്പോഴും ഞാൻ മടിച്ചു നിന്നിട്ടുണ്ട്. അപ്പോഴൊക്കെ എന്റെ സുഹൃത്തുക്കളെ ചേർത്തു നിർത്തി വാടാ ഫോട്ടോ എടുക്കാം എന്ന് അദ്ദേഹം തന്നെ പറയുമായിരുന്നു. ഞാന്‍ എന്റെ അപ്പയ്ക്കൊപ്പം സന്തോഷവാനായിരിക്കുന്നതു പോലെ എന്റെ സുഹൃത്തുക്കളും ആ സന്തോഷം അനുഭവിച്ചിരുന്നു. അതുപോലെ ഞങ്ങൾ മക്കളെയും കൊച്ചുമക്കളെയും കുടുംബാംഗങ്ങളെയുമൊക്കെ അപ്പ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചിട്ടുണ്ട്. അതൊന്നും ഒരുകാലത്തും മറക്കാനാകില്ല. അപ്പയുടെ വേർപാട് ഏൽപിച്ച ആഘാതത്തിൽ നിന്നും മുക്തി നേടാൻ ഞങ്ങൾ ശ്രമിക്കുകയാണ്. ഒപ്പം നിന്ന് ഞങ്ങളെ ചേർത്തു പിടിക്കുന്ന എല്ലാവരോടും ഈ അവസരത്തിൽ പ്രത്യേകമായി നന്ദി അറിയിക്കുന്നു’.– എസ് പി ചരൺ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com