ADVERTISEMENT

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ തിരുവനന്തപുരത്ത് പ്രഖ്യാപിക്കുമ്പോള്‍ സംഗീതസംവിധായകന്‍ സുഷിന്‍ ശ്യാം കൊച്ചിയിലെ സ്റ്റുഡിയോയില്‍ പുതിയ ചിത്രമായ കുറുപ്പിന്റെ പണികളിലായിരുന്നു. മികച്ച സംഗീത സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ട വിവരത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ സ്വാഭാവികമായി വന്ന പ്രതികരണം ഇതായിരുന്നു- നൈസ് ഫീലിങ്! 

"വളരെ സന്തോഷം. ഇത് ഒട്ടും പ്രതീക്ഷിച്ചില്ല. യാതൊരു ഐഡിയയും ഇല്ലായിരുന്നു. അതൊരു നല്ല സമയമായിരുന്നു. ഇങ്ങനെയൊരു അംഗീകാരം കിട്ടുമ്പോള്‍ വളരെയധികം സന്തോഷം. ആ സിനിമയുടെ സമയത്ത് കുറച്ച്  സ്ട്രസ്ഫുള്‍ ആയിരുന്നു. നല്ലോണം കഷ്ടപ്പെട്ടിരുന്നു. സംസ്ഥാന പുരസ്കാരമൊന്നും ഞാനൊരിക്കലും പ്രതീക്ഷിച്ചിട്ടില്ല. കാരണം, നമുക്കൊന്നും പ്രവചിക്കാന്‍ കഴിയില്ല. നൈസ് ഫീലിങ് എന്നേ പറയാനുള്ളൂ," മനോരമ ഓണ്‍ലൈനോട് സുഷിന്‍ പറഞ്ഞു. 

മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്കാരം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികളിലൊരാളാണ് സുഷിന്‍ ശ്യാം. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലെ പാട്ടുകളാണ് സുഷിനെ ഈ നേട്ടത്തിന് അര്‍ഹനാക്കിയത്. ആ ചിത്രം ഏറെ വെല്ലുവിളി ഉയര്‍ത്തിയ സിനിമ ആയിരുന്നെന്ന് മുന്‍പ് അനുവദിച്ച അഭിമുഖത്തില്‍ സുഷിന്‍ പറഞ്ഞിരുന്നു. സുഷിന്റെ വാക്കുകള്‍- ‘കുമ്പളങ്ങി’യിലെ ലവ് ട്രാക്ക് ചെയ്യാൻ ഞാൻ ശ്രമിച്ചിട്ട് ഒരു രീതിയിലും അതു നടക്കുന്നുണ്ടായിരുന്നില്ല. ‘ഉയിരിൽ’ എന്ന ട്രാക്കിലേക്ക് എത്താൻ നാലു ട്രാക്കുകൾ എനിക്കു ചെയ്യേണ്ടി വന്നു. അവസാനം ഫഹദിക്ക എന്നെയും കൊണ്ട് ഗോവയിലേക്ക് ഒരു ഡ്രൈവ് പോയി. കൊച്ചിയിൽ നിന്ന് ബെംഗളൂരു വഴി ഗോവയിൽ പോയി നാലു ദിവസത്തിനുള്ളിൽ തിരിച്ചു വന്നു. അതോടെ ആ ട്രാക്ക് കിട്ടി."

 ‘സപ്തമശ്രീ തസ്കകരാഃ’ ആയിരുന്നു സുഷിന്റെ ആദ്യ ചിത്രം. അതിൽ പശ്ചാത്തലസംഗീതം ചെയ്തു. പാട്ടിന് ആദ്യമായി ഈണമിടുന്നത് ‘കിസ്മത്ത്’ എന്ന ചിത്രത്തിനു വേണ്ടിയാണ്. കുറുപ്പാണ് സുഷിന്റെ ഏറ്റവും പുതിയ ചിത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com