ദേവരാജന്റെയും ബാബുരാജിന്റെയും ഈണത്തിൽ പാടി, ജീവിക്കാന്‍ കാന്റീൻ ജോലി; പരിഭവമില്ലാതെ മനോഹരൻ

manoharan-baburaj-devarajan
SHARE

ദേവരാജന്‍ മാഷിന്റെയും ബാബുരാജിന്റെയും ഗാനങ്ങള്‍ സിനിമയില്‍ പാടിയ  ചിറയികീഴ് മനോഹരന്‍ എന്ന പി.കെ മനോഹരൻ ഇപ്പോൾ എവിടെയാണ്? അദ്ദേഹത്തിന്റെ ജീവിതാവസ്ഥയെന്താണ്? മനോഹരശബ്ദത്തിന് ഉടമയായിട്ടും സിനിമയിലെ വാതിലുകള്‍ ഈ ഗായകനു മുന്നിൽ തുറന്നില്ല. തിരുവനന്തപുരം തോന്നയ്ക്കലില്‍ ഒരു സ്വകാര്യ ആശുപത്രിയുടെ കാന്‍റീന്‍ നടത്തുകയാണ് അദ്ദേഹം ഇപ്പോള്‍. 

1986ൽ പുറത്തിറങ്ങിയ ‘സുരഭീയാമങ്ങള്‍’ എന്ന ചിത്രത്തിലെ ‘സ്വപ്നത്തിൽ പോലും’ എന്നു തുടങ്ങുന്ന ഗാനത്തിന് മലയാളികളുടെ ഇഷ്ടങ്ങളുടെ പട്ടികയിൽ എന്നും ഇടമുണ്ട്. എസ്. ജാനകിയും പി.കെ മനോഹരനും ചേര്‍ന്നാണ് ഗാനം ആലപിച്ചത്. പാപ്പനംകോട് ലക്ഷമണ്‍ രചിച്ച വരികൾക്ക് കണ്ണൂര്‍ രാജന്റെ സംഗീതം. അന്നത്തെ അതേ മനോഹരന്‍ ഇപ്പോൾ ചെറിയകാന്റീനിലിരുന്ന് ആ ഗാനം ഒന്നുകൂടി ഒാര്‍ത്തെടുക്കുകയാണ്. ഭാവസാന്ദ്രമായ ശബ്ദത്തിനുടമയായിട്ടും ചിറയിന്‍കീഴ് മനോഹരന്‍ എന്ന പി.കെ. മനോഹരന്റെ ജീവിതം ഇന്ന് ഇങ്ങനെയാണ്. 

സ്കൂള്‍ പഠനസമയത്തുതന്നെ നാടകസമിതികളിലെ ഗായനായിരുന്നു മനോഹരന്‍. 1965ല്‍ ആകാശവാണി സംഘടിപ്പിച്ച ലളിതസംഗീത മല്‍സരത്തില്‍ ദേശീയ പുരസ്കാരം നേടി. തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത കോളജില്‍ നിന്ന് 1972ല്‍ ഗാനഭൂഷണം ജയിച്ചു. നാടകസമിതികളില്‍ മികവുകാട്ടിയ മനോഹരന് സാക്ഷാല്‍ ദേവരാജനു നല്‍കാൻ സാഹിത്യകാരന്‍ വൈക്കം ചന്ദ്രശേഖരന്‍ നായര്‍ ഒരുകത്ത് നല്‍കി. 1973ല്‍ അതുമായി അദ്ദേഹം മദ്രാസിലേക്കു വണ്ടി കയറി. ദേവരാജൻ മാസ്റ്ററെ കണ്ടു. കത്തുനല്‍കിയപ്പോൾ കാത്തിരിക്കാന്‍ പറഞ്ഞു. ഇതിനിടെ സുഹൃത്തും പ്രേംനസീറിന്റെ സഹോദനുമായ പ്രേംനവാസ് വഴി ക്രിമിനല്‍സ് എന്ന ചിത്രത്തിൽ എം.എസ്. ബാബുരാജ് ഒരുക്കിയ ഗാനം മനഹോരന് കിട്ടി.

വൈകാതെ ദേവരാജന്‍ മാസ്റ്ററുടെ വിളിയുമെത്തി. രാജഹംസം എന്നസിനിമയില്‍ ആദ്യ മുഴുനീള മെലഡി. പിന്നീട് എന്താണെന്ന് അറിയില്ല.അവസരങ്ങള്‍ മനോഹരനെത്തേടി വരാതെയായി. പാടാന്‍ കഴിഞ്ഞില്ലെങ്കിലും സംഗീതം വിട്ടൊരുജീവിതം മനോഹരന് ചിന്തിക്കാനാകുമായിരുന്നില്ല. മദ്രാസില്‍ തന്നെ തുടര്‍ന്ന അദ്ദേഹം മീനംബാക്കത്തൊരു വീടുവച്ചു. സംഗീതസംവിധായകന്‍ ഗുണസിങിന്റെ സഹായിയായി ചേര്‍ന്നു. ഗുണസിങ്ങിന്റെ  മരണശേഷം ജോണ്‍സണ്‍ന്റെ സഹായിയായി നീണ്ട ഇരുപത്തിയെട്ടുവര്‍ഷം.  ഇതിനിടെ മദ്രാസ് ചെന്നൈയായി. ശബ്ദലേഖന സമ്പ്രദായങ്ങള്‍ മാറി. ശൈലകള്‍ മാറി. മനോഹരന്‍ പലര്‍ക്കും വേണ്ടിയും ട്രാക്ക് പാടി. 

2010ല്‍ ഫൊട്ടോഗ്രാഫര്‍ എന്ന ചിത്രത്തില്‍വരെ ജോണ്‍സണൊപ്പം പ്രവര്‍ത്തിച്ചു. കണക്കുപറഞ്ഞ് കാശു വാങ്ങുന്നയാളൊന്നുമല്ലാത്തതിനാല്‍ ചെന്നൈയില്‍ തുടരാനായില്ല. അങ്ങനെ നാട്ടിലേക്കു തിരിച്ചു. ആരെങ്കിലും അവസരങ്ങള്‍ നിഷേധിച്ചതാണോ? എന്തുകൊണ്ട് ജീവിതം ഇങ്ങനെയൊക്കെയായി എന്നൊക്കെ ചോദിച്ചാൽ ഭാഗ്യക്കേടുകൊണ്ടാണെന്നു പറയുകയാണ് മനോഹരൻ.

English Summary: life story of singer P K Manoharan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA