ADVERTISEMENT

പൃഥ്വിരാജിന്റെ പിറന്നാളിന് പാട്ടു സമ്മാനമൊരുക്കി വൈറൽ ഗായിക നഞ്ചമ്മ. ഇക്കഴിഞ്ഞ ദിവസമാണ് ഗായികയുടെ പുതിയ പാട്ട് പുറത്തിറക്കിയത്. ‘എടമുറുകണ് മദ്ദളം കൊട്ടണ്’ എന്ന തനിനാടൻ ശീലുള്ള ഗാനമാണിത്. ബിജു. കെ.ടി വരികളൊരുക്കിയ പാട്ടിന് ഈണം കൊടുത്തത് സജിത് ശങ്കർ ആണ്. ബിജുവും നഞ്ചമ്മയും ചേർന്നാണ് ഗാനം ആലപിച്ചത്. ഇരുവരും ഒരുമിച്ചുള്ള ആമുഖ സംഭാഷണത്തോടെയാണ് വിഡിയോയുടെ തുടക്കം. 

സുന്ദരവും ലളിതവുമായ രീതിയിലാണ് തനിനാടൻ ടച്ചുള്ള ഈ പാട്ടൊരുക്കിയത്. പൃഥ്വിരാജിനെ ‘രാജുവേട്ടാ’ എന്ന സ്നേഹപൂർവമുള്ള അഭിസംബോധനയും താളം മുറിയാതെയുള്ള ആലാപനവും പാട്ടിന് ഏറെ ആസ്വാദകരെ നേടിക്കൊടുത്തു. മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. ഗാനരംഗത്തിലെ നഞ്ചമ്മയുടെ നിഷ്കളങ്കമായ ചിരിയും ആസ്വാദകർക്കിടയിൽ ചർച്ചയായി. അട്ടപ്പാടിയുടെ തനത് സൗന്ദര്യക്കാഴ്ചകളും പാട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രവീൺ കുമാർ പി.കെ ആണ് ചിത്രീകരണവും എഡിറ്റിങ്ങും നിർവഹിച്ചത്. 

അന്തരിച്ച സംവിധായകൻ സച്ചിയുടെ അവസാന ചിത്രമായ അയ്യപ്പനും കോശിയിലൂടെയാണ് അട്ടപ്പാടി സ്വദേശിയായ നഞ്ചമ്മ മലയാളികൾക്കു സുപരിചിതയായത്. ചിത്രത്തിൽ നഞ്ചമ്മ തന്നെ വരികളൊരുക്കി പാടിയ ‘കലക്കാത്ത’ എന്നു തുടങ്ങുന്ന നാടൻ ശീലുള്ള ഗാനം ആസ്വാദകരുടെ എണ്ണത്തിൽ റെക്കോർഡിട്ടിരുന്നു. ജേക്സ് ബിജോയ് ആണ് പാട്ട് ചിട്ടപ്പെടുത്തിയത്. പാട്ടിന്റെ അവസാനം നഞ്ചമ്മയോട് പൃഥ്വിരാജ് ചോദിക്കുന്ന ചില ചോദ്യങ്ങളും അതിനു ഗായിക പറഞ്ഞ മറുപടിയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

ഒറ്റപ്പാട്ടിലൂടെ വൈറലായ നഞ്ചമ്മയ്ക്ക് സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരുമുണ്ട്. ഇപ്പോൾ പൃഥ്വിരാജിനായി പുറത്തിറക്കിയ ഈ പിറന്നാൾ പാട്ടും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. അട്ടപ്പാടിയുടെ പാട്ടുകളും ഒപ്പം തനത് കൃഷി രീതികൾ, ജീവിതാനുഭവങ്ങൾ, പാചക രീതികൾ, തനതു വൈദ്യം എന്നിവയൊക്കെ പരിചയപ്പെടുത്താനായി നഞ്ചമ്മ ഈയടുത്ത കാലത്ത് സ്വന്തമായി ചാനൽ തുടങ്ങിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com