ADVERTISEMENT

ലളിതഗാന മത്സരത്തില്‍ അടുത്തതായി വേദിയിലെത്തുന്നു ചെസ്റ്റ്നമ്പര്‍ 32. ജഡ്ജസ് പ്ലീസ് നോട്ട് ചെസ്റ്റ് നമ്പര്‍ 32 ഓണ്‍ സ്റ്റേജ്. ഉയര്‍ന്നു കേള്‍ക്കുന്ന ബെല്‍ ശബ്ദത്തിനേക്കാള്‍ മുഴങ്ങുന്ന നെഞ്ചിടിപ്പോടെ ടി. ബാലന്‍ എന്ന പത്തു വയസുകാരന്‍ വേദിയില്‍ നിന്നു. കര്‍ട്ടന്‍ ഉയര്‍ന്നതോടെ ബാലന്റെ തല ചുറ്റി തുടങ്ങി. നിറഞ്ഞ സദസിലെ എല്ലാ കണ്ണുകളും തന്നിലേക്കാണല്ലോ എന്ന ചിന്ത ആ കുഞ്ഞു മനസിനെ അസ്വസ്ഥമാക്കി. എങ്കിലും ധൈര്യം സംഭരിച്ച് ചെസ്്റ്റ് നമ്പര്‍ 32 പാടി തുടങ്ങി. ബ്രഹ്‌മമുഹൂര്‍ത്തം കഴിഞ്ഞു, ഉഷസിന്‍ ബ്രഹ്‌മകമലങ്ങള്‍ വിരിഞ്ഞു... എങ്ങനെയൊക്കയോ പാടി ഒപ്പിച്ച പല്ലവി കഴിഞ്ഞതോടെ അനുപല്ലവി മറന്നു. ശരീരം തളരുന്നുവെന്നു തോന്നിയതോടെ ബാലന്‍ മുഖം കുനിച്ചതും കര്‍ട്ടന്‍ വീണതും ഒന്നിച്ചായിരുന്നു. തിരികെ നടന്നു നീങ്ങുന്നതിനിടയില്‍ കേട്ട അടക്കിപ്പിടിച്ച ചിരികളും പരിഹാസങ്ങളും ഒരു വാശിയായെടുത്തു. ഞാനും ഒരിക്കല്‍ പാട്ടുകാരനാകും. ബാലന്റെ ആ തീരുമാനത്തിന് കാലവും ഒപ്പം നിന്നു. ബാലന്‍ വളര്‍ന്ന് പന്തളം ബാലനായപ്പോള്‍ വേദികള്‍ക്കത് ആവേശമായി. പതിനായിരങ്ങള്‍ ഓരോ ദിവസവും ബാലന്റെ പാട്ടു കേള്‍ക്കാന്‍ കാത്തിരുന്നു. ബാലന്‍ പാടി അവസാനിപ്പിച്ചാലും കര്‍ട്ടനിടാന്‍ സംഘാടകര്‍ മറന്നു. ഗാനമേളകളിലൂടെ മലയാളികളുടെ ശബ്ദമായി മാറിയ പാട്ടുകാരനാണ് പന്തളം ബാലന്‍.

ആഘോഷങ്ങളേതായാലും കലാപരിപാടികളില്‍ മലയാളിയുടെ ആദ്യത്തെ പേരായിരുന്നു പന്തളം ബാലന്‍. ഗാനമേളകളെ അതിന്റെ സുവര്‍ണ കാലത്തേക്കെത്തിച്ചതിലും പന്തളം ബാലന്റെ പാട്ടുകള്‍ക്ക് വലിയ സ്ഥാനമുണ്ട്. ബാലന്റെ പാട്ടുകള്‍ മലയാളിക്കത്രമേല്‍ ഹരമായിരുന്നു. വേദികളില്‍ നിന്ന് വേദികളിലേക്ക് പാടിപ്പറന്നു. എണ്ണക്കറുപ്പിന്റെ ചേലോടെ നിറഞ്ഞ ചിരിയുമായി ബാലന്‍ വേദികളില്‍  പാടി സ്വയം  മറന്നു. ദേവരാജന്‍ മാസ്റ്ററുടെയും രവീന്ദ്രന്‍ മാസ്റ്ററുടേയുമൊക്കെ പാട്ടുകള്‍ അതിന്റെ തീവ്രത ഒട്ടും ചോരാതെ ആസ്വാദകരിലേക്ക് പകരുന്നതായിരുന്നു ആ ഗാനമേളകളുടെ മുഖ്യ ആകര്‍ഷണം. ആറു ഗാനമേളകള്‍ വരെ അവതരിപ്പിച്ച ദിവസം പന്തളം ബാലനുണ്ടായിരുന്നു. സിനിമഗാനങ്ങള്‍ പാടുന്ന പാട്ടുകാരന് മാത്രമല്ല ജനപ്രീതിയെന്ന് സ്വന്തം ജീവിതത്തിലൂടെ കാട്ടി തന്ന കലാകരന്‍കൂടിയാണ് പന്തളം ബാലന്‍. എങ്കിലും അദ്ദേഹത്തിലെ പാട്ടുകാരനെ നമ്മുടെ സംഗീത സംവിധായകര്‍ വേണ്ടവിധം ഗൗനിക്കാതെ പോയി.

അധ്യാപകനായ കെ. തങ്കപ്പന്റെയും പി. എ. കമലാക്ഷിയുടെയും മൂത്ത മകനായ ബാലന്റെ ആദ്യ സംഗീത ഗുരു വെണ്‍മണി സുകുമാരന്‍ ആയിരുന്നു. സംഗീതത്തിനോടുള്ള ബാലന്റെ അടങ്ങാത്ത ആഗ്രഹം തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത കോളജിലേക്ക് എത്തിച്ചു. കോളജ് ഓഡിറ്റോറിയത്തിലും മരത്തണലിലുമൊക്കെ ഇരുന്ന് പുഴയോരഴകുള്ള പെണ്ണേ എന്ന പാട്ടു പാടുന്ന ബാലന്‍ തുടക്കം കാലം മുതല്‍ തന്നെ വിദ്യാര്‍ത്ഥികളുടെ ശ്രദ്ധാകേന്ദ്രമായി. അങ്ങനെ കോളജില്‍ സംസ്‌കാര എന്ന സംഘടനയുടെ വാര്‍ഷിക പരിപാടിയില്‍ ഓണപൂവേ ഓമല്‍പൂവേ എന്ന ഗാനം ബാലന്‍ വേദിയില്‍ ആലപിക്കുമ്പോള്‍ സംഗീത സംവിധായകന്‍ മുരളി സിത്താരയും തബലിസ്റ്റ് പ്രദീപ് കൊട്ടാരക്കരയും സദസിലുണ്ടായിരുന്നു. ബാലന്റെ പാട്ട് കേട്ട് ഇഷ്ടം തോന്നിയ അവര്‍ സിത്താര ഗാനമേള ട്രൂപ്പിലേക്ക് പാടാന്‍ ക്ഷണിച്ചു. 1986ല്‍ തിരുവനന്തപുരം സിത്താരയിലൂടെ ബാലന്‍ തന്റെ ആദ്യ ഗാനമേള അവതരിപ്പിച്ചു. അക്കാലത്ത് സിത്താരയിലെ വയലിനിസ്റ്റായിരുന്നു സംഗീത സംവിധായകന്‍ മോഹന്‍ സിത്താര. രണ്ട് ഗാനങ്ങള്‍ മാത്രം പാടാനാണ് തുടക്കക്കാരനായ ബാലന് അന്ന് അവസരം നല്‍കുന്നത്.

ദേവരാജ സവിധത്തില്‍

ദേവരാജന്‍ മാസ്റ്ററുടെ പ്രിയപ്പെട്ട ശിഷ്യന്‍മാരില്‍ ഒരാളായിരുന്നു ബാലനും. 1987ല്‍ തിരുവനന്തപുരത്ത് നടന്ന സിപിഎം പതിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി ദേവരാജന്‍ മാസറ്ററുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സംഗീത പരിപാടിയില്‍ അവസരം തേടിയാണ് ബാലന്‍ മാസ്റ്ററുടെ അടുത്തെത്തുന്നത്. ക്വയര്‍ ഗ്രൂപ്പിലെ പാട്ടുകാരനാകാനുള്ള തിരഞ്ഞെടുപ്പില്‍ പങ്കെടുത്തു. ദേവരാജന്‍ മാസ്റ്റര്‍ക്കു മുന്നില്‍ പാടാനൊരവസരം മാത്രമായിരുന്നു ബാലന്റെ മനസില്‍. പഴയ പത്തു വയസുകാരന്‍ ആദ്യമായി വേദിയില്‍ കയറിയ അതേ വികാരത്തോടെ ബാലന്‍ ദേവരാജന്‍ മാസ്റ്റര്‍ക്കു മുന്നില്‍ പാടി. പാട്ടു കേട്ടു കഴിഞ്ഞ് ദേവരാജന്‍ മാസ്റ്റര്‍ ബാലനോട് അങ്ങോട്ട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടു. എന്താണന്നറിയാതെ ബാലന്‍ മാറി നിന്നു. മാസ്റ്റര്‍ക്കെന്റെ പാട്ടിഷ്ടപ്പെട്ടോ എന്നു ചോദിക്കണമെന്ന് മനസിലുണ്ടെങ്കിലും ഭയം അനുവദിച്ചില്ല. മറ്റു ചിലരൊക്കെ പാടി പോയി കഴിഞ്ഞപ്പോള്‍ മാസ്റ്റര്‍ ബാലനെ അടുത്തേക്ക് വിളിച്ചു. നീ എന്റെ കൂടെ വാടാ എന്നു പറഞ്ഞതോടെ ബാലന് ജീവിതത്തിലെ അവിശ്വസനീയമായ നിമിഷമായി അതു മാറി. പിന്നീടങ്ങോട്ട് ദേവരാജന്‍ മാസ്റ്റര്‍ സംഘടിപ്പിക്കുന്ന പരിപാടികളിലെ പ്രധാനപ്പെട്ട പാട്ടുകാരില്‍ ഒരാളായി മാറി. ദേവരാജന്‍ മാസ്റ്ററുടെ ശിഷ്യനായി കൂടിയ ബാലനെ തന്റെ പാട്ടുകളടക്കം പഠിപ്പിച്ചു. അക്കാലത്ത് ദേവരാജന്‍ മാസ്റ്ററുടെ മറ്റൊരു ശിഷ്യനായിരുന്നു സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍. ദേവരാജന്‍ മാസ്റ്ററുടെ ശിഷ്യന്‍മാരായ പന്തളം ബാലനേയും എം. ജയചന്ദ്രനേയും പി. മാധുരി തന്റെ ഗാനമേളകളിലെയും പാട്ടുകാരാക്കി.

1989 കാലഘട്ടം. പി. എ. ബക്കര്‍ പി. കൃഷ്ണപിള്ളയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന സഖാവ് വിപ്ളവത്തിന്റെ ശുഭ്ര നക്ഷത്രം എന്ന സിനിമയുടെ കമ്പോസിങ്ങ് ദേവരാജന്‍ മാസ്റ്ററുടെ വീട്ടില്‍ നടക്കുകയാണ്. പീരപ്പന്‍കോട് മുരളിയാണ് പാട്ടുകളെഴുതുന്നത്. ഇതേ സമയം മറ്റൊരു ഭാഗത്ത് ബാലനടക്കമുള്ള പാട്ടുകാര്‍ പരിശീലനം നടത്തുകയാണ്. കമ്പോസിങ്ങ് കാണണമെന്ന ആഗ്രഹം ബാലനുണ്ടെങ്കിലൂം മാസ്റ്ററുടെ അടുത്തേക്ക് ചെല്ലാന്‍ പേടി. ഇടയ്ക്ക് കമ്പോസിങ്ങിന് കാതോര്‍ത്തിരിക്കുമ്പോഴാണ് ബാലാ എന്ന മാസ്റ്ററുടെ നീട്ടി പിടിച്ച വിളി കേള്‍ക്കുന്നത്. വിളി കേള്‍ക്കേണ്ട താമസം. മാസ്റ്ററുടെ മുന്നിലെത്തി. ഇതാണ് ആളെന്ന് മാസ്റ്റര്‍ പറഞ്ഞതോടെ ഓരോരുത്തരും ബാലനെ അടിമുടി നോക്കി. പി. ബക്കര്‍, പീരപ്പന്‍കോട് മുരളി, ഗായിക പി. മാധുരി തുടങ്ങിയവര്‍ അവിടെയുണ്ട്. എന്താണ് കാര്യമെന്നറിയാതെ പകച്ചു നിന്ന ബാലനോട് മാസ്റ്റര്‍ ഇരിക്കാന്‍ പറഞ്ഞു. തൊഴിലാളികളെ തൊഴിലാളികളെ..... മാസ്റ്റര്‍ പാടി തുടങ്ങി. ബാലന്‍ അത് പാടി അവസാനിപ്പിക്കുമ്പോഴും അറിഞ്ഞില്ല തന്നെ കാത്തിരിക്കുന്ന ആദ്യ സിനിമഗാനമാണ് അതെന്ന്. വെറുതേ മാസ്റ്ററത് പാടിച്ചതെന്നായിരുന്നു എന്റെ വിചാരം. പോകാന്‍ എഴുന്നേല്‍ക്കും മുന്‍പ് ഈ പാട്ട് സിനിമയിലും പാടാന്‍ പോകുന്നത് നീയാണെന്ന് ദേവരാജന്‍ മാസ്റ്റര്‍ പറയുമ്പോള്‍ കൈ കൂപ്പി തൊഴുതു നിന്നു. നിന്റെ തല എന്നും ഇങ്ങനെ താഴ്ന്നു നില്‍ക്കട്ടെ എന്നു പറഞ്ഞാണ് മാസ്റ്റര്‍ അന്നെന്നെ അനുഗ്രഹിച്ചത്, പന്തളം ബാലന്‍ പറയുന്നു. അങ്ങനെ ടി. ബാലനെ ദേവരാജന്‍ മാസ്റ്റര്‍ പന്തളം ബാലനാക്കി. പിന്നീട് ദേവരാജന്‍ മാസ്റ്ററുടെ സംഗീതത്തില്‍ ഗോത്രം എന്ന ചിത്രത്തിലും പന്തളം ബാലന്‍ പാടി.

ഇല്ലൊരു മലര്‍ച്ചില്ല ചേക്കേറുവാന്‍

ഇല്ല മുന്തിരിത്തോപ്പു രാപ്പാര്‍ക്കുവാന്‍

 പന്തളം ബാലന്റെ അടുത്ത ഗാനം സിനിമയിലെത്തുന്നത് 2002ലാണ്്. രവീന്ദ്രന്‍ മാഷ് സംഗീതം നല്‍കിയ എന്റെ ഹൃദയത്തിന്റെ ഉടമ എന്ന ചിത്രത്തിലെ ഈ ഗാനം എഴുതിയത് ഒ. എന്‍. വി കുറുപ്പായിരുന്നു. അടുത്ത ബന്ധുവും ഗാനരചയിതാവും രാഷ്ട്രീയ പ്രവര്‍ത്തകനുമായ പന്തളം സുധാകരനാണ് ബാലനെ രവീന്ദ്രന്‍ മാഷിന് പരിചയപ്പെടുത്തുന്നത്. ഈ ഗാനത്തിന്റെ  ട്രാക്ക് പാടാനായിരുന്നു രവീന്ദ്രന്‍ മാഷിന് അടുത്തെത്തുന്നത്. തലേന്നത്തെ ഗാനമേളയുടെ ഉറക്കച്ചുവടു മാറാതെ ബാലന്‍ പാടി, ഇല്ലൊരു മലച്ചില്ല ചേക്കേറുവാന്‍..... പാടി കഴിഞ്ഞപ്പോള്‍ ശരിയായോ എന്ന സംശയത്തോടെ നില്‍ക്കുമ്പോഴാണ് നന്നായി പാടിയല്ലോടോ എന്നു പറഞ്ഞ് രവീന്ദ്രന്‍ മാഷ് തോളത്തു തട്ടുന്നത്. സന്തോഷത്തോടെ തിരികെ പോകാന്‍ നിന്ന ബാലനോട് ഒന്നു കാത്തിരിക്കാന്‍ പറഞ്ഞു രവീന്ദ്രന്‍ മാഷ്. എന്തിനാണെന്നറിയാതെ കാത്തിരിക്കുമ്പോഴാണ് അവിടേക്ക് ചിത്രത്തിന്റെ സംവിധായകനായ ഭരത് ഗോപി എത്തുന്നത്. ട്രാക്ക് പാടിയതു കേട്ട് ഭരത് ഗോപി ഇതാരാണ് പാടിയതെന്നു തിരക്കി. ആരാണെങ്കിലും ഈ ഗാനം ഇയാള്‍ തന്നെ പാടിയാല്‍ മതിയെന്ന് ഭരത് ഗോപി തീര്‍ത്തു പറഞ്ഞതോടെ അത് ബാലനുള്ള അംഗീകാരം കൂടിയായി.

നടവഴിയും ഇടവഴിയും എവിടേയ്ക്കു പോണേ

പഴമയുടെ വഴി താണ്ടി അകലേയ്ക്കു പോണേ....

പന്തളം ബാലന്റെ പാട്ടുകളില്‍ ശ്രദ്ധിയ്ക്കപ്പെട്ട ഗാനമായിരുന്നു പകല്‍പ്പൂരത്തില്‍ രവീന്ദ്രന്‍ മാഷിന്റെ സംഗീതത്തില്‍ എസ്. രമേശന്‍ നായര്‍ എഴുതിയ നടവഴിയും ഇടവഴിയും എന്നു തുടങ്ങുന്ന ഗാനം. പാട്ട് ശ്രദ്ധിക്കപ്പെട്ടപ്പോഴും സിനിമയുടെ ടൈറ്റില്‍ കാര്‍ഡില്‍ ബാലന്റെ പേര് തെളിഞ്ഞില്ല. കാരണം ബാലന്‍ അന്വേഷിച്ചുമില്ല. രഞ്ജിനിയുടെ കാസറ്റുകളില്‍ പാടാനെത്തിയപ്പോള്‍ പന്തളം ബാലനെന്ന പേരൊരു പഴഞ്ചനാണെന്ന് പറഞ്ഞ് കമ്പനിക്കാര്‍ പേര് ബാലചന്ദ്രന്‍ എന്നാക്കി. ദേവരാജന്‍ മാസ്റ്റര്‍ സമ്മാനിച്ച പന്തളം ബാലനെന്ന പേരാണ് എനിക്കെന്നും പ്രിയപ്പെട്ടത്. എന്നെ പത്തുപേരറിഞ്ഞത് ആ പേരിലൂടെയാണ്, പന്തളം ബാലന്‍ പറയുന്നു.

പന്തളം ബാലന്റെ ഗാനമേള

ഇടവ ബഷീറും മാര്‍ക്കോസുമൊക്കെ ഗാനമേള വേദികളില്‍ നിറഞ്ഞു നില്‍ക്കുമ്പോഴാണ് 1992ല്‍ പന്തളം ബാലന്‍ സ്വന്തം ഗാനമേളയുമായി വേദികളിലെത്തുന്നത്. സിനിമകളില്‍ അവസരം കുറഞ്ഞതും ഇതിനു കാരണമായി. തിരുവനന്തപുരം വിനായക ടൂറിസ്റ്റ് ഹോമിലെ മുറിയില്‍ നിന്നായിരുന്നു ബാലന്റെ ഗാനമേളയുടെ തുടക്കം. അവിടം പ്രധാനകേന്ദ്രമാക്കി ഗാനമേളകള്‍ കണ്ടെത്തി. ഗാനമേള വേദികളില്‍ സ്ഥിരം കേള്‍ക്കുന്ന പാട്ടുകള്‍ക്ക് ഇടവേള നല്‍കി സെമി ക്ലാസിക്ക് ഗാനങ്ങളുമായാണ് ബാലന്‍ പാടി തുടങ്ങുന്നത്. നക്ഷത്ര ദീപങ്ങള്‍ തിളിങ്ങി, കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും, പ്രമദവനം തുടങ്ങിയ ഗാനങ്ങള്‍ ബാലന്‍ പാടുമ്പോഴത് ആസ്വാദകര്‍ക്ക് പുതിയ അനുഭവമായി. ബാലന്റെ പരിപാടികള്‍ക്കായി സംഘാടകര്‍ മുന്‍കൂട്ടി ബുക്ക് ചെയ്തു കാത്തിരുന്നു. ചലച്ചിത്ര പിന്നണിഗായകര്‍ക്കു കിട്ടുന്ന പിന്തുണ ബാലന്റെ ഗാനമേളക്കും കേരളം നല്‍കി. ഇതിനോടകം പതിനായിരത്തിലധികം വേദികള്‍ കടന്നു പന്തളം ബാലന്റെ ഗാനമേള.

2003ല്‍ പന്തളം ബാലന്‍ ജീവിതമാര്‍ഗം തേടി അമേരിക്കയിലേക്ക് കുടിയേറിയപ്പോഴും സംഗീതം കൈവിട്ടില്ല. അമേരിക്കയില്‍ മലയാളികളുള്ള എല്ലാ ഭാഗങ്ങളിലും ബാലന്‍ പാട്ടുകള്‍ പാടി. വിനയന്റെ സംവിധാനത്തില്‍ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തില്‍ എം. ജയചന്ദ്രന്റെ സംഗീതത്തില്‍ പാടിയ ഗാനമാണ് പന്തളം ബാലന്റേതായി ഇനി പുറത്തു വരാനുള്ളത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് മലയാളത്തിലെ ഒരു വന്‍ ചിത്രത്തില്‍ ബാലന്‍ പാട്ടു പാടുന്നത്.

English Summary: Musical journey of singer Pandalam Balan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com